| Tuesday, 2nd August 2022, 12:12 pm

മഴക്കെടുതി; സംസ്ഥാനത്ത് ഇന്ന് നാല് മരണം, കണ്ണൂരില്‍ രണ്ടര വയസുകാരിയുടെ മൃതദേഹം കണ്ടെത്തി; മലയോര മേഖല അതീവ ജാഗ്രതയില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷമാകുന്നു. തെക്കന്‍ ജില്ലകളില്‍ കനത്തമഴ തുടരുകയാണ്.

മഴക്കെടുതിയില്‍ സംസ്ഥാനത്ത് ഇന്ന് നാല് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. കണ്ണൂര്‍ പേരാവൂരില്‍ ഉരുള്‍പൊട്ടലില്‍ കാണാതായ രണ്ടര വയസുകാരിയുടെ മൃതദേഹം കണ്ടെത്തി.

നെടുംപുറംചാല്‍ സബ് സെന്ററിലെ ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്സ് നാദിറയുടെ മകള്‍ നുമ തസ്‌ലീനാണ് മരിച്ചത്. വീട്ടില്‍ നിന്നും 200 മീറ്റര്‍ അകലെ നിന്നാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.

കണ്ണൂര്‍ പൂളക്കുറ്റിയില്‍ ഉരുള്‍പൊട്ടലില്‍ കാണാതായ ആദിവാസി യുവാവിന്റെ മൃതദേഹവും ഇന്ന് കണ്ടെത്തി. പൂളക്കുറ്റി താഴെ വെള്ളറ കോളനിയിലെ രാജേഷിന്റെ മൃതദേഹമാണ് കണ്ടെത്തിയത്.

കോട്ടയം കൂട്ടിക്കലില്‍ ഇന്നലെ ഒഴുക്കില്‍പ്പെട്ട് കാണാതായ ആളുടെ മൃതദേഹം കണ്ടെത്തി. കൂട്ടിക്കല്‍ സ്വദേശി റിയാസിന്റെ മൃതദേഹമാണ് കണ്ടെത്തിയത്.

കോതമംഗലം കുട്ടമ്പുഴ ഉരുളന്‍ തണ്ണിയില്‍ വനത്തിനുള്ളില്‍ കാണാതായ പൗലോസ് എന്നയാളുടെ മൃതദേഹവും ഇന്ന് കണ്ടെത്തി.

തിങ്കളാഴ്ച സംസ്ഥാനത്ത് മഴക്കെടുതിയില്‍ ഏഴ് പേര്‍ മരിച്ചിരുന്നു. ഇതോടെ, മഴക്കെടുതിയില്‍ ആകെ മരണം 11 ആയി.

കനത്തമഴ തുടരുന്നതിനിടെ മലയോര മേഖലക്ക് അതീവ ജാഗ്രതാ നിര്‍ദേശമാണ് നല്‍കിയിട്ടുള്ളത്.

കണ്ണൂരില്‍ ഉരുള്‍പൊട്ടല്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. നാലിടത്തുണ്ടായ ഉരുള്‍പൊട്ടലില്‍ വ്യാപക നാശനഷ്ടമാണുണ്ടായത്. നെല്ലിയാമ്പതിയിലും ഉരുള്‍പൊട്ടലുണ്ടായിട്ടുണ്ട്.

ദുരന്തബാധിത പ്രദേശങ്ങളില്‍ ദുരിതാശ്വാസ ക്യാമ്പുകളും പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ട്.

പമ്പയിലും മണിമലയാറ്റിലും ജലനിരപ്പ് ഉയര്‍ന്നതിനെത്തുടര്‍ന്ന് അപ്പര്‍ കുട്ടനാട് മേഖലയില്‍ വെള്ളം കയറി. മണിമലയാര്‍ നിലവില്‍ അപകടനില കടന്ന് ഒഴുകുകയാണ്.

തെക്കന്‍ ജില്ലകളിലെ നദികളില്‍ പ്രളയസാധ്യതയുണ്ടെന്ന് കേന്ദ്ര ജലകമ്മീഷനും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
മഴ കനത്താല്‍ വാമനപുരം, കല്ലട, കരമന അച്ചന്‍കോവില്‍, പമ്പ നദികളില്‍ പ്രളയസാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.

അതേസമയം സംസ്ഥാനത്ത് പത്ത് ജില്ലകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, കോട്ടയം, ആലപ്പുഴ, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ ആണ് റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഏഴ് ഡാമുകളിലും റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കാസര്‍ഗോഡ് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്.

വരുംദിവസങ്ങളിലും ശക്തമായ മഴക്കുള്ള സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്.

Content Highlight: Four deaths reported today in Kerala due to heavy rain and landslide

We use cookies to give you the best possible experience. Learn more