| Monday, 11th May 2020, 7:55 pm

ട്രെയിന്‍ സര്‍വ്വീസുകള്‍ വേണ്ടെന്ന് നാല് സംസ്ഥാനങ്ങള്‍ പ്രധാനമന്ത്രിയോട്; 'നിലവിലെ അവസ്ഥയെ താറുമാറാക്കും, ആര് എങ്ങോട്ട് പോകുന്നെന്ന് കണ്ടുപിടിക്കാന്‍ കഴിയില്ല'

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ചൊവ്വാഴ്ച മുതല്‍ ആരംഭിക്കാനിരിക്കുന്ന ട്രെയിന്‍ സര്‍വ്വീസുകള്‍ നടത്തരുതെന്ന് പ്രധാനമന്ത്രിയോട് നാല് സംസ്ഥാനങ്ങള്‍. ആന്ധ്രാ പ്രദേശ്, തെലങ്കാന, തമിഴ്‌നാട്, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരാണ് പ്രധാനമന്ത്രിയുടെ വീഡിയോ കോണ്‍ഫറന്‍സില്‍ ഈ ആവശ്യം മുന്നോട്ടുവെച്ചിരിക്കുന്നത്. ട്രെയിനുകളില്‍ എത്തുന്ന കൊവിഡ് രോഗികളെ തിരിച്ചറിയുന്നതിലും ഐസൊലേറ്റ് ചെയ്യുന്നതിലുമുള്ള ബുദ്ധമുട്ട് ചൂണ്ടിക്കാട്ടിയാണ് തീരുമാനത്തില്‍നിന്നും പിന്മാറാന്‍ മുഖ്യമന്ത്രിമാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

സംസ്ഥാനങ്ങളിലെ അവസ്ഥ താറുമാറുന്നതിലേക്കും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ പ്രതിസന്ധിയിലാവുന്നതും മുന്നറിയിപ്പ് നല്‍കിയാണ് ഇവരുടെ ആവശ്യം. ‘മെയ് 12 മുതല്‍ ചെന്നൈയിലേക്ക് ട്രെയിന്‍ സര്‍വ്വീസുകള്‍ നടത്തുമെന്ന വാര്‍ത്തയിലൂടെയാണ് ഞങ്ങള്‍ ഇക്കാര്യങ്ങള്‍ അറിഞ്ഞത്. ചെന്നെയില്‍ പോസിറ്റീവ് കേസുകള്‍ ഗണ്യമായി കൂടുന്ന പശ്ചാത്തലത്തില്‍, മെയ് 31 വരെ സംസ്ഥാനത്തേക്ക് ട്രെയിന്‍ സര്‍വ്വീസുകള്‍ അനുവദിക്കരുത്’, തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസാമി പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു.

കൊവിഡ് വ്യാപനത്തെ തടയുന്നത് മുന്‍നിര്‍ത്തി സംസ്ഥാനത്ത് പാസഞ്ചര് ട്രെയിനുകള്‍ അനുവദിക്കരുതെന്നാണ് തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവു ആവശ്യപ്പെട്ടിരിക്കുന്നത്. ‘ദല്‍ഹി, മുംബൈ, ചെന്നൈ എന്നീ നഗരങ്ങളിലേത് പോലെ ഇനിയും കൊവിഡ് വ്യാപനം ഉണ്ടാകാന്‍ അനുവദിക്കരുത്. ട്രെയിന്‍ സര്‍വ്വീസുകള്‍ പുനരാരംഭിച്ചാല്‍ ജനങ്ങള്‍ കൂട്ടത്തോടെ യാത്ര ചെയ്യാന്‍ തുടങ്ങും. ആര് എവിടേക്ക് പോകുന്നു എന്ന് മനസിലാക്കാന്‍ കൂടി സാധിക്കില്ല. എല്ലാവര്‍ക്കും പരിശോധന നടത്തുക എന്നതും പ്രായോഗികമല്ല. യാത്ര ചെയ്ത എല്ലാവരെയും ക്വാറന്റീനില്‍ പ്രവേശിപ്പിക്കുക എന്നതും ബുദ്ധിമുട്ടേറിയ കാര്യമാണ്’, അദ്ദേഹം വ്യക്തമാക്കി.

മാര്‍ച്ചില്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചതുമുതല്‍ രാജ്യത്തെ എല്ലാ യാത്രാ ട്രെയിന്‍ സര്‍വ്വീസുകളും നിര്‍ത്തിവെച്ചിരിക്കുകയായിരുന്നു. ചൊവ്വാഴ്ച മുതല്‍ 15 ട്രെയിന്‍ സര്‍വ്വീസുകള്‍ പുനരാരംഭിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. ദല്‍ഹിയില്‍നിന്നും പ്രമുഖ നഗരങ്ങളിലേക്കെല്ലാം സര്‍വ്വീസ് നടത്താനാണ് സര്‍ക്കാര്‍ നീക്കം.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

We use cookies to give you the best possible experience. Learn more