| Wednesday, 2nd December 2015, 12:11 pm

പെഷവാര്‍ സൈനിക സ്‌കൂള്‍ ആക്രമണം: 4 പ്രതികളുടെ വധശിക്ഷ നടപ്പിലാക്കി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഇസ്‌ലാമാബാദ്:  പെഷവാറിലെ സൈനിക സ്‌കൂളില്‍ ഭീകരാക്രമണം നടത്തിയ കേസില്‍ നാല് പ്രതികളുടെ വധശിക്ഷ പാകിസ്ഥാന്‍ നടപ്പിലാക്കി. മൗലവി അബ്ദുല്‍ സലാം, ഹസ്രത് അലി, മുജീബു റഹ്മാന്‍, സബീല്‍ എന്നിവരുടെ ശിക്ഷയാണ് ഖൈബര്‍ പഖ്തുന്‍ഖ്വയിലെ കോഹതില്‍ നടപ്പിലാക്കിയത്. സൈനിക സ്‌കൂള്‍ ആക്രമണ കേസില്‍ ആദ്യത്തെ ശിക്ഷാ നടപടിയാണ് 4 പേരുടെയും വധശിക്ഷ.

തിങ്കളാഴ്ച ഇവരുടെ വധശിക്ഷാ ഉത്തരവില്‍ പാക് പട്ടാളമേധാവി റഹീല്‍ ഷെരീഫ് ഒപ്പ് വെച്ചിരുന്നു. ഭീകരാക്രമണം നടത്തുന്നതിനായി സാമ്പത്തിക സഹായം നല്‍കിയത് ഉള്‍പ്പടെയുള്ള കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരുന്നത്.

കഴിഞ്ഞ ഡിസംബര്‍ 16 നായിരുന്നു ഭീകരര്‍ പെഷവാറിലെ സൈനിക സ്‌കൂളില്‍ ഭീകര്‍ ആക്രമണം നടത്തിയിരുന്നത്. ആക്രമണത്തില്‍ 150 നിരപരാധികളായിരുന്നു കൊല്ലപ്പെട്ടിരുന്നത്. ഇതില്‍ 140 പേരും സ്‌കൂള്‍ വിദ്യാര്‍ത്ഥികളായിരുന്നു. വടക്കന്‍ വസീറിസ്താനില്‍ പാക് സൈന്യം നടത്തിവരുന്ന ഇടപെടലുകള്‍ക്ക് പ്രതികാരമായിട്ടായിരുന്നു പാക് താലിബാന്‍ തീവ്രവാദികള്‍ സ്‌കൂളിന് നേരെ ആക്രമണം നടത്തിയിരുന്നത്.  ആക്രമണം നടത്തിയ ഏഴു പേരെ അന്ന് സൈന്യം ഏറ്റുമുട്ടലില്‍ വധിച്ചിരുന്നു.

പെഷവാര്‍ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഭീകര്‍ക്കെതിരെ കടുത്ത നടപടികളാണ് പാകിസ്ഥാന്‍ കൈക്കൊണ്ടിരുന്നത്. ഭീകര കേസുകള്‍ വിചാരണ ചെയ്യുന്നതായി ഭീകരവിരുദ്ധ കോടതിക്കും സര്‍ക്കാര്‍ രൂപം നല്‍കിയിരുന്നു.

We use cookies to give you the best possible experience. Learn more