തമാശയല്ല ഫോര്‍ പ്ലേ; സെക്‌സില്‍ ഫോര്‍ പ്ലേയ്ക്കുള്ള പ്രാധാന്യമെന്ത്?
Health Tips
തമാശയല്ല ഫോര്‍ പ്ലേ; സെക്‌സില്‍ ഫോര്‍ പ്ലേയ്ക്കുള്ള പ്രാധാന്യമെന്ത്?
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 18th January 2021, 8:22 pm

ജിയോ ബേബി സംവിധാനം ചെയ്ത ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ അഥവാ മഹത്തായ ഭാരതീയ അടുക്കള എന്ന ചിത്രം പ്രേക്ഷകര്‍ ഏറ്റെടുത്തിരിക്കുകയാണ്. കേരളത്തിലെ സ്ത്രീകളുടെ ഒരു പരിഛേദം തന്നെയാണ് ചിത്രമെന്നാണ് സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പലരും അഭിപ്രായപ്പെടുന്നത്.

ചിത്രത്തില്‍ നായികയായ നിമിഷ സുരാജിനോട് ഫോര്‍ പ്ലേയെ പറ്റിപറയുന്ന ഒരു രംഗമുണ്ട്. ലൈംഗിക താല്‍പര്യങ്ങള്‍ സ്ത്രീകള്‍ പങ്കാളികളോട് പറയുന്നതിനെ അംഗീകരിക്കേണ്ട കാലമാണിതെന്ന സൂചനയും ചിത്രം നല്‍കുന്നുണ്ട്. എന്നാല്‍ ഫോര്‍പ്ലേയെപ്പറ്റി പലരിലും തെറ്റായ ധാരണകളാണുള്ളത്.

ആരോഗ്യകരമായ ലൈംഗിക ബന്ധത്തില്‍ ഫോര്‍പ്ലേയുടെ സ്ഥാനം വളരെ വലുതാണെന്ന് വിദഗ്ധര്‍ തന്നെ പറയുന്നുണ്ട്. പങ്കാളികള്‍ തമ്മിലുള്ള അടുപ്പം വര്‍ധിപ്പിക്കാനും സെക്‌സിനിടയിലെ വേദനയില്ലാതാക്കാനും ഇത് സഹായിക്കുന്നു.

എന്താണ് ഫോര്‍പ്ലേ?

സെക്‌സിലേര്‍പ്പെടുമ്പോള്‍ സ്ത്രീകളിലുണ്ടാകുന്ന വജൈനല്‍ ലൂബ്രിക്കേഷന്‍ അഥവാ രതി സലിലം അവരില്‍ ലൈംഗികോത്തേജനം സാധ്യമാകുന്നതിന്റെ പ്രധാന ലക്ഷണമാണ്.

മസ്തിഷ്‌കത്തിലെ ഉത്തേജനത്തിന്റെ ഫലമായി യോനീകലകളില്‍ രക്തം നിറയുകയും അതിന്റെ ആഴവും വീതിയും വര്‍ധിക്കുകയും ചെയ്യുന്നു. യോനിമുഖത്തോട് ചേര്‍ന്ന് കാണപ്പെടുന്ന ബര്‍ത്തോലില്‍ ഗ്രന്ഥികളും യോനികലകളും ഒരു ദ്രവം പുറപ്പെടുവിക്കുന്നു.

ഇതാണ് വജൈനല്‍ ലൂബ്രിക്കന്റ് എന്നറിയപ്പെടുന്നത്. ലിംഗപ്രവേശം സുഗമമാക്കാനും, രതിമൂര്‍ച്ഛയ്ക്ക് സഹായിക്കാനും ഈ ലൂബ്രിക്കന്റ് സഹായിക്കുന്നു.

ഈ ലൂബ്രിക്കേഷന്‍ ഇല്ലാത്ത അവസ്ഥയെപ്പറ്റി ചിന്തിച്ചിട്ടുണ്ടോ? ആ അവസ്ഥയിലാണ് ലൈംഗിക ബന്ധം വളരെ വേദനയുള്ളതായും വിരസതയുള്ളതായും തോന്നുന്നത്.

ലൂബ്രിക്കേഷന്റെ അഭാവത്തില്‍ യോനി വരണ്ടും മുറുകിയും കാണപ്പെടുന്നു. ഈ അവസ്ഥയില്‍ പുരുഷലിംഗം നേരിട്ട് യോനിയിലേക്ക് പ്രവേശിപ്പിക്കുന്നത് സ്ത്രീകള്‍ക്ക് കഠിനമായ വേദനയുണ്ടാക്കും. ഇത് സ്ത്രീകള്‍ക്ക് ലൈംഗികബന്ധത്തോട് ഭയവും താല്‍പ്പര്യക്കുറവുമുണ്ടാക്കും. ഇത് മറികടക്കാന്‍ സഹായിക്കുന്ന ഒന്നാണ് ഫോര്‍പ്ലേ.

നേരിട്ട് സെക്‌സിലേര്‍പ്പെടുന്നതിന് മുമ്പ് ഫോര്‍പ്ലേകള്‍ക്കായി സമയം ചെലവഴിക്കുന്നത് വജൈനല്‍ ലൂബ്രിക്കേഷന് സഹായിക്കുകയും ലൈംഗിക ബന്ധം സുഗമമാക്കുന്നതിനും സഹായിക്കും. അത് മാത്രമല്ല പങ്കാളികളോടുള്ള വൈകാരിക അടുപ്പം വര്‍ധിക്കാനും ഫോര്‍ പ്ലേകള്‍ സഹായിക്കും.

എല്ലാ പ്രായക്കാരായ സ്ത്രീകളിലും യോനി വരള്‍ച്ചയുണ്ടാകാറുണ്ട്. ഫോര്‍പ്ലേകളുടെ കുറവ്, യോനിമുഖത്തെ അണുബാധ, പ്രമേഹം എന്നിവയാകാം ഇതിന് പ്രധാന കാരണം.

മധ്യവയസ്‌കരായ സ്ത്രീകളില്‍ ആര്‍ത്തവവിരാമത്തിനുശേഷം ശേഷം സ്ത്രീ ഹോര്‍മോണായ ഈസ്ട്രജന്റെ കുറവ് മൂലം ലൂബ്രിക്കന്റിന്റെ ഉത്പാദനം കുറഞ്ഞേക്കാം. വേദനയേറിയ ലൈംഗികബന്ധമാണ് ലൂബ്രിക്കന്റിന്റെ അഭാവത്തില്‍ സ്ത്രീകള്‍ അനുഭവിക്കുന്നത്. യോനി ഭാഗം വരണ്ടിരിക്കുന്നതിനാല്‍ സംഭോഗവും ബുദ്ധിമുട്ടാകും. ഇത്തരം ആളുകള്‍ ദീര്‍ഘനേരം ഫോര്‍പ്ലേകളില്‍ ഏര്‍പ്പെടുന്നത് സ്വാഭാവിക ലൂബ്രിക്കേഷന് സഹായിക്കുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Forplays In Healthy Sex life