സൗദി ദേശീയ പതാകയെ അപമാനിച്ച 4 പ്രവാസികളെ അറസ്റ്റ് ചെയ്തു
World News
സൗദി ദേശീയ പതാകയെ അപമാനിച്ച 4 പ്രവാസികളെ അറസ്റ്റ് ചെയ്തു
ഡൂള്‍ന്യൂസ് ഡെസ്‌ക്
2022 Jan 27, 04:24 pm
Thursday, 27th January 2022, 9:54 pm

റിയാദ്: രാജ്യത്തിന്റെ ദേശീയ പതാകയെ അപകീര്‍ത്തിപ്പെടുത്തിയ സംഭവത്തില്‍ നാല് പ്രവാസികളെ സൗദി അറേബ്യന്‍ പൊലീസ് അറസ്റ്റ് ചെയ്തു. ജിദ്ദയില്‍ നിന്നാണ് ഇവരെ സൗദി പൊലീസ് പിടികൂടിയത്.

പിടിയിലായ നാല് പേരും ബംഗ്ലാദേശുകാരാണെന്നാണ് റിപ്പോര്‍ട്ടുകള്‍. നിയമാനുസൃതമായ നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി മക്ക പൊലീസ് അറിയിച്ചു.

തുടര്‍ നടപടികള്‍ക്കായി നാല് പ്രതികളെയും പബ്ലിക് പ്രോസിക്യൂഷന് റഫര്‍ ചെയ്തതായും മക്ക പൊലീസിന്റെ മാധ്യമ വിഭാഗം വ്യക്തമാക്കി.

‘ദേശീയ പതാകയെ എല്ലാവരും ആദരിക്കുകയും സംരക്ഷിക്കുകയും വേണമെന്നും ഒരു തരത്തിലും അതിനെ അപകീര്‍ത്തിപ്പെടുത്താന്‍ പാടില്ല. ഇതിന് വിപരീതമായി പ്രവര്‍ത്തിക്കുന്നവരെ അറസ്റ്റ് ചെയ്ത് മറ്റ് നിയമ നടപടികള്‍ക്ക് വിധേയമാക്കും,’ സൗദി പൊലീസ് അറിയിച്ചു.

1973ല്‍ പുറപ്പെടുവിച്ച ദേശീയ പതാകയുമായി ബന്ധപ്പെട്ട നിയമങ്ങളും ഭേദഗതികളുമനുസരിച്ച്, ആരെങ്കിലും സൗദിയുടെ ദേശീയ പതാകയോ, ദേശീയ ചിഹ്നങ്ങളോ, ഏതെങ്കിലും വിധത്തില്‍ താഴെയിടുകയോ നിന്ദിക്കുകയോ അപമാനിക്കുകയോ ചെയ്താല്‍ 3000 റിയാല്‍ പിഴയും ഒരു വര്‍ഷം തടവോ അല്ലെങ്കില്‍ ഈ രണ്ട് ശിക്ഷകളില്‍ ഏതെങ്കിലും ഒന്നോ അനുഭവിക്കേണ്ടി വരും.

സൗദിയുടെ സൗഹൃദ രാജ്യങ്ങളുടെ പതാകയെ അവഹേളിച്ചാലും സമാന രീതിയിലുള്ള ശിക്ഷ ലഭിക്കും. മറ്റ് രാജ്യങ്ങളുടെ ദേശീയ ചിഹ്നങ്ങളോ ലോഗോയേയോ അവഹേളിച്ചാലും സമാന ശിക്ഷാനടപടികള്‍ അനുഭവിക്കേണ്ടി വരും.