| Monday, 5th July 2021, 11:35 am

മുകേഷിനെ ഫോണില്‍ വിളിച്ച കുട്ടിയെ കണ്ടെത്തി; വിളിച്ചത് സുഹൃത്തിന്റെ ഓണ്‍ലൈന്‍ പഠനത്തിന് സഹായം അഭ്യര്‍ത്ഥിച്ച്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഒറ്റപ്പാലം: സഹായം അഭ്യര്‍ത്ഥിച്ച് മുകേഷ് എം.എല്‍.എയെ ഫോണില്‍ വിളിച്ച കുട്ടിയെ തിരിച്ചറിഞ്ഞു. ഒറ്റപ്പാലം മീറ്റ്‌ന സ്വദേശിയായ പത്താം ക്ലാസുകാരനാണ് മുകേഷിനെ വിളിച്ചത്.

സുഹൃത്തിന്റെ ഓണ്‍ലൈന്‍ പഠനത്തിന് സഹായം അഭ്യര്‍ത്ഥിച്ചാണ് എം.എല്‍.എയെ കുട്ടി വിളിച്ചതെന്നാണ് ബന്ധുക്കള്‍ പറഞ്ഞത്.

കുട്ടിയുടെ വീട്ടുകാരും സി.പി.ഐ.എം. അനുഭാവികളാണ്. വിളിച്ച കുട്ടി ബാലസംഘം നേതാവാണെന്നും ഏഷ്യാനെറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. പ്രശ്‌നം പരിഹരിച്ചെന്ന് ഒറ്റപ്പാലം മുന്‍ എം.എല്‍.എ. ഹംസ വിഷയത്തില്‍ പ്രതികരിച്ചുകൊണ്ട് വ്യക്തമാക്കി.

നടന്‍ കൂടി ആയതിനാല്‍ ആവശ്യം പെട്ടെന്ന് നടക്കുമെന്ന് കരുതിയാണ് വിളിച്ചതെന്നും എന്നാല്‍ കുട്ടി വിളിച്ച കാര്യം തങ്ങള്‍ അറിഞ്ഞിട്ടില്ലെന്നും കുട്ടിയുടെ പിതാവ് പറഞ്ഞു.

ഞായറാഴ്ച രാവിലെ മുതലാണ് മുകേഷ് എം.എല്‍.എയെ വിളിച്ച് സംസാരിക്കുന്ന കുട്ടിയുടെ ഓഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചു തുടങ്ങിയത്. ഫോണ്‍ സംഭാഷണം പ്രചരിച്ചതോടെ
മുകേഷിനെ വിളിച്ച കുട്ടിയെ കണ്ടെത്താന്‍ സ്‌പെഷ്യല്‍ ബ്രാഞ്ച് അന്വേഷണം ആരംഭിച്ചിരുന്നു. യൂത്ത് കോണ്‍ഗ്രസ് അടക്കം വിവിധ രാഷ്ട്രീയപാര്‍ട്ടികളും കുട്ടിയെ കണ്ടെത്താനുള്ള ശ്രമം നടത്തിയിരുന്നു.

പാലക്കാട്ടു നിന്നാണെന്നും പത്താംക്ലാസുകാരനാണെന്നും പറഞ്ഞാണ് കുട്ടി മുകേഷിനോട് സംസാരിച്ചത്. ആറു പ്രാവശ്യമൊക്കെ വിളിച്ചതെന്തിനാണ് എന്നാണ് മുകേഷ് തിരിച്ചു ചോദിക്കുന്നത്. ഒരു മീറ്റിംഗില്‍ ആണെന്ന് പറഞ്ഞിട്ടും തന്നെ വിളിച്ചതെന്തിനാണെന്നും മുകേഷ് ചോദിക്കുന്നുണ്ട്.

ഒരു അത്യാവശ്യകാര്യത്തിനാണെന്ന് പറഞ്ഞപ്പോള്‍ അത് പാലക്കാട് എം.എല്‍.എയോട് അല്ലേ പറയേണ്ടതെന്നായിരുന്നു മുകേഷ് ചോദിച്ചത്.

എന്ത് അത്യാവശ്യമെന്ന് പറഞ്ഞാലും അവിടെ പറഞ്ഞാല്‍ മതിയല്ലോ, എന്തിനാണ് തന്നെ വിളിച്ചതെന്നും മുകേഷ് ചോദിക്കുന്നുണ്ട്.

ഫോണ്‍ നമ്പര്‍ ഒരു കൂട്ടുകാരന്‍ തന്നതാണെന്ന് കുട്ടി പറയുമ്പോള്‍ നമ്പര്‍ തന്നവന്റെ ചെവിക്കുറ്റി അടിച്ചു പൊട്ടിക്കണമായിരുന്നു എന്നും മുകേഷ് പറയുന്നുണ്ട്. തന്റെ മുന്നില്‍ വെച്ചായിരുന്നു സംഭവമെങ്കില്‍ ചൂരല്‍ വെച്ച് അടിക്കുമായിരുന്നു എന്നും മുകേഷ് പറഞ്ഞു.

ഓഡിയോ വിവാദമായതോടെ വിശദീകരണവുമായി മുകേഷ് തന്നെ രംഗത്തെത്തിയിരുന്നു. ഫേസ്ബുക്ക് വീഡിയോയിലൂടെ ആയിരുന്നു മുകേഷിന്റെ വിശദീകരണം.

പ്രധാന മീറ്റിംഗില്‍ ഇരിക്കുന്ന സമയത്ത് ആറു തവണ വിളിച്ചപ്പോഴാണ് പാലക്കാട് എം.എല്‍.എയെ അറിയുമോ എന്ന തരത്തില്‍ ചോദിച്ചതെന്നും മുകേഷ് പറഞ്ഞു.

തന്നെ പ്രകോപിപ്പിക്കാന്‍ ആരൊക്കെയോ കരുതിക്കൂട്ടി ചെയ്യിപ്പിക്കുന്നതാണെന്നും താന്‍ നേരത്തെ ഇത്തരം വിഷയങ്ങളില്‍ ഇരൈവിപുരം പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും മുകേഷ് പറഞ്ഞു.

തെരഞ്ഞെടുപ്പ് കഴിഞ്ഞതു മുതല്‍ ട്രെയിന്‍ ലേറ്റ് ആണോ, കറണ്ടു പോയി എന്നൊക്കെ പറഞ്ഞാണ് പലരും വിളിക്കുന്നത്. ചിലര്‍ കുട്ടികളെ കൊണ്ട് വിളിപ്പിക്കുന്നുണ്ടെന്നും റെക്കോര്‍ഡ് ചെയ്യുന്നുണ്ടെന്ന് മനസിലായെന്ന് പറയുമ്പോള്‍ ഫോണ്‍ കട്ടാക്കുന്ന സംഭവങ്ങള്‍ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഇത് ആസൂത്രണം ചെയ്ത് ആരോ ചെയ്തതാണ്. ഇതിന് പിന്നില്‍ രാഷ്ട്രീയമുണ്ട്. ഈ വിഷയത്തില്‍ സൈബര്‍ സെല്ലിലും പൊലീസ് കമ്മീഷണര്‍ക്കും പരാതി നല്‍കാന്‍ പോവുകയാണെന്നും മുകേഷ് കൂട്ടിച്ചേര്‍ത്തു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Found the student who called MLA Mukesh on phone and made controversy

We use cookies to give you the best possible experience. Learn more