| Saturday, 20th June 2015, 12:42 am

മോദിയെ പ്രശംസിച്ച് നവനാസി പാര്‍ട്ടി നേതാവ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി:  നരേന്ദ്രമോദിയെപ്പോലെ ഒരു നേതാവിനെയാണ് ജര്‍മ്മനിക്ക് ആവശ്യമെന്ന് നവനാസി പാര്‍ട്ടി മുന്‍ നേതാവ്. നവനാസി പാര്‍ട്ടിയായ പെഗിഡയുടെ മുന്‍ നേതാവ് ലുസ് ബഷ്മാനാണ് മോദിയെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുന്നത്.

സ്‌ക്രോളിനു നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ അഭിപ്രായപ്രകടനം. “മോദിയെപ്പോലൊരു നേതാവിനെയാണ് ഇവിടെ ജര്‍മ്മനിക്ക് ആവശ്യം.” ബഷ്മാന്‍ പറയുന്നു.

കുടിയേറ്റ വിരുദ്ധ പ്രസ്താവനകളെയും ഹിറ്റ്‌ലറോടു സാമ്യം തോന്നുന്ന രീതിയില്‍ പോസ് ചെയ്ത ഫോട്ടോയുമായി സോഷ്യല്‍ മീഡിയകളില്‍ പ്രത്യക്ഷപ്പെട്ടതിനെയും തുടര്‍ന്ന് ബഷ്മാന്‍ പാര്‍ട്ടിയില്‍ നിന്നും പുറത്തുപോകാന്‍ നിര്‍ബന്ധിതനാവുകയായിരുന്നു.

ജര്‍മ്മനിമാത്രമല്ല യൂറോപ്പ് മുഴുവനും ആവശ്യപ്പെടുന്നത് മോദിയെപ്പോലുള്ള നേതൃത്വമാണെന്ന് പറഞ്ഞ് ബഷ്മാന്റെ സഹായി തത്ജാന ഫെസ്റ്റര്‍ലിങ്ങും രംഗത്തെത്തി. ഇസ്‌ലാമിക വത്കരണത്തിനെതിരെ ശക്തമായി നിലകൊള്ളുന്ന ധീരരായ നേതാക്കളെയാണ് തങ്ങള്‍ക്കാവശ്യമെന്നും അദ്ദേഹം പറഞ്ഞു.

ഡ്രസ്ഡണിലേക്ക് തങ്ങള്‍ മോദിയെ ക്ഷണിക്കുന്നുവെന്ന സന്ദേശം അദ്ദേഹത്തെ അറിയിക്കണമെന്നും ബഷ്മാന്‍ സ്‌ക്രോളിനോട് ആവശ്യപ്പെടുന്നു.

എന്താണ് പെഗിഡ?

ജര്‍മ്മനിയിലെ ഇസ്‌ലാമിക വിരുദ്ധ, കുടിയേറ്റ വിരുദ്ധ പാര്‍ട്ടിയാണ് പെഗിഡ. ഇതിന്റെ തലവനും സ്ഥാപക നേതാവുമാണ് ബഷ്മാന്‍. ജര്‍മ്‌നിയിലെ ഡ്രസ്ഡണ്‍ നഗരമാണ് ഇതിന്റെ ശക്തികേന്ദ്രം.

പാരീസിലെ ചാര്‍ലി ഹെബ്ദോ മാസികയ്ക്കുനേരെ ആക്രമണം ഉണ്ടായതിനു പിന്നാലെ പെഗിയയെ പിന്തുണയ്ക്കുന്ന 25,000ത്തോളം പേര്‍ അണിനിരന്ന റാലി ഡ്രസ്ഡണില്‍ നടന്നിരുന്നു. പാരീസില്‍ തീവ്രവാദി ആക്രമണത്തില്‍ കൊലചെയ്യപ്പെട്ടവര്‍ക്കുള്ള ആദരം എന്ന നിലയിലായിരുന്നു റാലി സംഘടിപ്പിച്ചത്.

We use cookies to give you the best possible experience. Learn more