| Saturday, 15th June 2019, 7:45 am

സി.ഐ നവാസിനെ കണ്ടെത്തി; കണ്ടെത്തിയത് തമിഴ്‌നാട്ടിലെ കരൂരില്‍ നിന്ന്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: കൊച്ചിയില്‍ നിന്ന് കാണാതായ എറണാകുളം സെന്‍ട്രല്‍ സി.ഐ വി.എസ് നവാസിനെ കണ്ടെത്തി. തമിഴ്‌നാട്ടിലെ കരൂരില്‍ നിന്നാണ് തമിഴ്‌നാട് റെയില്‍വേ പൊലീസ് അദ്ദേഹത്തെ കണ്ടത്.

നവാസ് വീട്ടുകാരുമായി ഫോണില്‍ സംസാരിച്ചു. കരൂരില്‍ നിന്ന് കൊച്ചിയിലേക്കു തിരിച്ചെന്നും വൈകുന്നേരത്തോടെ കൊച്ചിയില്‍ എത്തിച്ചേരുമെന്നും ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.

മേലുദ്യോഗസ്ഥനുമായുളള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്നാണ് നവാസ് ആരോടും പറയാതെ വീട് വിട്ടിറങ്ങിയത്. മൂന്നുദിവസം മുമ്പാണ് നവാസിനെ കാണാതാവുന്നത്. നവാസിനെ കാണാനില്ലെന്ന് കാണിച്ച് കേരള പൊലീസിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ ഉള്‍പ്പടെ അറിയിപ്പ് നല്‍കിയിരുന്നു. സേനയിലെ തന്നെ ഒരു ഉദ്യോഗസ്ഥനെ കാണാതായി മൂന്ന് ദിവസമായിട്ടും കണ്ടെത്താന്‍ കഴിയാത്തത് പൊലീസിന് തലവേദന സൃഷ്ടിച്ചിരിക്കുകയായിരുന്നു.

മേലുദ്യോഗസ്ഥരുടെ പീഡനത്തെത്തുടര്‍ന്നാണ് നവാസ് നാട് വിട്ടതെന്നാരോപിച്ച് നവാസിന്റെ ഭാര്യ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു. വ്യാഴാഴ്ച പുലര്‍ച്ചെ മുതല്‍ നവാസിനെ കാണാനില്ലെന്നാണ് ഭാര്യയുടെ പരാതിയില്‍ പറയുന്നത്.

സെന്‍ട്രല്‍ സ്റ്റേഷന്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറുടെ ഔദ്യോഗിക ചുമതലകള്‍ 13-ാം തീയതി നവാസ് ഒഴിഞ്ഞതായി വിവരമുണ്ട്. 13-ാം തീയതി ഒരു മേലുദ്യോഗസ്ഥനുമായി നവാസ് വാക്കേറ്റത്തില്‍ ഏര്‍പ്പെടുകയും തുടര്‍ന്ന് സ്റ്റേഷനില്‍ തിരിച്ചെത്തിയ ശേഷം തന്റെ ഔദ്യോഗിക ഫോണ്‍ നമ്പറിന്റെ സിം കീഴുദ്യോഗസ്ഥന് കൈമാറുകയും ചെയ്തുവെന്ന് പൊലീസ് വൃത്തങ്ങള്‍ അറിയിച്ചിരുന്നു.

നവാസിന്റെ ഭാര്യയുടെ പരാതിയെ തുടര്‍ന്ന് മേലുദ്യോഗസ്ഥനായ കൊച്ചി എ.സി.പി സുരേഷ് കുമാറിനെ ഡി.സി.പി പൂങ്കുഴലി കഴിഞ്ഞദിവസം ചോദ്യം ചെയ്തതിരുന്നു.

നവാസിനെ കണ്ടെത്താന്‍ കൊച്ചിയില്‍ നിന്നുളള നാല് പൊലീസ് സംഘങ്ങള്‍് വിവിധ ഭാഗങ്ങളിലായി അന്വേഷണം നടത്തി വരുകയായിരുന്നു. മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശത്തെത്തുടര്‍ന്ന് എ.ഡി.ജി.പി ഷെയ്ക്ക് ദര്‍വേഷ് സാഹിബ്, കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ വിജയ് സാഖറെ എന്നിവരുടെ മേല്‍നോട്ടത്തിലായിരുന്നു അന്വേഷണം.

We use cookies to give you the best possible experience. Learn more