| Monday, 16th July 2018, 4:30 pm

നരേന്ദ്രമോദിയുടെ ദുര്‍ഭരണത്തിന്റെ നാലരവര്‍ഷങ്ങള്‍

മുച്കുന്ദ് ദുബേ

മുന്‍ വിദേശകാര്യ സെക്രട്ടറിയും കൗണ്‍സില്‍ ഫോര്‍ സോഷ്യല്‍ ഡെവലപ്‌മെന്റിന്റെ പ്രസിഡന്റുമായ മുച്കുന്ദ് ദുബേ “മെയ്ന്‍സ്ട്രീം” ആഴ്ചപ്പതിപ്പില്‍ എഴുതിയ ലേഖനത്തിന്റെ ഒരു ഭാഗമാണിത്. മുതിര്‍ന്ന പത്രപ്രവര്‍ത്തകനും പ്രസാര്‍ഭാരതിയുടെ ആദ്യ ചെയര്‍മാനും മെയ്ന്‍സട്രീമിന്റെ സ്ഥാപക പത്രാധിപരും ആയിരുന്ന നിഖില്‍ ചക്രവര്‍ത്തിയുടെ 20-ാം ചരമ വാര്‍ഷികത്തിന്റെ പശ്ചാത്തലത്തിലാണ് ഈ ലേഖനം.

ന്യൂനപക്ഷങ്ങളനുഭവിക്കുന്ന അന്യത്വം

2014-ല്‍ നരേന്ദ്രമോഡിയുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍ കേന്ദ്രത്തില്‍ അധികാരത്തില്‍ വന്നതിന് ശേഷം ബഹുമുഖമായ അധ:പതനത്തില്‍ മുങ്ങിത്താഴുകയാണ് ഇന്ത്യ. ഇപ്പോഴുള്ളത് പോലെ ദേശീയ ജീവിതത്തിന്റെ മുഖ്യധാരയില്‍ നിന്നും ഇത്രമാത്രം പുറംതള്ളപ്പെട്ട, അരക്ഷിതമായ ഒരു അനുഭവം ഇതിനുമുമ്പൊരിക്കലും ന്യൂനപക്ഷ സമുദായങ്ങള്‍ക്ക്, പ്രത്യേകിച്ച മുസ്ലിങ്ങള്‍ക്ക്, ഉണ്ടായിട്ടില്ല.

ഭരിക്കുന്ന പാര്‍ട്ടിയായ ബി.ജെ.പിയും അവരുടെ രാഷ്ട്രീയ-സാംസ്‌കാരിക മാര്‍ഗ്ഗദര്‍ശികളായ ആര്‍.എസ്.എസുമായി ബന്ധപ്പെട്ട സുസംഘടിത ആള്‍ക്കൂട്ടങ്ങള്‍ ന്യൂനപക്ഷ സമുദായാംഗങ്ങളെ അപമാനിക്കുകയും ഭീതിയിലാഴ്ത്തുകയും കൊല്ലുകയും ചെയ്യുന്ന അക്രമാസക്തപാതയിലാണ്. ഗോസംരക്ഷണത്തിന്റെ മറവില്‍ കന്നുകാലികച്ചവടം നടത്തി ബീഫ് കഴിച്ചു തുടങ്ങിയ പല കാര്യങ്ങളുടെ പേരില്‍ മുസ്ലീങ്ങളെ മര്‍ദ്ദിച്ച് കൊലപ്പെടുത്തുന്നത് ഇപ്പോള്‍ വാര്‍ത്തകളായി മാറാത്ത വിധം സര്‍വ്വസാധാരണമായ കാര്യമായിരിക്കുന്നു.

സ്വന്തം മതവിശ്വാസങ്ങള്‍ ആചരിക്കുന്ന ന്യൂനപക്ഷ സമുദായാംഗങ്ങളെ പരസ്യമായി അപമാനിക്കുകയും ദേഹോപദ്രവം ചെയ്യുകയും കൊലപ്പെടുത്തുകയും ചെയ്യുന്നു. അതേസമയം ഭൂരിപക്ഷ സമുദായാംഗങ്ങള്‍ക്ക് മതാനുഷ്ഠാനങ്ങള്‍ തുടരുന്നതിന് ഒരു തടസവുമില്ല. ഒരു മുസ്ലിമും അമുസ്ലിമും തമ്മിലുള്ള സാധാരണ സ്ത്രീപുരുഷ ബന്ധത്തെ മതപരിവര്‍ത്തനമായി വക്രീകരിച്ച്, ലവ് ജിഹാദ് എന്ന് പേരിട്ട് വിളിച്ച്, നിലനില്‍ക്കുന്ന നിയമങ്ങള്‍ക്കെല്ലാം അപ്പുറത്ത് ശിക്ഷാര്‍ഹമാണ് എന്ന രീതിയില്‍ ചിത്രീകരിക്കുന്നു.

ഇന്ത്യന്‍ സമൂഹത്തില്‍ ഒരുകാലത്ത് പകര്‍ച്ച വ്യാധിപോലുണ്ടായിരുന്ന സാമുദായിക കലാപങ്ങളുടെ തുടര്‍ച്ചയായിട്ടൊന്നുമല്ല മുസ്ലിങ്ങള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ ഉണ്ടാകുന്നത്, മറിച്ച് ന്യൂനപക്ഷങ്ങളുടെ ജീവിതവും ഉപജീവനമാര്‍ഗ്ഗവും സാംസ്‌കാരിക സ്വത്വവും നശിപ്പിക്കുന്നതിനുള്ള മനപൂര്‍വ്വമായ, മുന്‍കൂര്‍ പദ്ധതിയിട്ട് തയ്യാറാക്കിയ പരിപാടികളായാണ് ഇവ നടക്കുന്നത്.

നീണ്ടു നില്‍ക്കുന്നതും ആഴമേറിയതുമായ ദാരിദ്രത്തിലേയ്ക്കും നാശത്തിലേയ്ക്കും അവരെ നയിക്കുക എന്ന ലക്ഷ്യമേ ഈ അതിക്രങ്ങള്‍ക്കുള്ളൂ. ബി.ജെ.പി എം.പിമാര്‍, എം.എല്‍.എമാര്‍, സംസ്ഥാന മന്ത്രിമാര്‍, കേന്ദ്രമന്ത്രിമാര്‍ മുതലായവര്‍ കൃത്യമായ ഇടവേളകളില്‍ വിഷലിപ്തവും പ്രകോപനപരവുമായ പ്രസ്താവനകളിലൂടെ നിയമവാഴ്ചയെ അട്ടിമറിക്കുന്ന ഈ കുറ്റകൃത്യങ്ങളെ ആളിക്കത്തിച്ചുകൊണ്ടിരിക്കുന്നു. ഇതുകൊണ്ട് മിക്കവാറും കുറ്റവാളികളും ഇതുവരെ അറസ്റ്റില്‍ നിന്നും കുറ്റകൃത്യനടപടിക്രമങ്ങളില്‍ നിന്നും ഒഴിവാക്കപ്പെടുകയാണ്. ഫലത്തില്‍ ആരും തന്നെ ഈ കുറ്റകൃത്യങ്ങളുടെ പേരില്‍ അപരാധികളായി കണ്ടെത്തപ്പെടുകയോ ശിക്ഷിക്കപ്പെടുകയോ ഇതുവരെ ചെയ്യപ്പെട്ടിട്ടില്ല.

ഈ കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്നുറപ്പാക്കാനോ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നത് തടയാനോ സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ആരും ചെറുവിരല്‍ അനക്കിയിട്ടില്ല. ഒഴിഞ്ഞുമാറുന്നതും അര്‍ത്ഥശൂന്യവുമായ പതിവ് പരാമര്‍ശങ്ങളാണ് അതിനുള്ള പ്രതികരണങ്ങളായി സര്‍ക്കാരിന്റെ ഭാഗത്തുനിന്നും വരുന്നത്.

ഞങ്ങള്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട് (രാജ്‌നാഥ് സിങ്ങ്), “ഇത് ഒറ്റപ്പെട്ട സംഭവമാണ്, ഇതിന് മറ്റേതെങ്കിലും സംഭവങ്ങളുമായി ബന്ധമില്ല” (ബി.ജെ.പി നേതാക്കളുടെ സ്ഥിരം പല്ലവി). “ആരോപണങ്ങളെല്ലാം വെറുതെയാണ്, കാരണം ഇന്ത്യാക്കാര്‍ അടിസ്ഥാനപരമായി മതേതരവാദികളാണ്” (സാമുദായികമായി മാത്രം ചിന്തിക്കുന്ന, ബുദ്ധിശൂന്യരായ, പൊങ്ങച്ചക്കാരായ ഇന്ത്യക്കാര്‍ക്ക് കേള്‍ക്കാന്‍ ഏറ്റവും ഇഷ്ടമുള്ള കാര്യം).

ഈ സാമാന്യവത്കരണം കുറ്റവാളികള്‍ക്ക് അവരുടെ കുറ്റകൃത്യങ്ങള്‍ ആവര്‍ത്തിക്കാന്‍ നല്‍കുന്ന ധൈര്യം ചില്ലറയല്ല. ന്യൂനപക്ഷങ്ങളെ ഭീതിപ്പെടുത്താനും നിയമപരിരക്ഷ നല്‍കാതെ അവരെ നിരാശരാക്കാനും അവരുടെ ഭാവി നശിക്കാനുമുള്ള വലിയ ഗൂഢാലോചനയാണ് ഇതെന്നാണ് ബി.ജെ.പി മന്ത്രിമാരുടേയും പ്രവര്‍ത്തകരുടേയും പ്രതികരണങ്ങളില്‍ നിന്നും മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ മൗനത്തില്‍ നിന്നും നമുക്ക് മനസിലാവുക. നമ്മുടെ ദേശീയ ഐക്യത്തിനും പരസ്പാരാശ്രിതത്വത്തിനും നീണ്ടുനില്‍ക്കുന്ന കനത്ത പ്രത്യാഘാതമായിരിക്കും ഇതുണ്ടാക്കുക.

സ്ഥാപനങ്ങളെ തരംതാഴ്ത്തുക

ബി.ജെ.പിക്കും ആര്‍.എസ്.എസിനും വേണ്ടി എല്ലാ അക്കാദമിക്, ഗവേഷണ സ്ഥാപനങ്ങളേയും സംസ്‌കാരിക സംഘടനകളേയും ആശയരൂപീകരണ വിദഗ്ദ്ധ സംഘങ്ങളേയും വരുതിക്കാക്കുവാന്‍ കേന്ദ്രസര്‍ക്കാര്‍ വളരെ ബോധപൂര്‍വ്വമായ മുന്‍കൂര്‍ പദ്ധതിപ്രകാരമുള്ള നയം നടപ്പാക്കുന്നുണ്ട്. ആര്‍.എസ്.എസിന്റേയും ബി.ജെ.പിയുടേയും പ്രത്യയശാസ്ത്രം നടപ്പാക്കുന്നത് വഴി അവരുടെ രാഷ്ട്രീയ താത്പര്യം നിറവേറുന്ന തരത്തില്‍ ഈ സ്ഥാപനങ്ങളുടെയെല്ലാം കര്‍മ്മപരിപാടികള്‍ മാറ്റിയെടുക്കുകയാണ് ഇതിന്റെ ലക്ഷ്യം.

ആര്‍.എസ്.എസും ബി.ജെ.പിയും നിര്‍ദ്ദേശിക്കുന്ന അല്ലെങ്കില്‍ അവരുമായി ബന്ധം പുലര്‍ത്തുന്ന ആളുകളെ കണ്ടെത്തുന്നത് വരെ വളരെ പ്രധാനപ്പെട്ട പല സ്ഥാപനങ്ങളുടേയും മേധാവികളെ നിശ്ചയിക്കാതെ ആ തസ്തികകള്‍ അസാധാരണമാം വിധം നീണ്ട കാലയളവുകളില്‍ ഒഴിച്ചിടുന്നു. ഈ സ്ഥാപനങ്ങളുടെ ഗുണനിലവാരത്തെ കുറച്ചുകൊണ്ടുവരുകയും അവയുടെ ബൗദ്ധിക നിലവാരത്തെ തരംതാഴ്ത്തുകയും ഗവേഷണ പരിപാടികളും പാഠ്യക്രമങ്ങളുമെല്ലാം അട്ടിമറിക്കുന്നതുമാണ് ഇത്. ഇവര്‍ ഈ തസ്തികളില്‍ കൊണ്ടുവന്ന് പ്രതിഷ്ഠിക്കുന്ന ധാരാളമാളുകള്‍ക്ക് അത്തരമൊരു പദവിക്ക് വേണ്ട അടിസ്ഥാനയോഗ്യതകളൊന്നുമില്ലാത്തവരുമാണ് എന്ന് ഇതിനോടകം പലപ്പോഴും ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്.

ഇത്തരത്തില്‍ പെട്ട ഇന്ത്യയിലെ പ്രധാനപ്പെട്ട മിക്കവാറും സ്ഥാപനങ്ങളെ സമീപഭാവിയില്‍ നയിക്കുന്നതും പ്രധാന തസ്തികകളിലെല്ലാം നിയമിക്കപ്പെടുന്നവരും ആര്‍.എസ്.എസ് ബി.ജെ.പി പ്രത്യയശാസ്ത്രത്തിന്റെ വക്താക്കള്‍ മാത്രമായിരിക്കും എന്നത് മാത്രമല്ല, അവര്‍ ആ പദവികളിലിരിക്കാനുള്ള യാതൊരു തരത്തിലുള്ള നൈപുണ്യവും ഇല്ലാത്തവരുമായിരിക്കും എന്നതാണ് ശരിയായ ആപത്ത്. ഇത് അല്ലെങ്കില്‍ തന്നെ അത്രയൊന്നും വിപുലമല്ലാത്ത ഇന്ത്യയുടെ ബൗദ്ധിക ശേഷിയെ അതിദാരുണമായി ഇല്ലായ്മ ചെയ്യും. വികസനത്തിന്റെ അവശ്യഘടകമായ മാനുഷിക ശേഷിയുടെ ഗുണനിലവാരത്തേയും വൈപുല്യത്തേയും ഈ നടപടിക്രമങ്ങള്‍ പ്രതികൂലമായി ബാധിക്കും.

ഇന്ത്യയുടെ ആത്മാവിന് വേണ്ടിയുള്ള യുദ്ധം

നിലവിലുള്ള ഭരണം മനപൂര്‍വ്വം ഇന്ത്യയുടെ ആത്മാവിനുവേണ്ടിയുള്ള ഒരു യുദ്ധത്തെ കെട്ടഴിച്ച് വിട്ടിട്ടുണ്ട്. ഇന്ത്യയുടെ യഥാര്‍ത്ഥ ആത്മാവിനെ ചവിട്ടിത്താഴ്ത്തി പകരം അധീശത്തിന്റേയും ഏക സംസ്‌കാരവും ഏക മതവും ദര്‍ശനമായ ഒരു ദേശത്തെ പ്രതിഷ്ഠിക്കുക എന്നതാണ് ഇതിനു പിന്നിലുള്ള ലക്ഷ്യം. കഴിഞ്ഞ രണ്ട് വര്‍ഷമായി ഇന്ത്യ എന്ന ആശയത്തെ പറ്റിയും ദേശീയതയെ പറ്റിയും ആര്‍.എസ്.എസ്/ബി.ജെ.പി സഖ്യം പലതരത്തിലുള്ള ചര്‍ച്ചകള്‍ രാജ്യത്തുടനീളം നടത്തുന്നത് നമ്മള്‍ കാണുന്നുണ്ട്.

നൂറ്റാണ്ടുകളിലൂടെ വികസിച്ച് വരികയും ഭരണഘടനയിലൂടെ മൂര്‍ത്തരൂപം കൊള്ളുകയും ആധുനിക മൂല്യങ്ങളായി സാര്‍വ്വത്രികമായി കണക്കാക്കപ്പെടുന്ന ജനാധിപത്യം, നീതി, മനുഷ്യാവകാശങ്ങള്‍, മനുഷ്യാന്തസ് എന്നിവയെ ഉള്‍ക്കൊള്ളുന്ന ദേശത്തിന്റെ മൂല്യങ്ങളെ തകിടം മറിക്കുക എന്നാണ് ഇതിന്റെ ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള ഫലം.

സര്‍ക്കാര്‍ ഈ ലക്ഷ്യം വച്ച് മുന്നേറുമ്പോള്‍ ശരിയായി ചിന്തിക്കുന്ന മനുഷ്യര്‍ രാജ്യദ്രോഹികളായി പ്രഖ്യാപിക്കപ്പെടുന്നതിന്റെ എണ്ണം കൂടി കൂടി വരുന്നുണ്ട്. പാകിസ്ഥാനെ കുറിച്ചുള്ള ഏതെങ്കിലും തരത്തിലുള്ള പുകഴ്ത്തല്‍, കാശ്മീരിലെ ഹൂറിയത്തുമായി ചര്‍ച്ച നടത്തുന്നതിനെ കുറിച്ചുള്ള എന്തെങ്കിലും നിര്‍ദ്ദേശങ്ങള്‍, കശ്മീരിലെ ഭൂരിപക്ഷമാളുകളും ഇപ്പോള്‍ സ്വാതന്ത്ര്യമാഗ്രഹിക്കുന്നുണ്ടെന്ന വിശ്വാസത്തെ ഏതെങ്കിലും തരത്തില്‍ അവതരിപ്പിക്കല്‍, മുസ്ലിം സംസ്‌കാരത്തിന്റെ വിശേഷഗുണങ്ങളെ ഏതെങ്കിലും തരത്തില്‍ പുകഴ്ത്തല്‍.. ഇതെല്ലാം രാജ്യദ്രേഹകുറ്റമായി കണക്കാക്കപ്പെടാം.

അസഹിഷ്ണുത

ഭരണകക്ഷിയുടെ ദേശീയതാത്പര്യങ്ങളും പരിപാടികളും ലോകവീക്ഷണവും അന്ധമായി പിന്‍തുണയ്ക്കാത്ത ആരും രാജ്യദ്രോഹികളാണെന്ന് മുദ്രചുമത്തപ്പെട്ട്, അവേഹളിക്കപ്പെടാനും ഒരു പക്ഷേ കൊല്ലപ്പെടാനും സാധ്യതയുള്ള തരത്തിലുള്ള വിഷമയമായ ഏകാധിപത്യത്തിനാണ് നമ്മളിന്ന് സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്നത്.

മുതിര്‍ന്ന ജേര്‍ണലിസ്റ്റ് ഗൗരിലങ്കേഷിനേയും യുക്തിവാദിയും ചിന്തകനും എഴുത്തുകാരനുമായ കല്‍ബുല്‍ഗിയേയും കൊല്ലുകയോ കൊല്ലാന്‍ വാടകക്കൊലയാളിളെ ഏര്‍പ്പാടാക്കുകയോ ചെയ്യുന്ന വിധത്തില്‍ ബി.ജെ.പി/ആര്‍.എസ്.എസ് സഖ്യത്തിന്റെ അസഹിഷ്ണുത മറ്റൊരു തലത്തിലേയ്ക്ക് എത്തിയിരിക്കുന്നുവെന്നും പറയാം. ഗൗരിലങ്കേഷിന്റെ കൊലപാതകം അന്വേഷിക്കുന്ന സര്‍ക്കാര്‍ ഏജന്‍സി കോടതിയെ അറിയിച്ച വസ്തുതയാണിത്.

കപട സംസ്‌കാരത്തിന്റെ പ്രചരണം

ഇന്ത്യയിലുണ്ടായിട്ടുള്ള പാശ്ചാത്യസംസ്‌കാരത്തിന്റെ സ്വാധീനത്തെ അപലപിക്കുന്നതിനും ആധുനിക കാലത്ത് പശ്ചാത്യനാടുകളിലുണ്ടായി വന്നിട്ടുള്ള നേട്ടങ്ങളും കണ്ടുപിടുത്തങ്ങളും പ്രാചീനകാലത്തേ ഇന്ത്യ കൈവരിച്ചിട്ടുള്ളതാണെന്ന് ചൂണ്ടിക്കാണിക്കുന്നതിനും ഉള്ള ഒരു അവസരവും ആര്‍.എസ്.എസ്/ബി.ജെ.പി സഖ്യം നഷ്ടപ്പെടുത്തിയിട്ടില്ല.

അതേസമയം വിദ്യാര്‍ത്ഥികളുടെ മാതൃഭാഷയ്ക്ക് പകരം ഇംഗ്ലീഷ് ബോധനഭാഷയായി ഉപയോഗിക്കുന്ന ഒട്ടേറെ സ്ഥാപനങ്ങള്‍ അവര്‍ നടത്തുന്നുമുണ്ട്. ഭാഷയെ കൂടി കളങ്കപ്പെടുത്തുന്നതാണ് ഇവരുടെ പരിപാടികള്‍. പ്രസംഗങ്ങളില്‍ തികച്ചും അധിക്ഷേപകരവും ദ്വയാര്‍ത്ഥങ്ങള്‍ കലര്‍ന്നതും എതിരാളികളെ നിന്ദ്യമായി പരിഹസിക്കുന്നതും അവഹേളിക്കുന്നതുമായ ഭാഷാപ്രയോഗങ്ങള്‍ നടത്തുക എന്നതും ഇപ്പോള്‍ മുതിര്‍ന്ന ബി.ജെ.പി നേതാക്കളുടെ സ്ഥിരം പ്രവര്‍ത്തിയാണ്. എന്തിന്, സര്‍ക്കാര്‍ പരിപാടികളുടെ പരസ്യങ്ങളും പ്രചരണങ്ങളും വരെ ഇത്തരത്തില്‍ അസഭ്യവും ആക്രോശിക്കുന്നതും മാര്‍ദ്ദവങ്ങളില്ലാത്തതുമാണ്.

മാധ്യമങ്ങള്‍

ദേശീയമാധ്യമങ്ങളാണ് ഇക്കാലത്ത് ഏറ്റവും അധ:പതനം നേരിട്ട സ്ഥാപനം. തൊണ്ണൂറുശതമാനത്തോളം വാര്‍ത്തകള്‍ സംശയലേശമന്യേ കളവുകളാണ്, അല്ലെങ്കില്‍ കളവാണെന്ന് അടുത്ത മണിക്കൂറിലോ ദിവസമോ തെളിയുന്നതാണ്. വ്യാജവാര്‍ത്തകളും വാര്‍ത്തകളാകേണ്ടതില്ലാത്ത സംഭവങ്ങളുടെ പെരുപ്പിക്കലുമാണ് ഇതില്‍ നിറഞ്ഞു നില്‍ക്കുന്നത്.

പത്രങ്ങളുടെ എഡിറ്റോറില്‍ പേജില്‍ വരുന്ന മിക്കവാറും അഭിപ്രായങ്ങളും ലേഖനങ്ങളും ഇതേ സ്വഭാവമുള്ളവയാണ്. അല്പായുസ് മാത്രമുള്ള വിഷയങ്ങളാണ് ഇതില്‍ നിറയുക. അവരുടെ പാണ്ഡിത്യപ്രകടനത്തിന് വേണ്ടി സങ്കീര്‍ണ്ണവും വിചിത്രവുമായ രീതിയില്‍ ലേഖനങ്ങള്‍ എഴുതുമെന്ന് മാത്രം.

‘ഹിന്ദു-മുസ്‌ലിം’ കളിക്കാതെ ഇന്ത്യക്കാര്‍ ക്രൊയേഷ്യയില്‍ നിന്ന് പാഠം പഠിക്കണം: ഹര്‍ഭജന്‍ സിങ്

രാജ്യത്തെ ഏറ്റവും നിര്‍ണ്ണായകമായ വിഷയങ്ങളായ ജനാധിപത്യം, സോഷ്യലിസം, വികസനത്തില്‍ സര്‍ക്കാരിനുള്ള പങ്ക്, ദരിദ്രജനവിഭാഗത്തിന്റെ പ്രശ്‌നങ്ങളിലുള്ള താല്‍പര്യം തുടങ്ങിയവയില്‍ സുസ്ഥിരമായ നിലപാടുകള്‍ പുലര്‍ത്തുന്ന വളരെ കുറിച്ച് മാധ്യമങ്ങളേയുള്ളൂ. ഇത്തരം കാര്യങ്ങള്‍ നന്നായി ചെയ്തിരുന്ന മാധ്യമങ്ങളില്‍ പലതുമാകട്ടെ പുതിയ കാലത്ത് കൃത്യമായ ബോധ്യം ഇല്ലാതെയാണ് പുരോഗമനപരമായ നിലപാടുകള്‍ പോലും അവതരിപ്പിക്കുന്നത്. പത്രവായനകളിലൂടെയോ ദൃശ്യമാധ്യമങ്ങള്‍ കാണുന്നതിലൂടെയോ നല്ലതോ തീയതോ വേര്‍ത്തിരിച്ചറിയാന്‍ ഇപ്പോള്‍ വളരെ പാടാണ്.

അതുപോലെ തന്നെ സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള പോരാട്ടങ്ങളോ ഭരണഘടനയുടെ അന്തസാരമോ ആയി ബന്ധപ്പെട്ടുകിടക്കുന്ന, ദീര്‍ഘദര്‍ശനം പ്രതിഫലിപ്പിക്കുന്ന ഒന്നും തന്നെ പത്രങ്ങളിലോ ചാനലുകളിലോ വരുന്നില്ല. ആഗോള സമാധാനം, സുരക്ഷ എന്നീ ആദര്‍ശങ്ങളോ ദേശീയ താത്പര്യം സംബന്ധിച്ച പരിജ്ഞാനമോ കാഴ്ചപ്പാടോ ഇല്ലാത്ത റിപ്പോര്‍ട്ടുകളും വിലയിരുത്തലുകളുമാണ് വിദേശനയം സംബന്ധിച്ചും അന്തരാഷ്ട്ര ബന്ധങ്ങളെ കുറിച്ചും കാണപ്പെടുന്നത്.

വികസന തന്ത്രം

തൊണ്ണൂറുകളുടെ ആദ്യം പൂര്‍ണ്ണതോതിലുള്ള ഉദാരവത്കരണവും ആഗോളീകരണവും ഉള്‍ക്കൊണ്ടതിന് ശേഷം ഇന്ത്യ കോര്‍പറേറ്റുകളാല്‍ നയിക്കപ്പെടുന്ന വികസനതന്ത്രത്തിലേയ്ക്ക് പൊടുന്നനെയാണ് എത്തിയത്. ഇക്കാര്യത്തില്‍ കഴിഞ്ഞ സര്‍ക്കാരിന്റെ നയം നിലവിലുള്ള സര്‍ക്കാരും വിശ്വസ്തതയോടെ പിന്തുടര്‍ന്നു. എന്നാലും പൂര്‍ണ്ണമായും സ്വകാര്യമേഖലയ്ക്ക് ഇന്ത്യന്‍ സമ്പദ്വ്യവസ്ഥ എത്രയും പെട്ടെന്ന് കൈമാറാനുള്ള ധൃതിയിലാണ് നിലവിലുള്ള സര്‍ക്കാര്‍. വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ പൊതുമേഖലാ സേവനപരിപാടികളില്‍ നിന്ന് ഭരണകൂടം പിന്‍വലിഞ്ഞുകൊണ്ടിരിക്കുകയാണ്.

സമ്പദ്‌മേഖലയെ സ്വകാര്യമേഖലക്ക് അടിയറവയ്ക്കുന്ന പദ്ധതി ഈ സര്‍ക്കാര്‍ ഇല്ലാതാക്കുമെന്നൊന്നും ആരും പ്രതീക്ഷിക്കുന്നില്ല. പക്ഷേ വിപണി ഭീമന്മാരുടെ വകതിരിവില്ലാത്തതും അതിക്രൂരവുമായ കളികളെ ഒന്നു മിതപ്പെടുത്തതിനായി, പൊതുജനങ്ങള്‍ക്ക് അവരുടെ അവകാശമെന്ന നിലയില്‍ പൊതുമുതലുകളിലും സേവനങ്ങളിലും പങ്കുണ്ടായിരിക്കുമെന്ന് ഉറപ്പുവരുത്താന്‍ കഴിഞ്ഞ സര്‍ക്കാര്‍ കൊണ്ടുവന്ന നിയമങ്ങളെയെല്ലാം കരിവാരിതേക്കുന്ന പരിപാടിയാണ് ഇപ്പോഴുള്ള സര്‍ക്കാര്‍ നടത്തുന്നത്.

പാവപ്പെട്ട മനുഷ്യര്‍ക്ക് ഭക്ഷണം യഥാര്‍ത്ഥത്തില്‍ ലഭ്യമാക്കിക്കൊണ്ട് ഭക്ഷ്യാവകാശ നിയമത്തെ പ്രായോഗികതലത്തിലെത്തിക്കാന്‍ ഈ സര്‍ക്കാര്‍ മടിക്കുകയാണ്. ഈ നിയമത്തില്‍ നടപടിയെടുക്കാന്‍ സംസ്ഥാന സര്‍ക്കാരുളോട് ആവശ്യപ്പെട്ട് കൈകഴുകുകയാണ് കേന്ദ്രം ചെയ്യുന്നത്.

ഭൂമിയേറ്റെടുക്കലും പുനരധിവാസവും സംബന്ധിച്ച ബില്ല് തിടുക്കപ്പെട്ട് തയ്യാറാക്കിയ ഒരു ഓര്‍ഡിനന്‍സ് കൊണ്ടുവന്ന് അട്ടിമറിക്കാന്‍ ശ്രമിച്ചത് പരാജയപ്പെട്ടപ്പോള്‍ നേരത്തേയുണ്ടായിരുന്ന നിയമം നടപ്പാക്കുന്നതും സംസ്ഥാന സര്‍ക്കാരുകളെ കേന്ദ്രം ഏല്‍പ്പിച്ചു. വിദ്യാഭ്യാസാവകാശ നിയമം ചെറു ശകലങ്ങളായി വെട്ടിച്ചീന്തി നേര്‍മ്മപ്പെടുത്തി അവസാനം സമഗ്ര വിദ്യാഭ്യാസ പദ്ധതി നടപ്പാക്കുക എന്ന സര്‍ക്കാര്‍ ഉത്തരവിലൂടെ അവസാനം ഇല്ലാതാക്കുകയും ചെയ്തു.

വിദേശനയം

ഇന്ത്യയുടെ വിദേശ നയത്തിന്റെ കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ രാജ്യത്തിന്റെ താല്‍പര്യത്തിന് കനത്ത ആഘാതമാണ് സൃഷ്ടിച്ചത് എന്നുമാത്രമല്ല, വിശാലമായ താല്‍പര്യങ്ങള്‍ മുന്‍നിര്‍ത്തിയുള്ള ഒരു നടപടിപോലും ഇക്കാലയളവില്‍ ഉണ്ടായിട്ടില്ല. എന്നാല്‍ സര്‍ക്കാരും അതിനെ നയിക്കുന്നവരും അവകാശപ്പെടുന്നത് ഒരു സര്‍ക്കാരും ഇതിന് മുമ്പ് വിദേശകാര്യമേഖലയില്‍ ഇത്രയധികം സജീവമായി ഇടപെടുകയും മുന്‍കൈയ്യെടുത്ത് നടപടികള്‍ ആരംഭിക്കുകയും ചെയ്തിട്ടില്ല എന്നാണ്.

വിദേശയാത്രകള്‍ നടത്തിയ കാര്യത്തിലും കരാറുകള്‍ ഒപ്പിട്ട കാര്യത്തിലും വിദേശനേതാക്കളുമായി കെട്ടിപ്പിടിച്ച കാര്യത്തിലും ചങ്ങാത്തങ്ങള്‍ കൈമാറിയ കാര്യത്തിലുമാണെങ്കില്‍ ശരിയാണ്, വളരെ മതിപ്പുളവാക്കുന്ന കാര്യങ്ങള്‍ സംഭവിച്ചിട്ടുണ്ട്. എന്തായാലും സൂക്ഷ്മമായി പരിശോധിക്കുമ്പോള്‍ വിദേശപ്രതിനിധികളും ക്ഷണിതാക്കളുമായുള്ള മിക്കവാറും കൂടിക്കാഴ്ചകളില്‍ സര്‍ക്കാരിന് എന്തെങ്കിലും ഗൗരവപൂര്‍ണ്ണമായ അജണ്ടകള്‍ ഉണ്ടായിരുന്നുവെന്ന് തോന്നുന്നില്ല. നേരത്തേയുള്ള പല്ലവികള്‍ തന്നെ പാടുക, എല്ലാവര്‍ക്കും അറിയാവുന്ന തര്‍ക്കവിഷയങ്ങള്‍ ഔപചാരികമായി ഉയര്‍ത്തുക, പാകിസ്ഥാനില്‍ നിന്നുണ്ടാകുന്ന തീവ്രവാദം അടിച്ചമര്‍ത്താന്‍ സഹായം അഭ്യര്‍ത്ഥിക്കുക എന്ന ആവര്‍ത്തന വിരസമായ കാര്യം ചെയ്യുക തുടങ്ങിയവയല്ലാതെ.

ഈ സന്ദര്‍ശനങ്ങള്‍ പ്രധാനമന്ത്രിയുടെ വ്യക്തിത്വമികവ് ഉയര്‍ത്തിക്കാണിക്കുക, അദ്ദേഹത്തിന്റെ ശബ്ദഘോഷമുണ്ടാക്കുന്ന തരത്തിലുള്ള പുതിയ പദ്ധതികള്‍ അവതരിപ്പിക്കുക എന്നിവയ്ക്ക് വേണ്ടിയാണ് പ്രധാനമായും രൂപം കൊടുത്തിട്ടുള്ളത്.

ഇന്ത്യയുടെ വിദേശതാത്പര്യങ്ങള്‍ നടപ്പാക്കാനുള്ള ഒരു അവസരവും നഷ്ടപ്പെടുത്താത്ത മഹാനായ പ്രധാനമന്ത്രി എന്ന സന്ദേശം ജനങ്ങളെ അറിയിക്കുകയാണ് ഉദ്ദേശ്യം. അതുകൊണ്ടുതന്നെ വിദേശസന്ദര്‍ശനങ്ങളെ കുറിച്ചുള്ള വാര്‍ത്തകളുടെ വിശദാശംങ്ങള്‍ അദ്ദേഹം എങ്ങനെ അവിടെ സ്വീകരിക്കപ്പെട്ടു, എന്തെല്ലാം വിനോദങ്ങളും ഭക്ഷണപാനീയങ്ങളുമാണ് ഉണ്ടായിരുന്നത് വിമാനത്താവളത്തിലും മറ്റ് ഔപചാരിക പരിപാടികളിലും ആരെല്ലാം വന്നു തുടങ്ങിയവയിലാണ് കേന്ദ്രീകരിക്കുക.

ഇത് ലോകമെമ്പാടുമുള്ള അഭയാര്‍ത്ഥികളുടെ വിജയം

ഇതെല്ലാം ഭരണപക്ഷത്തിന് തിരഞ്ഞെടുപ്പില്‍ എങ്ങനെ ഗുണം ചെയ്യും എന്നുള്ളതാണ് അവരുടെ നോട്ടം. പ്രധാനമന്ത്രിയുടെ ഈ വിദേശ ഒഡീസിയുടെ ആഭ്യന്തര താല്‍പര്യം എല്ലാവര്‍ക്കുമറിയാം. ഇന്ത്യക്കാര്‍ അത്രയധികം ഇല്ലാത്ത ജപ്പാന്‍, ഫിലിപ്പീന്‍സ് തുടങ്ങീയ രാജ്യങ്ങളില്‍ പോലും ഇന്ത്യന്‍ പ്രവാസികളുമായുള്ള കൂടിക്കാഴ്ചയില്‍ പ്രധാനമന്ത്രി സംസാരിക്കുന്നത് സര്‍ക്കാരിന്റെ നേട്ടങ്ങളെ കുറിച്ചും പ്രതിപക്ഷ നേതാക്കളുടെ ദോഷത്തെ കുറിച്ചുമാണ്. സാധാരണ വിദേശരാജ്യങ്ങളുടെ ഭരണാധികാരികളോ പ്രതിനിധികളോ ചെയ്യാത്ത കാര്യമാണത്.

അതേസമയം ഇന്ത്യ വളരെ പ്രധാനപ്പെട്ട പരമ്പരാഗതമായി വളരെ നിര്‍ണ്ണായകമായ പങ്കുവഹിച്ചിരുന്ന രണ്ട് അതിപ്രധാന മേഖലകള്‍ ഈ സര്‍ക്കാര്‍ പൂര്‍ണ്ണമായും അവഗണിക്കുകയോ ഇടപെട്ട് താറുമാറാക്കുകയോ ചെയ്തു. ഇത് അയല്‍രാജ്യങ്ങളുമായുള്ള ബന്ധവും ഇന്ത്യയുടേയും ആഗോള സമൂഹത്തിന്റേയും ഏറ്റവും മികച്ച താല്‍പര്യങ്ങള്‍ നിറവേറുന്ന തരത്തിലുള്ള ലോകക്രമം സൃഷ്ടിക്കുന്നതിനായി ഇടപെടുക എന്നിവയാണ്.

നമ്മുടെ ഏറ്റവും അടുത്ത അയല്‍ക്കാരായ പാകിസ്ഥാനെ അസ്പര്‍ശ്യരാക്കി മാറ്റാനായി ഏറ്റവും വലിയ ശ്രമമാണ് നടത്തിയത്. ക്രിക്കറ്റ് കളിക്കില്ല, പാകിസ്ഥാനുമായി വ്യാപാരമോ ഇരുഭാഗത്തെ ജനങ്ങള്‍ തമ്മില്‍ ബന്ധമോ മെച്ചപ്പെടുത്താന്‍ ഒന്നും ചെയ്യാതിരിക്കുക, സാര്‍ക് ഉച്ച കോടി പാകിസ്ഥാനില്‍ നടത്താന്‍ പാടില്ല എന്ന് പ്രഖ്യാപിക്കുക തുടങ്ങിയ കാര്യങ്ങളാണ് ഇന്ത്യ ചെയ്തത്.

അടുത്ത സാര്‍ക് ഉച്ചകോടി പാകിസ്ഥാനിലാണ് നടക്കേണ്ടത്, ന്യായപ്രകാരം അവരുടെ അവസരമാണ് അത് എന്നിരിക്കെ, അവിടെ വച്ച് സാര്‍ക് ഉച്ചകോടി നടത്താന്‍ പറ്റില്ല എന്ന് പ്രഖ്യാപിക്കുന്നത് തെക്കെന്‍ ഏഷ്യയിലെ സഹകരണപരിപാടി തടസപ്പെടുത്തുന്ന ഏക ഉത്തരവാദി ഇന്ത്യയായി മാറുകയാണ്.

പാകിസ്ഥാനെതിരെ ബോധപൂര്‍വ്വം സൃഷ്ടിച്ചെടുക്കുന്ന വെറുപ്പും ഭയപ്പാടും കൊണ്ട് ആ രാജ്യത്തെ കുറിച്ച് ഒരു നല്ലവാക്ക് പറയുന്ന ഇന്ത്യന്‍ പൗരനെ രാജ്യദ്രോഹത്തിന് കോടതികയറ്റാം എന്ന അവസ്ഥയാണ് ഉണ്ടായിട്ടുള്ളത്. അത്തരം നയം നമ്മുടെ രാജ്യത്തിന് ഒരുപകാരവും ഉണ്ടാക്കില്ല. 2014-ലെ ലോകസഭ തെരഞ്ഞെടുപ്പ് കാലത്ത് ബി.ജെ.പി പാളയത്തിലേക്ക് വന്‍തോതിലെത്തിയ ഹിന്ദുമതഭ്രാന്തരെ അവിടെത്തന്നെ നിര്‍ത്താനുള്ള അടവുമാത്രമാണിത്.

മധേശി പ്രശ്‌നത്തെ തുടര്‍ന്ന് നേപ്പാളിനെതിരെ ഇന്ത്യയെടുത്ത നടപടി ദീര്‍ഘകാലത്തേക്ക് നേപ്പാളീസ് പൊതു നിലപാടുകളെ മുഖ്യധാരയില്‍ നിന്ന് അകത്തി നിര്‍ത്തുന്നതിന് കാരണമാകും. പത്ര റിപ്പോര്‍ട്ടുകള്‍ ശരിയാണെങ്കില്‍ മാലിദ്വീപിനെതിരെ ഇന്ത്യ കൈക്കൊള്ളാന്‍ പോകുന്ന സമീപനവും ഇതേ വഴിക്കാണ്.

ബംഗ്ലാദേശുമായി മികച്ച ബന്ധമാണ് ഇന്ത്യയ്ക്കുള്ളതെന്നാണ് പൊതു ധാരണ. പൊതുജനമധ്യത്തില്‍ അഭിപ്രായവ്യത്യാസങ്ങള്‍ പുറത്തുവരാതിരിക്കാന്‍ ഇരു രാജ്യങ്ങളും നന്നായി ശ്രമിക്കുന്നുണ്ടെന്ന കാര്യം ശരിതന്നെ. പക്ഷേ നിലവില്‍ ബംഗ്ലാദേശ് ഭരിക്കുന്ന അവാമിലീഗ് സര്‍ക്കാര്‍ ഇന്ത്യയ്ക്ക് വേണ്ടി നടപ്പാക്കിയ വന്‍തോതിലുള്ള സൗജന്യങ്ങള്‍ക്ക് തത്തുല്യമായി ഇന്ത്യ ഒന്നും തന്നെ ചെയ്തിട്ടില്ല എന്ന കാര്യത്തിലുള്ള നിരാശ ബംഗ്ലാദേശിനുണ്ടെന്നത് വസ്തുതയാണ്. മാത്രമല്ല, ഇന്ത്യയില്‍ മുസ്ലീം ന്യൂനപക്ഷങ്ങള്‍ക്കു നേരെയുള്ള അതിക്രമങ്ങളിലുള്ള ആശങ്ക സ്വകാര്യമായി പല വട്ടം ബംഗ്ലാദേശ് പ്രകടിപ്പിച്ചു കഴിഞ്ഞു.

നമ്മുടെ പരിസരങ്ങളിലേക്ക് ചൈന പൂര്‍ണ്ണസന്നദ്ധതയോടെ നടത്തുന്ന മുന്നേറ്റങ്ങളില്‍ സ്വാഭാവികമായും ആശങ്കയുണ്ടാകേണ്ടതാണ്. ഈ രാജ്യങ്ങളെല്ലാമായി നമുക്ക് താരതമ്യേന മേല്‍കൈയ്യുള്ള വ്യാപാരം, അടിസ്ഥാന സൗകര്യ വികസനം, സംസ്‌കാരിക ബന്ധം തുടങ്ങിയ മേഖലകളില്‍ ആലോചിച്ചുറപ്പിച്ചതും വൈദഗ്ദ്ധ്യത്തോടെ നടപ്പിലാക്കുന്നതുമായ വികസന സഹകരണ പരിപാടികള്‍ സൃഷ്ടിക്കുക എന്നതാണ് രാജ്യത്തിന് ചെയ്യാന്‍ പറ്റുന്ന കാര്യം. എന്നാല്‍ ഇത് നടപ്പാവുന്നതേയില്ല.

ഐക്യരാഷ്ട്രസഭ അസ്ഥിവാരമിട്ടുള്ള, ബഹുസ്വരമായ ഇപ്പോഴത്തെ ലോകക്രമത്തിന് പല അപഭ്രംശങ്ങളും പില്‍ക്കാലത്ത് വന്നുചേര്‍ന്നിട്ടുണ്ട്. എന്നാല്‍ അതിനെ ശക്തിപ്പെടുത്താന്‍ എല്ലാക്കാലത്തും ഇന്ത്യ പ്രധാനപ്പെട്ട മുന്‍കൈയ്യുകളെടുത്തിട്ടുണ്ട്. ചേരിചേരാ പ്രസ്ഥാനം, ജി 77, ബ്രിക്‌സ് തുടങ്ങിയ പലവേദികളിലും ഇന്ത്യ അതിനായി ധാര്‍മ്മികവും സാമ്പത്തികമായും തങ്ങള്‍ക്കുള്ള സ്വാധീനം ഉപയോഗിച്ചിട്ടുമുണ്ട്. അമേരിക്കന്‍ പ്രസിഡന്റ് ട്രംപിന്റെ നടപടികള്‍ മുഖാത്തരം ഈ ലോകക്രമം ഇന്ന് നിലനില്‍പ്പിന് മേല്‍ ഭീഷണി നേരിടുകയാണ്.

സമീപഭാവിയില്‍ വന്നുചേരാവുന്ന ദുരന്തം തടയുന്നതിന് സമാനമനസ്‌കരായ രാജ്യങ്ങള്‍ക്കൊപ്പം സഹകരണം സൃഷ്ടിക്കുന്നതിനുള്ള ഒരു മുന്‍കൈയ്യും ഇതുവരെ മോഡി സര്‍ക്കാര്‍ കൈക്കൊണ്ടിട്ടില്ല. ഔപചാരികവും അനൗപചാരികവുമായ നൂറുകണക്കിന് ഉച്ചകോടികളില്‍ പ്രധാനമന്ത്രി പങ്കെടുത്തിട്ടുണ്ട്. ഈ ചര്‍ച്ചകളിലൊന്നും ലോകത്തിലെ കത്തിപ്പടരുന്ന ഒരു വിഷയവും ഗൗരവപൂര്‍വ്വമായ ചര്‍ച്ചയ്ക്ക് വന്നിട്ടില്ല. ഇക്കാര്യത്തില്‍ നമ്മുടെ നേതൃത്വം കാണിച്ച അലംഭാവം നമ്മുടെ വിദേശനയത്തിനെ തന്നെ അട്ടിമറിക്കുന്നതാണ്.

മുച്കുന്ദ് ദുബേ

മുന്‍ വിദേശകാര്യ സെക്രട്ടറിയും കൗണ്‍സില്‍ ഫോര്‍ സോഷ്യല്‍ ഡവലപ്മെന്റിന്റെ പ്രസിഡന്റുമാണ് മുച്കുന്ദ് ദുബേ

We use cookies to give you the best possible experience. Learn more