കൊച്ചി: ഈ ദശാബ്ദത്തിലെ തന്റെ ആദ്യ സിനിമയില്‍ തന്നെ നേട്ടവുമായി കുതിക്കുകയാണ് മമ്മൂട്ടി. അജയ് വാസുദേവ് മമ്മൂട്ടി കൂട്ട്കെട്ടില്‍ ഇറങ്ങിയ മൂന്നാമത്തെ ചിത്രമാണ് ഷൈലോക്ക്.
മുന്‍ ചിത്രങ്ങളായ രാജാധി രാജ, മാസ്റ്റര്‍പീസ് എന്നിവയില്‍ നിന്ന് ഷൈലോക്കില്‍ എത്തുമ്പോള്‍ മാസിന് പുറമേ ആരാധകര്‍ക്ക് തുടക്കം മുതല്‍ അവസാനം വരെ ആഘോഷമാക്കാനുള്ള എല്ലാ ഘടകങ്ങളും അജയ് വാസുദേവ് ഒരുക്കിയിട്ടുണ്ട്.
ഇപ്പോഴിതാ മറ്റൊരു പ്രത്യേകതയും ചിത്രം നേടിയിരിക്കുകയാണ്. നാലു ദിവസത്തിനുള്ളില്‍ 400 അധിക ഷോകളാണ് ഷൈലോക്കിന് ഉണ്ടായത്. ആദ്യ ദിനം 110 അധിക ഷോയും രണ്ടാം ദിനം 90, മൂന്നാം ദിനം 107, നാലാം ദിനം 115 എന്നിങ്ങനെയായിരുന്നു ചിത്രത്തിന്റെ പ്രദര്‍ശനം.
ഗുഡ്വില്‍ സിനിമാസിന്റെ ബാനറില്‍ ജോബി ജോണ്‍ ഒരുക്കിയ ഈ ചിത്രത്തില്‍ മമ്മൂട്ടി, രാജ് കിരണ്‍, മീന, കലാഭവന്‍ ഷാജോണ്‍, സിദ്ദീഖ് എന്നിങ്ങനെ ഒരു നീണ്ട നിര തന്നെയുണ്ട്.ഗോപീ സുന്ദറാണ് ചിത്രത്തിന്റെ സംഗീതസംവിധാനം.
നവാഗതരായ അനീഷ് ഹമീദും ബിബിന്‍ മോഹനും ചേര്‍ന്നാണ് ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം എന്നിവ ഒരുക്കിയിരിക്കുന്നത്. ഒരു പലിശക്കാരന്റെ വേഷത്തിലാണ് മമ്മൂട്ടി ചിത്രത്തിലെത്തുന്നത്. ‘കുബേരന്‍’ എന്ന പേരില്‍ മലയാളത്തിന് പുറമെ തമിഴിലും ചിത്രം റിലീസ് ചെയ്തിട്ടുണ്ട്.