തുടര്‍ച്ചയായി അവധികള്‍ വരുമ്പോള്‍ എ.ടി.എമ്മുകള്‍ കാലിയാകുന്നതിനു പിന്നില്‍ സ്വകാര്യ ഏജന്‍സികളാണെന്ന് ആരോപണം
Daily News
തുടര്‍ച്ചയായി അവധികള്‍ വരുമ്പോള്‍ എ.ടി.എമ്മുകള്‍ കാലിയാകുന്നതിനു പിന്നില്‍ സ്വകാര്യ ഏജന്‍സികളാണെന്ന് ആരോപണം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 9th September 2016, 5:50 pm

ബാങ്ക് നല്‍കുന്ന പണം സ്വകാര്യ ഏജന്‍സികളാണ് എ.ടി.എമ്മുകളില്‍ നിക്ഷേപിക്കുന്നത്. ഈ പണം എ.ടി.എമ്മുകളില്‍ നിക്ഷേപിക്കാതെ തിരിമറി നടത്തുകയാണെന്ന ആരോപണമാണ് ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്നത്.


 

തിരുവനന്തപുരം: തുടര്‍ച്ചയായി ബാങ്ക് അവധികള്‍ വരുമ്പോള്‍ സംസ്ഥാനത്തെ എ.ടി.എമ്മുകളില്‍ പണമില്ലാതെ വരുന്നതിന് കാരണം സ്വകാര്യ ഏജന്‍സികളാണെന്ന് ആരോപണം.

എ.ടി.എമ്മുകളില്‍ കരാടിസ്ഥാനത്തില്‍ പണം നിക്ഷേപിക്കുന്ന ഏജന്‍സികള്‍ തിരിമറി നടത്തുന്നുവെന്ന് ബാങ്ക് എംപ്ലോയീസ് ഓഫ് ഇന്ത്യയാണ് ആക്ഷേപം ഉന്നയിച്ചിരിക്കുന്നത്.

ബാങ്ക് നല്‍കുന്ന പണം സ്വകാര്യ ഏജന്‍സികളാണ് എ.ടി.എമ്മുകളില്‍ നിക്ഷേപിക്കുന്നത്. ഈ പണം എ.ടി.എമ്മുകളില്‍ നിക്ഷേപിക്കാതെ തിരിമറി നടത്തുകയാണെന്ന ആരോപണമാണ് ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്നത്. നല്‍കുന്ന പണത്തിന് പകരം കള്ള നോട്ടുകള്‍ വെക്കുകയുമാണ് ഏജന്‍സികള്‍ ചെയ്യുന്നത്. ഇക്കാര്യത്തില്‍ സമഗ്രമായ അന്വേഷണം നടത്തണമെന്നും പുറം കരാര്‍ നിര്‍ത്തലാക്കണമെന്നുമാണ് ബാങ്ക് എംപ്ലോയീസ് ഓഫ് ഇന്ത്യയുടെ ആവശ്യം.

വരും ദിവസങ്ങളിലേക്ക് എല്ലാ ബാങ്കുകളും കൃത്യമായി എ.ടി.എമ്മുകളില്‍ പണം നിക്ഷേപിച്ചു കഴിഞ്ഞു. ക്രിയാത്മകമായ എന്ത് പരിഹാരത്തിനും ബാങ്ക് ജീവനക്കാര്‍ തയ്യാറാണ്.

അന്വേഷണത്തെ ബാങ്ക് ഉദ്യോഗസ്ഥര്‍ സ്വാഗതം ചെയ്യുന്നു. ആവശ്യമായ ബാങ്ക് ജീവനക്കാരെ നിയമിച്ചുകൊണ്ട് ഇക്കാര്യത്തില്‍ തീര്‍പ്പുണ്ടാക്കണമെന്നും ബാങ്ക് എംപ്ലോയീസ് ഓഫ് ഇന്ത്യയുടെ സംസ്ഥാന സെക്രട്ടറി എസ്.എസ് അനില്‍ പറഞ്ഞതായി മീഡിയവണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. എസ്.ബി.ടി ഒഴികെയുള്ള എല്ലാ ബാങ്കുകളുടെ എ.ടി.എമ്മുകളിലും സ്വകാര്യ ഏജന്‍സിയാണ് പണം നിറക്കുന്നത്.