വെസ്റ്റ് ബാങ്കിൽ 24 മണിക്കൂറിനിടയിൽ നാല് ബാലന്മാരെ കൊലപ്പെടുത്തി ഇസ്രഈൽ സൈന്യം
തെൽ അവീവ്: 24 മണിക്കൂറിനിടയിൽ വെസ്റ്റ് ബാങ്കിലെ നാല് ഫലസ്തീനി കുട്ടികളെ ഇസ്രഈൽ സൈന്യം വെടിവെച്ച് കൊലപ്പെടുത്തിയെന്ന് ഡിഫൻസ് ഫോർ ചിൽഡ്രൻ ഇന്റർനാഷണൽ ഫലസ്തീൻ (ഡി.സി.ഐ.പി).
15നും 17നുമിടയിലുള്ള ബാലന്മാരാണ് കൊല്ലപ്പെട്ടതെന്നും സംഘടന പറഞ്ഞു.
‘വെസ്റ്റ് ബാങ്കിലുടനീളം ഇസ്രഈലി സൈന്യം ഫലസ്തീനി കുട്ടികളെ കൊലപ്പെടുത്തുകയാണ്,’ ഡി.സി.ഐ.പിയുടെ പ്രോഗ്രാം ഡയറക്ടർ ആയദ് അബു എക്തയ്ഷ് പുറത്തുവിട്ട പ്രസ്താവനയിൽ പറയുന്നു.
‘ഇസ്രഈൽ അതിക്രമണത്തെ കുറിച്ച് ഇപ്പോൾ ആരും അന്വേഷിക്കുന്നില്ല. ആയുധങ്ങളും സാമ്പത്തിക സഹായവും നയതന്ത്ര പിന്തുണയും നൽകി യുദ്ധക്കുറ്റം ചെയ്യാൻ അന്താരാഷ്ട്ര സമൂഹം ഇസ്രഈൽ സൈന്യത്തിന് അവസരം നൽകുന്നു,’ അബു എക്തയ്ഷ് കുറ്റപ്പെടുത്തി.
ഗസ മുനമ്പിലെ ഇസ്രഈൽ ആക്രമണം കഴിഞ്ഞ രണ്ടാഴ്ചയായി ലോകത്തിന്റെ ശ്രദ്ധയിലുണ്ടെങ്കിലും ഇതേ കാലയളവിൽ വെസ്റ്റ് ബാങ്കിലെ 76 ഫലസ്തീനികളെ ഇസ്രഈൽ സൈന്യം കൊലപ്പെടുത്തിയ കാര്യം മാധ്യമ ശ്രദ്ധ നേടിയിട്ടില്ലെന്ന് അൽ ജസീറ റിപ്പോർട്ട് ചെയ്തു.
വെസ്റ്റ് ബാങ്കിലെ നഗരങ്ങളിലും ഗ്രാമങ്ങളിലും സൈന്യത്തിന്റെ ആർമി റെയ്ഡുകൾ സമീപ കാലയളവിൽ വർധിച്ചതായും അൽ ജസീറ റിപ്പോർട്ട് ചെയ്യുന്നു.
ഒക്ടോബർ എഴിന് ഹമാസ് ഇസ്രഈലിനെ ആക്രമിച്ചതിനെ തുടർന്നുണ്ടായ യുദ്ധത്തിൽ ഇതുവരെ ഓരോ ദിവസവും അഞ്ച് ഫലസ്തീനികൾ വീതം വെസ്റ്റ് ബാങ്കിൽ കൊല്ലപ്പെട്ടിട്ടുണ്ടെന്ന് ഫലസ്തീൻ ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകളിൽ പറയുന്നു. കഴിഞ്ഞ രണ്ട് ദിവസങ്ങളിൽ മാത്രം നാല് കുട്ടികൾ ഉൾപ്പെടെ 12 പേരെ ഇവിടെ കൊലപ്പെടുത്തിയെന്ന് അൽ ജസീറ പറയുന്നു.
Content Highlight: Four children killed by Israel force in west bank within 24 hours