| Tuesday, 13th August 2024, 5:29 pm

അര്‍ജുന്റെ ലോറിയുടെ ഹൈഡ്രോളിക് ജാക്കി കണ്ടെത്തി; സ്ഥിരീകരിച്ച് ലോറിയുടമ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബെംഗളൂരു: കര്‍ണാടകയിലെ ഷിരൂരിലുണ്ടായ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുന്റെ ലോറിയുടെ ഹൈഡ്രോളിക് ജാക്കി കണ്ടെത്തി. കണ്ടെത്തിയത് തന്റെ ലോറിയുടെ ജാക്കി ലിവര്‍ തന്നെയാണെന്ന് ഉടമയായ മനാഫ് സ്ഥിരീകരിച്ചു. പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് മാറ്റിവെച്ച തെരച്ചില്‍ ഇന്ന് വീണ്ടും പുനരാരംഭിച്ചതിന് പിന്നാലെയാണ് ജാക്കി കണ്ടെടുത്തത്.

ഈശ്വര്‍ മല്‍പേയുടെ തെരച്ചില്‍ തുടരുന്നതിനിടെയാണ് ജാക്കി ലിവര്‍ കണ്ടെത്തിയത്. നിലവില്‍ ഗംഗാവലി പുഴയിലെ അടിയൊഴുക്ക് തെരച്ചിലിന് അനുകൂലമാണ്. ആയതിനാല്‍, പ്രാദേശിക മത്സ്യത്തൊഴിലാളികളും തെരച്ചിലിന്റെ ഭാഗമാകുമെന്നാണ് റിപ്പോര്‍ട്ട്. അതേസമയം ഇന്നത്തെ തെരച്ചില്‍ അവസാനിപ്പിച്ചതായും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇന്നലെയാണ് അര്‍ജുനെ കണ്ടെത്താനുള്ള തെരച്ചില്‍ വീണ്ടും പുനരാരംഭിക്കാന്‍ തീരുമാനമുണ്ടായത്. തെരച്ചില്‍ പുനരാരംഭിക്കാത്ത പക്ഷം ഷിരൂരിലെത്തി പ്രതിഷേധിക്കുമെന്ന് അര്‍ജുന്റെ കുടുംബം കര്‍ണാടക സര്‍ക്കാരിനെ അറിയിച്ചതിന് പിന്നാലെയാണ് തീരുമാനം. കാര്‍വാറില്‍ നടന്ന ഉന്നതതല യോഗത്തിലാണ് തെരച്ചില്‍ പുനരാരംഭിക്കാന്‍ തീരുമാനിച്ചത്. ഉത്തര കന്നഡ ജില്ലാ കളക്ടര്‍, കാര്‍വാര്‍ എം.എല്‍.എ അടക്കമുള്ള പ്രതിനിധികളുടെ സാന്നിധ്യത്തിലാണ് യോഗം ചേര്‍ന്നത്.

തെരച്ചില്‍ പുനരാരംഭിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ കര്‍ണാടക സര്‍ക്കാരില്‍ സമ്മര്‍ദം ശക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് നാവിക സേനയുടെ പരിശോധനയില്‍ തീരുമാനമുണ്ടായത്.

ജൂലൈ 16 (ചൊവ്വാഴ്ച)നാണ് കര്‍ണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലില്‍ പെട്ട് ട്രക്ക് ഡ്രൈവറായ കോഴിക്കോട് സ്വദേശി അര്‍ജുനെ കാണാതായത്. അപകടം നടന്ന ദിവസം തന്നെ ബന്ധുക്കള്‍ കര്‍ണാടക പൊലീസിനെ വിവരം അറിയിച്ചെങ്കിലും വെള്ളിയാഴ്ച രാവിലെ മാത്രമാണ് തെരച്ചില്‍ ആരംഭിച്ചത്.

തെരച്ചില്‍ ആരംഭിച്ച് ഒമ്പതാം ദിവസം ഗംഗാവലി പുഴയില്‍ അര്‍ജുന്റെ ട്രക്ക് കണ്ടെത്തിയിരുന്നു. കരയില്‍ നിന്ന് 20 മീറ്റര്‍ അകലെ 15 അടി താഴ്ചയിലാണ് ട്രക്ക് ഉള്ളതെന്നായിരുന്നു നിഗമനം. എന്നാല്‍ ട്രക്ക് പുഴയില്‍ നിന്ന് പുറത്തെടുക്കാനും ട്രക്കിനുള്ളില്‍ മനുഷ്യ സാന്നിധ്യം കണ്ടെത്താനും ഉദ്യോഗസ്ഥര്‍ക്ക് കഴിഞ്ഞിരുന്നില്ല

Content Highlight: Found Arjun’s lorry’s hydraulic jack in shiroor

We use cookies to give you the best possible experience. Learn more