മുംബൈയിലെ ഹജ് ഹൗസിന് കീഴിലുള്ള സിവില്‍ സര്‍വീസ് കോച്ചിങ്; നാല് ഉദ്യോഗാര്‍ത്ഥികള്‍ക്ക് വിജയം
national news
മുംബൈയിലെ ഹജ് ഹൗസിന് കീഴിലുള്ള സിവില്‍ സര്‍വീസ് കോച്ചിങ്; നാല് ഉദ്യോഗാര്‍ത്ഥികള്‍ക്ക് വിജയം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 24th May 2023, 7:12 pm

മുംബൈ: ഹജ് കമ്മിറ്റി ഓഫ് ഇന്ത്യയുടെ ആസ്ഥാനമായ മുംബൈ ഹജ് ഹൗസില്‍ നടത്തുന്ന സിവില്‍ സര്‍വീസ് കോച്ചിങ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പഠിച്ച വിദ്യാര്‍ത്ഥികള്‍ക്ക് 2022ലെ യു.പി.എസ്.സി സിവില്‍ സര്‍വീസ് പരീക്ഷയില്‍ മികച്ച വിജയം.

ഹജ് ഹൗസിന് കീഴിലുള്ള കോച്ചിങ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പഠിച്ച നാല് ഉദ്യോഗാര്‍ത്ഥികള്‍ ഇത്തവണ സിവില്‍ സര്‍വീസ് പരീക്ഷയില്‍ വിജയിച്ചു. ആയിഷ ഖാസി, സായ്യിദ് എം. ഹുസൈന്‍, തസ്‌കീന്‍ ഖാന്‍, എം. ബുര്‍ഹാന്‍ സമാന്‍ എന്നിവര്‍ക്കാണ് ചൊവ്വാഴ്ച യു.പി.എസ്.സി പ്രസിദ്ധീകരിച്ച റിസള്‍ട്ടില്‍ വിജയിക്കാനായത്.

എന്നാല്‍, 2021ല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ അധ്യാപകരുടെ എണ്ണം വെട്ടിക്കുറക്കാന്‍ ഹജ് കമ്മറ്റി
തീരുമാനമെടുത്തിരുന്നു. ഇതിന് പിന്നാലെ ഈ നാല് പേരും ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് പോയിരുന്നു.

അഞ്ചാമത്തെ പരിശ്രമത്തില്‍ 70ാമത്തെ റാങ്ക് നേടിയാണ് കോമേഴ്സ് ബിരുദധാരിയായ ഹുസൈന്‍ സിവില്‍ സര്‍വീസില്‍ വിജയിച്ചത്.

സിവില്‍ സര്‍വീസ് പരിശീലനത്തിന് വേണ്ടി ഹുസൈന്‍ ആദ്യം പോയത് പൂനെയിലായിരുന്നു, പിന്നീട് ദല്‍ഹിയിലും. തുടര്‍ന്ന് കൊവിഡ് കാലത്താണ് ഹുസൈന്‍ ഹജ് ഹൗസിന് കീഴില്‍ പരിശീലനം നേടിയത്. 2021 ഫാക്വല്‍റ്റി വെട്ടിക്കുറച്ചതിന് പിന്നാലെ ഇദ്ദേഹം ജാഫര്‍ സുലൈമാന്‍ ഐ.എ.എസ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ചേര്‍ന്നാണ് പരിശീലനം നേടിയത്.

ആയിഷ ഖാസി മുംബൈ സര്‍വകലാശാലയില്‍ ഹിസ്റ്ററിയില്‍ ബിരുദം നേടിയയാളാണ്. ഇന്ത്യന്‍ ഫോറിന്‍ സര്‍വീസില്‍ ചേരാനാണ് ആയിഷയുടെ ആഗ്രഹമെന്ന് ഇന്ത്യന്‍ എക്‌സ്പ്രസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

ഉത്തര്‍പ്രദേശ് സ്വദേശിയായ തസ്‌കീന്‍ ഖാന്‍(25) ജനിച്ചതും വളര്‍ന്നതുമെല്ലാം ഡെറാഡൂണില്‍ ആയിരുന്നു. ബുര്‍ഹാന്‍ സമാന്‍ ഒരു വര്‍ഷമാണ് ഹജ് ഹൗസില്‍ പഠിച്ചത്. യു.പി.എസ്.സി കൂടാതെ 2023-ലെ പ്രിലിമിനറി പരീക്ഷക്കുള്ള തയ്യാറെടുപ്പിലാണ് ബുര്‍ഹാനിപ്പോള്‍.