ന്യൂദല്‍ഹി: എന്തെങ്കിലും സ്ഥാനം ലഭിക്കുന്നതിന് വേണ്ടിയല്ല താന്‍ തെരഞ്ഞെടുപ്പില്‍ മത്സരിച്ചതെന്ന് മണിപ്പൂര്‍ മുന്‍ മുഖ്യമന്ത്രി എന്‍. ബിരേന്‍ സിംഗ്. ബി.ജെ.പി കേന്ദ്ര നേതൃത്വം സംസ്ഥാനത്തെ അടുത്ത മുഖ്യമന്ത്രിയെ സംബന്ധിച്ച കാര്യത്തില്‍ തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
എല്ലായ്‌പ്പോഴും പാര്‍ട്ടിയുടെ താല്‍പ്പര്യത്തിനാണ് പ്രവര്‍ത്തിച്ചത്, അത് തുടരുക തന്നെ ചെയ്യും. താന്‍ ഒരിക്കലും മുഖ്യമന്ത്രിക്കോ മറ്റേതെങ്കിലും സ്ഥാനത്തിനോ വേണ്ടിയോ തെരഞ്ഞെടുപ്പില്‍ മത്സരിച്ചിട്ടില്ല, തന്റെ പാര്‍ട്ടിയുടെ പ്രവര്‍ത്തകന്‍ എന്ന നിലയിലാണ് പ്രവര്‍ത്തിച്ചിട്ടുള്ളതെന്നും ബിരേന്‍ സിംഗ് പറഞ്ഞു.
‘ഞങ്ങളുടേത് അങ്ങേയറ്റം അച്ചടക്കമുള്ള പാര്‍ട്ടിയാണ്, ഞങ്ങള്‍ നിയമങ്ങളും മാനദണ്ഡങ്ങളും അനുസരിച്ചാണ് പ്രവര്‍ത്തിക്കുന്നത്. അതുകൊണ്ട് മുഖ്യമന്ത്രി എപ്പോള്‍ സത്യപ്രതിജ്ഞ ചെയ്യുമെന്നും അതിന്റെ രൂപരേഖ എന്തായിരിക്കുമെന്നും പാര്‍ട്ടി ഹൈക്കമാന്റ് തീരുമാനിക്കും, അതുവരെ ഞങ്ങള്‍ കാത്തിരിക്കാന്‍ തയ്യാറാണ്,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നരേന്ദ്ര മോദിയുടെ സബ്കാ സാത്ത്, സബ് കാ വികാസ് മന്ത്രമനുസരിച്ചാണ് സംസ്ഥാന സര്‍ക്കാര്‍ പ്രവര്‍ത്തിക്കേണ്ടതെന്നും സിംഗ് അഭിപ്രായപ്പെട്ടു.
‘പ്രധാനമന്ത്രി ഞങ്ങള്‍ക്ക് സബ്കാ സാത്ത്, സബ് കാ വികാസ്, സബ്കാ വിശ്വാസ് എന്ന മന്ത്രം നല്‍കുന്നു. ഈ ഫോര്‍മുലയില്‍ പ്രവര്‍ത്തിക്കാന്‍ ഞങ്ങളെ അനുവദിച്ച മണിപ്പൂരിലെ ജനങ്ങളോട് ഞാന്‍ വളരെ സ്‌നേഹമുള്ളവനും നന്ദിയുള്ളവനുമാണ്,’ ബിരേന്‍ സിംഗ് പറഞ്ഞു.
സംസ്ഥാനത്ത് നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിരേന്‍ സിംഗ് ഹീന്‍ഗാംഗ് മണ്ഡലത്തില്‍ നിന്ന് 17,000 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ കോണ്‍ഗ്രസിന്റെ പി. ശരത്ചന്ദ്ര സിംഗിനെ പരാജയപ്പെടുത്തുകയായിരുന്നു.
60 അംഗ നിയമസഭയില്‍ 32 സീറ്റുകള്‍ നേടിയാണ് ബി.ജെ.പി മണിപ്പൂരില്‍ വിജയമുറപ്പിച്ചത്. സംസ്ഥാനത്ത് ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള തുടര്‍ച്ചയായ രണ്ടാം സര്‍ക്കാരാണിത്. പുതുതായി തെരഞ്ഞെടുക്കപ്പെട്ട എം.എല്‍.എമാരുടെ യോഗത്തിനായി ബി.ജെ.പി കേന്ദ്ര നിരീക്ഷകരെ നിയോഗിച്ചിട്ടുണ്ട്.
മുഖ്യമന്ത്രി ആരാകണമെന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. ബി.ജെ.പി നിയമസഭാംഗം ടി. ബിശ്വജിത് സിംഗിന്റെ പേരും മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള സാധ്യതാ പട്ടികയിലുണ്ട്.
Content Highlights: Fought Elections As BJP Worker In Manipur, Not For Chief Minister Post: N Biren Singh