| Monday, 17th March 2025, 7:35 am

ഒക്‌ലഹോമയെ വിഴുങ്ങി കാട്ടുതീ; നാല് മരണം,142 പേർക്ക് പരിക്കേറ്റു

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാഷിങ്ടൺ: ഒക്‌ലഹോമയിൽ പടർന്നുപിടിച്ച കാട്ടുതീയിൽ നാല് പേർ മരിക്കുകയും 140ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി സംസ്ഥാന മെഡിക്കൽ എക്‌സാമിനർ റിപ്പോർട്ട് ചെയ്തു. കാട്ടുതീയും ശക്തമായ കാറ്റുമാണ് മരണകാരണമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

പാവ്‌നി, ഹാസ്‌കെൽ, ലിങ്കൺ, ഗാർഫീൽഡ് കൗണ്ടി എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് മരണപ്പെട്ട നാലുപേരുമെന്ന് ഒക്‌ലഹോമ ഡിപ്പാർട്ട്‌മെന്റ് ഓഫ് എമർജൻസി മാനേജ്‌മെന്റ് ഞായറാഴ്ച രാത്രി സ്ഥിരീകരിച്ചു. പരിക്കേറ്റവരുടെ എണ്ണത്തിലും വർധനവുണ്ടായതായി അധികൃതർ അറിയിച്ചു

വെള്ളിയാഴ്ച പടർന്ന് പിടിച്ച കാട്ടുതീയിൽ കുറഞ്ഞത് 1,70,000 ഏക്കർ സ്ഥലവും 400 ൽ അധികം വീടുകളും കത്തി നശിച്ചതായി ഒക്‌ലഹോമ ഡിപ്പാർട്ട്‌മെന്റ് ഓഫ് എമർജൻസി മാനേജ്‌മെന്റ് പറഞ്ഞു.

വരണ്ട കാലാവസ്ഥയും ശക്തമായ കാറ്റും കാട്ടുതീയുടെ ആക്കം കൂട്ടുകയാണെന്നും ടെക്സസിലും ഒക്‌ലഹോമയുടെ ചില ഭാഗങ്ങളിലും കാട്ടുതീ അതിവേഗം പടരുന്നുണ്ടെന്നും അധികൃതർ കൂട്ടിച്ചേർത്തു.

തുൾസയിലെ ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം കിഴക്കൻ ഒക്‌ലഹോമയിൽ റെഡ് ഫ്ലാഗ് മുന്നറിയിപ്പ് നൽകി. കാറ്റിന്റെ ശക്തി കൂടുന്നതിനാൽ കാട്ടുതീ രാത്രി മുഴുവനും തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പറഞ്ഞു.

’60 ,70 മൈൽ സ്പീഡിൽ കാറ്റ് വീശുന്നതിനാൽ കാട്ടുതീ കൂടുതൽ വഷളാകുന്നു. കാറ്റ് കാട്ടുതീ നിയന്ത്രണവിധേയമാക്കാനുള്ള ശ്രമങ്ങളെ നിഷ്ഫലമാക്കുകയാണ്. നിലവിൽ സ്ഥിതി വഷളായിക്കൊണ്ടിരിക്കുകയാണ്,’ ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകി.

തക്കസമയത്ത് നടത്തിയ ഒഴിപ്പിക്കലും രക്ഷാപ്രവർത്തനങ്ങളും അപകടത്തിന്റെ തീവ്രത കുറച്ചതായി ഒക്‌ലഹോമ ഗവർണർ കെവിൻ സ്റ്റിറ്റ് പറഞ്ഞു.

‘രക്ഷാ പ്രവർത്തനങ്ങളും ആളുകളെ ഒഴിപ്പിക്കലും വിജയകരമായിരുന്നു. പക്ഷെ കാട്ടുതീ ഇപ്പോഴും നിയന്ത്രണവിധേയമായിട്ടില്ല. തീപിടുത്തത്തിന്റെ കാരണം ഇതുവരെയും കണ്ടെത്തിയിട്ടില്ല, ഒരുപക്ഷേ പൊട്ടിവീണ വൈദ്യുതി ലൈനുകൾ ആയിരിക്കാം. വരണ്ട കാലാവസ്ഥയും കാറ്റും തീയുടെ ആക്കം കൂട്ടുകയാണ്. വീട് നഷ്ടപ്പെട്ടവരെ സഹായിക്കാൻ റെഡ് ക്രോസും ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന സംഘടനകളും മുന്നിട്ടിറങ്ങും,’ അദ്ദേഹം പറഞ്ഞു.

ഒക്‌ലഹോമയെക്കൂടാതെ നോർമൻ, സ്റ്റിൽ വാട്ടർ, വെൽമ, എഡ്മണ്ട്, ഷാനി എന്നിവിടങ്ങളിളും തീപിടുത്തങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

Content Highlight: Four deaths after Friday’s wildfire outbreak

We use cookies to give you the best possible experience. Learn more