| Wednesday, 18th April 2018, 10:49 am

'ഹിറ്റ്‌ലര്‍ ചെയ്തതു തന്നെയാണ് ട്രംപ് ചെയ്യുന്നത്', നാസി പ്രചരണ തന്ത്രത്തെ പുകഴ്ത്തി കേംബ്രിഡ്ജ് അനലിറ്റിക്ക

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാഷിങ്ടണ്‍: ഹിറ്റ്‌ലര്‍ ചെയ്തതു തന്നെയാണ് ട്രംപ് ചെയ്യുന്നതെന്ന് നാസി പ്രചരണ തന്ത്രത്തെ പുകഴ്ത്തി കേംബ്രിഡ്ജ് അനലിറ്റിക്ക-എസ്.ജി.എല്‍ ഗ്രൂപ്പ് തലവന്‍ നിഗെല്‍ ഓകസ്. ഫേസ്ബുക്ക് ഉപഭോക്താക്കളുടെ വ്യക്തിവിവരങ്ങള്‍ ചോര്‍ത്തി യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ട്രംപിന്റെ കാംപെയ്‌നില്‍ ഉപയോഗിച്ചെന്ന കുറ്റത്തെ തുടന്ന് നടന്ന അഭിമുഖങ്ങളിലാണ് ഓകസിന്റെ നാസി അനുകൂല പ്രസ്താവനകള്‍. വ്യാജ വാര്‍ത്തകളെ കുറിച്ച് അന്വേഷണം നടത്തുന്ന പാര്‍ലിമെന്ററി കമ്മിറ്റിയാണ് അഭിമുഖങ്ങളിലെ വിവരങ്ങള്‍ പുറത്തുവിട്ടത്.

ന്യൂനപക്ഷങ്ങളെ ലക്ഷ്യം വച്ച് ആക്രമിക്കുന്നതിലൂടെ ഒരു പ്രത്യേക സ്ഥാനാര്‍ഥിക്ക് വോട്ടു ചെയ്യുവാന്‍ എങ്ങിനെയാണ് വോട്ടര്‍മാരെ സജ്ജമാക്കുന്നത് എന്നും അഭിമുഖത്തില്‍ ഓകസ് വിശദീകരിച്ചു. ഈ തന്ത്രത്തിന് ഉദാഹരണമായാണ് അദ്ദേഹം ജൂതര്‍ക്കു നേരെ കടുത്ത അക്രമം നടത്തിയ ഹിറ്റ്‌ലറെക്കുറിച്ച് സംസാരിച്ചത്. “ഹിറ്റ്‌ലര്‍ക്ക് ജുതന്മാരോട് ഒരു പ്രശ്‌നവുമില്ലായിരുന്നു, എന്നാല്‍ ജനങ്ങള്‍ക്ക് ജൂതന്മാരെ ഇഷ്ടമായിരുന്നില്ല… അതുകൊണ്ട് അദ്ദേഹം ആ കൃത്രിമ ശത്രുത ഉപയോഗപ്പെടുത്തി”, ഓകസ് പറഞ്ഞു. “ഇതുതന്നെയാണ് ട്രംപ് ചെയ്തതും. അദ്ദേഹം മുസ്‌ലീം ശത്രുത ഉപയോഗപ്പെടുത്തി… ഇസ്ലാമിക് സ്റ്റേറ്റ് ഒരു യാഥാര്‍ഥ്യമാണെങ്കിലും അമേരിക്കക്ക് അതത്ര വലിയ ഭീഷണിയാണോ?” അദ്ദേഹം ചോദിച്ചു.


Also Read: ഇതാണ് കട്ട ഹീറോയിസം; കഠ്‌വ അഭിഭാഷകയെ അഭിനന്ദനങ്ങള്‍ കൊണ്ട് മൂടി സോഷ്യല്‍ മീഡിയ


ബ്രെക്‌സിറ്റ് അനുകൂല സംഘടനയായ ലീവ്.ഇയു നേതാവ് ആന്‍ഡി വിഗ്മോറും മറ്റൊരു അഭിമുഖത്തില്‍ നാസി പ്രചരണ തന്ത്രത്തെ പ്രശംസിച്ചിരുന്നു. “ഉദാഹരണത്തിന്, ഭയപ്പെടുത്തുന്ന ആക്രമണങ്ങളെ മാറ്റിനിറുത്തിയാല്‍, നാസികളുടെ പ്രചരണ തന്ത്രം വളരെ മികവുറ്റതായിരുന്നു. തീരുമാനങ്ങളെ കൃത്യമായി നടപ്പാക്കാന്‍ അവര്‍ക്ക് സാധിച്ചിട്ടുണ്ട്”, അദ്ദേഹം പ്രതികരിച്ചു. കേംബ്രിഡ്ജ് അനലിറ്റിക്ക ലീവ്.ഇയുവുമായി ചേര്‍ന്ന് ബ്രെക്‌സിറ്റിനായി പ്രവര്‍ത്തിച്ചതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

അതേസമയം, വിഗ്മോറിന്റേയും ഓകസിന്റേയും അഭിമുഖം നടത്തിയ ബ്രിയന്റ് “ഈ അഭിപ്രായങ്ങള്‍ ഞെട്ടിക്കുന്നതാണെന്ന്” പ്രതികരിച്ചു.
“എന്റെ അഭിമുഖങ്ങളില്‍ ഞാന്‍ നാസികളെ വളരാനനുവദിക്കില്ല”, അവര്‍ കൂട്ടിച്ചേര്‍ത്തു.

ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലെ തെരഞ്ഞെടുപ്പ് ഫലങ്ങളെ സ്വാധീനിക്കാന്‍ വ്യക്തി വിവരങ്ങള്‍ ചോര്‍ത്തിയതുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്ക് പിന്നാലെയാണ് പുതിയ സംഭവം.


Watch DoolNews Video:

We use cookies to give you the best possible experience. Learn more