ചെങ്കടലില്‍ കാണാതായ ആഢംബര ബോട്ടില്‍ നിന്ന് നാല് മൃതദേഹങ്ങള്‍ കണ്ടെത്തി
World News
ചെങ്കടലില്‍ കാണാതായ ആഢംബര ബോട്ടില്‍ നിന്ന് നാല് മൃതദേഹങ്ങള്‍ കണ്ടെത്തി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 26th November 2024, 9:37 pm

കൈറോ: മാര്‍സ ആലമിലെ പോര്‍ട്ട് ഗാലിബില്‍ നിന്ന് 31 വിനോദസഞ്ചാരികളുമായി പുറപ്പെട്ട ആഢഭര ബോട്ടില്‍ നിന്ന് കാണാതായ നാല് സഞ്ചാരികളുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു. കപ്പലില്‍ കുടുങ്ങിയ അഞ്ച് പേരെ രക്ഷപ്പെടുത്തിയതായും ദി ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്തു. ഈജിപ്ഷ്യന്‍ നാവിക സേനയാണ് ചെങ്കടലിലെ രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയത്.

സീ സ്റ്റോറി എന്ന് പേരിട്ടിരിക്കുന്ന ബോട്ട് ഞായറാഴ്ച മാര്‍സ ആലമിലെ പോര്‍ട്ട് ഗാലിബില്‍ നിന്ന് 31 വിനോദസഞ്ചാരികളും 14 ജീവനക്കാരുമായായിരുന്നു പുറപ്പെട്ടത്. വെള്ളിയാഴ്ച ഹുര്‍ഗദ മറീനയില്‍ എത്തേണ്ട ബോട്ട് തിരമാലകളില്‍പ്പെട്ട് മുങ്ങുകയായിരുന്നു.

സീ സ്റ്റോറി എന്ന് പേരിട്ടിരിക്കുന്ന നൗക തിങ്കളാഴ്ച ഉയര്‍ന്ന തിരമാലകളില്‍ പെട്ട് ഏഴ് മിനിറ്റിനുള്ളില്‍ മുങ്ങുകയായിരുന്നുവെന്ന് ചെങ്കടല്‍ ഗവര്‍ണര്‍ അംര്‍ ഹനാഫി പറഞ്ഞു.

31 വിനോദസഞ്ചാരികളും 14 ജീവനക്കാരുമായിരുന്നു ബോട്ടില്‍ ഉണ്ടായിരുന്നത്. 28 പേരെ അപകടസമയത്ത് തന്നെ രക്ഷപ്പെടുത്തിയതായി ഈജിപ്ഷ്യന്‍, ചൈനീസ് അധികൃതര്‍ അറിയിച്ചിരുന്നു.

45 പേരുമായി പോയ ഒരു സഫാരി ബോട്ട് ചെങ്കടലിലെ മാര്‍സ ആലം നഗരത്തിന്റെ വടക്കന്‍ പ്രദേശത്ത് മുങ്ങിയതായി സിന്‍ഹുവ വാര്‍ത്താ ഏജന്‍സിയാണ് റിപ്പോര്‍ട്ട് ചെയ്തത്.

സംഭവം നടന്ന പ്രദേശത്തുകൂടി കടന്നുപോയ മറ്റ് കപ്പലുകള്‍ രണ്ട് ചൈനീസ് വിനോദസഞ്ചാരികളെ രക്ഷപ്പെടുത്തിയിരുന്നു.

മരണപ്പെട്ടവര്‍ ഏത് രാജ്യക്കാരാണെന്ന് വിവരങ്ങളൊന്നും ഇതുവരെ പുറത്തുവിട്ടിട്ടില്ല. കാണാതായവരില്‍ ഈജിപ്തുകാരും വിദേശികളും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് അധികൃതര്‍ നേരത്തെ പറഞ്ഞിരുന്നു. ബ്രിട്ടീഷ് സര്‍ക്കാര്‍ ആ റിപ്പോര്‍ട്ട് സ്ഥിരീകരിച്ചിട്ടില്ലെങ്കിലും കാണാതായവരില്‍ രണ്ട് പേര്‍ യു.കെയില്‍ നിന്നുള്ളവരാണെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്തു.

കപ്പലിലുണ്ടായിരുന്ന 44 പേരില്‍ 13 പേര്‍ ഈജിപ്തുകാരും, 31 പേര്‍ യുഎസ്, ജര്‍മ്മനി, യുകെ, പോളണ്ട്, ബെല്‍ജിയം, സ്വിറ്റ്‌സര്‍ലന്‍ഡ്, ഫിന്‍ലാന്‍ഡ്, ചൈന, സ്ലൊവാക്യ, സ്‌പെയിന്‍, അയര്‍ലന്‍ഡ് എന്നിവിടങ്ങളില്‍ നിന്നുള്ള വിദേശ പൗരന്മാരുമാണ്.

Content Highlight: Four bodies found in luxury boat that went missing in Red Sea