മോദിയുടെയും യോഗിയുടെയും ചിത്രം മാലിന്യക്കൂമ്പാരത്തില്‍; ശുചീകരണ തൊഴിലാളിയെ പിരിച്ചുവിട്ടു
national news
മോദിയുടെയും യോഗിയുടെയും ചിത്രം മാലിന്യക്കൂമ്പാരത്തില്‍; ശുചീകരണ തൊഴിലാളിയെ പിരിച്ചുവിട്ടു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 17th July 2022, 8:12 pm

ലഖ്നൗ: യു.പിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെയും ചിത്രങ്ങള്‍ മാലിന്യക്കൂമ്പാരത്തില്‍ കിടക്കുന്ന ചിത്രം വൈറലായതിനു പിന്നാലെ ശുചീകരണ തൊഴിലാളിയെ പിരിച്ചുവിട്ടു. യു.പിയിലെ മഥുര നഗര്‍ നിഗം മുനിസിപ്പല്‍ കോര്‍പറേഷന് കീഴിലുള്ള തൊഴിലാളിയെയാണ് ജോലിയില്‍ നിന്ന് പിരിച്ചുവിട്ടത്.

നഗരസഭക്ക് കീഴില്‍ കരാറടിസ്ഥാനത്തില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ മോദിയുടെയും യോഗിയുടെയും ഫ്രെയിം ചെയ്ത ചിത്രങ്ങളടങ്ങിയ മാലിന്യങ്ങള്‍ ഉന്തുവണ്ടിയില്‍ കൊണ്ടുപോകുന്ന ദൃശ്യങ്ങള്‍ ട്വിറ്റര്‍ അടക്കമുള്ള സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. വിഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതിനു പിന്നാലെയാണ് തൊഴിലാളിയെ പിരിച്ചുവിട്ട് ഉത്തരവിറങ്ങിയത്.

അഡീഷനല്‍ മുനിസിപ്പല്‍ കമ്മീഷ്ണര്‍ സത്യേന്ദ്ര കുമാര്‍ തിവാരിയാണ് തൊഴിലാളിയെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ട വിവരം സ്ഥിരീകരിച്ചത്. അബദ്ധത്തിലാണ് മോദിയുടെയും യോഗിയുടെയും ചിത്രങ്ങള്‍ മാലിന്യത്തിന്റെ കൂട്ടത്തിലിട്ടതെന്നാണ് ഇയാള്‍ പറയന്നത്.

അതേസമയം, ഉന്തുവണ്ടിയില്‍ മോദിയുടെയും യോഗിയുടെയും ചത്രങ്ങള്‍ കൊണ്ടുപോകുന്ന വിഡിയോ യു.പിയില്‍നിന്നുള്ള മാധ്യമപ്രവര്‍ത്തകനായ പിയൂഷ് റായ് ട്വീറ്റ് ചെയ്തിരുന്നു.

മോദിയുടെയും യോഗിയുടെയും ചിത്രങ്ങളെക്കുറിച്ച് ചോദിച്ചപ്പോള്‍ അവര്‍ ആരാണെന്ന് അറിയില്ലെന്നും മാലിന്യത്തിനിടയില്‍നിന്ന് കിട്ടിയതാണെന്നുമണ്  വീഡിയോയില്‍ പറയുന്നത്.

CONTENT HIGHLIGHTS:  Found carrying photos of PM Modi, CM Yogi Adityanath in garbage; Man loses job