ലഖ്‌നൗ: ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ നാല് പേര്‍ അറസ്റ്റില്‍. ഉത്തര്‍പ്രദേശ് പൊലീസുമായി സഹകരിച്ച് ഹരിയാന സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സാണ് നാല് പേരെ പിടികൂടിയത്. തുടര്‍ നടപടികള്‍ക്കായി പ്രതികളെ യു.പി പൊലീസിന് കൈമാറുമെന്ന് അംബാല എസ്.ടി.എഫ് യൂണിറ്റ് ഡി.എസ്.പി അമാന്‍ കുമാര്‍ പറഞ്ഞു. ഇവരില്‍ നിന്നും ആയുധങ്ങളൊന്നും കണ്ടെടുത്തിട്ടില്ലെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. മൂന്ന് പേര്‍ യു.പി ഷഹരണ്‍പൂര്‍ സ്വദേശികളാണെന്നും ഒരാള്‍ ഹരിയാന സ്വദേശിയാണെന്നും പൊലീസ് അറിയിച്ചു. അംബാലയില്‍ നിന്നുമാണ് പൊലീസ് ഇവരെ പിടികൂടിയത്.
കേസില്‍ നേരത്തെ യു.പി പൊലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് പ്രതികളെന്ന് സംശയിക്കുന്ന മൂന്ന് പേരെ കസ്റ്റഡിയില്‍ എടുത്തിരുന്നു. തുടര്‍ന്ന് ഇപ്പോഴാണ് നാല് പേര്‍ അറസ്റ്റിലായതായുള്ള ഔദ്യോഗിത സ്ഥിരീകരണം വരുന്നത്. ഐ.പി.സി സെക്ഷന്‍ 307 വകുപ്പുകള്‍ ചുമത്തിയായിരുന്നു പൊലീസ് പ്രതികള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്.
ജൂണ്‍ 28ന് വൈകിട്ട് ഉത്തര്‍പ്രദേശില്‍ വാഹനത്തില്‍ യാത്ര ചെയ്യുന്നതിനിടെയായിരുന്നു ചന്ദ്രശേഖര്‍ ആസാദിന് വെടിയേറ്റത്. ചന്ദ്രശേഖര്‍ ആസാദിന്റെ കാറിന് നേരെ മറ്റൊരു കാറിലെത്തിയ ആയുധധാരികളായ അക്രമി സംഘം വെടിയുതിര്‍ക്കുകയായിരുന്നു.
ആക്രമണത്തില്‍ രണ്ട് വെടിയുണ്ടകള്‍ കാറില്‍ തുളഞ്ഞ് കയറിയിരുന്നു. ഇതില്‍ ഒരു വെടിയുണ്ട ആസാദിന്റെ ഇടുപ്പിനാണ് ഏറ്റത്. വെടിവെപ്പ് നടക്കുമ്പോള്‍ അഞ്ച് പേരാണ് കാറില്‍ ഉണ്ടായിരുന്നത്.
പ്രതികളെ പിടികൂടാത്തതില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ വിമര്‍ശിച്ച് ചന്ദ്രശേഖര്‍ ആസാദ് രംഗത്ത് വന്നിരുന്നു. അക്രമികള്‍ക്ക് മുഖ്യമന്ത്രി സംരക്ഷണം ഒരുക്കുകയാണെന്ന് അദ്ദേഹം വിമര്‍ശിച്ചിരുന്നു. അക്രമികള്‍ ഇപ്പോഴും കറങ്ങി നടക്കുകയാണെന്നും അധികാരത്തിലിക്കുന്നവരുടെ സംരക്ഷണമില്ലാതെ പ്രതികള്‍ക്ക് ഇങ്ങനെ ചെയ്യാന്‍ സാധിക്കില്ലെന്നുമായിരുന്നു അദ്ദേഹം ആരോപിച്ചിരുന്നത്.
Content Highlight: Four arrested for allegedly firing at Chandra Shekhar Aazad