| Tuesday, 29th October 2024, 12:19 pm

മെച്ചപ്പെട്ട തൊഴില്‍ സാഹചര്യത്തിന് വേണ്ടി സമരം ചെയ്തു; തെലങ്കാനയില്‍ പത്ത് സ്‌പെഷ്യല്‍ പൊലീസ് ഉദ്യോഗസ്ഥരെ പിരിച്ചുവിട്ടു

ഡൂള്‍ന്യൂസ് ഡെസ്‌ക്

തെലങ്കാന: എല്ലാ പൊലീസ് ഉദ്യോഗസ്ഥര്‍ക്കും ഏകീകൃത നയം ആവശ്യപ്പെട്ട് നടന്ന പ്രതിഷേധങ്ങളില്‍ പങ്കെടുത്തതിന് പത്ത് സ്‌പെഷ്യല്‍ പൊലീസ് ഉദ്യോഗസ്ഥരെ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ട് തെലങ്കാന. പ്രതിഷേധങ്ങളില്‍ പങ്കെടുത്തതിന് പത്ത് പേരെ സര്‍വീസില്‍ നിന്ന് പിരിച്ചുവിടുകയും 21 പേരെ അറസ്റ്റ് ചെയ്യുകയുമുണ്ടായി.

മുന്നറിയിപ്പുകള്‍ ആവര്‍ത്തിച്ചിട്ടും പ്രതിഷേധങ്ങളില്‍ നിന്നും വിട്ടുനില്‍ക്കാതെ ബറ്റാലിയന്റെ അച്ചടക്കത്തെയും സേനയുടെ പ്രതിച്ഛായക്കും മങ്ങലേല്‍പ്പിച്ചുവെന്ന് പറഞ്ഞാണ് പത്ത് ഉദ്യോഗസ്ഥരെ പിരിച്ചുവിടുന്നത്.

ഇന്ത്യന്‍ ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 311 (2) (ബി) പ്രകാരം പൊതുതാത്പര്യത്തില്‍ വിട്ടുവീഴ്ച ചെയ്തു എന്ന സാഹചര്യത്തിലാണ് ഉദ്യോഗസ്ഥരെ പിരിച്ചുവിട്ടതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഏകീകൃത നയങ്ങളും മെച്ചപ്പെട്ട തൊഴില്‍ സാഹചര്യങ്ങളും ആവശ്യപ്പെട്ട് ഉദ്യോഗസ്ഥരും കുടുംബാഗങ്ങളും കഴിഞ്ഞ ദിവസങ്ങളില്‍ ധര്‍ണ നടത്തിയിരുന്നു.

പിന്നാലെ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ ക്രിമിനല്‍ കേസുകള്‍ക്ക് പുറമെ പെരുമാറ്റച്ചട്ട ലംഘനത്തിനുള്‍പ്പെടെ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കുമെന്നും പറയുന്നുണ്ട്.

ടി.ജി.എസ്.പി സംവിധാനത്തിനും പൊലീസ് ഉദ്യോഗസ്ഥര്‍ക്കും സര്‍ക്കാരിനും എതിരായി സോഷ്യല്‍ മീഡിയയില്‍ കമന്റുകളോ ആശയവിനിമയമോ നടത്തരുതെന്നും ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിട്ടുണ്ട്.

മെച്ചപ്പെട്ട തൊഴില്‍ സാഹചര്യം ആവശ്യപ്പെട്ട് തെലങ്കാനയില്‍ പൊലീസ് കോണ്‍സ്റ്റബിള്‍മാര്‍ നടത്തിയ സമരത്തെ തുടര്‍ന്ന് 39 ഉദ്യോഗസ്ഥരെ നേരത്തെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. ടി.ജി.എസ്.പി പ്രവര്‍ത്തകരുടെയും അവരുടെ കുടുംബാംഗങ്ങളുടെയും പ്രതിഷേധം ശക്തമായതിനെ തുടര്‍ന്നാണ് സസ്പെന്‍ഷന്‍.

ശനിയാഴ്ച, കോണ്‍സ്റ്റബിള്‍മാരും ഹെഡ് കോണ്‍സ്റ്റബിള്‍മാരും കുടുംബാംഗങ്ങള്‍ക്കൊപ്പം പ്രകടനങ്ങളില്‍ പങ്കുചേര്‍ന്നിരുന്നു. പ്രതിഷേധത്തിനിടെ ഒരു കോണ്‍സ്റ്റബിള്‍ ഐ.പി.എസ് ഉദ്യോഗസ്ഥനോട് വൈകാരികമായി അപേക്ഷിക്കുന്നതും മറ്റൊരാള്‍ രാജണ്ണ സിര്‍സില്ലയിലെ കമാന്‍ഡന്റുമായി ഏറ്റുമുട്ടുന്നതും കാണിക്കുന്ന വീഡിയോകള്‍ പ്രചരിച്ചിരുന്നു.

തെലങ്കാന പൊലീസിന്റെ തുടര്‍ച്ചയായ പ്രതിഷേധങ്ങള്‍ സേനയുടെ പ്രതിച്ഛായയെയും അച്ചടക്കത്തെയും പ്രതികൂലമായി ബാധിക്കുമെന്ന് ഡി.ജി.പി ജിതേന്ദര്‍ പറഞ്ഞു. മേലുദ്യോഗസ്ഥരുടെ വീടുകളിലെ ജോലികള്‍ പോലും ചെയ്യാന്‍ തങ്ങള്‍ നിര്‍ബന്ധിതരാകുന്നുവെന്ന് കോണ്‍സ്റ്റബിള്‍മാര്‍ പറഞ്ഞിരുന്നു.

Content Highlight: fought for better working conditions; Ten special police officers have been dismissed in Telangana

We use cookies to give you the best possible experience. Learn more