| Saturday, 11th December 2021, 9:40 pm

ഇത് സി.പി.ഐ.എം അല്ല, ലീഗാണ്; ഇ.എം.എസിന്റെ മുമ്പില്‍ മുട്ടുമടക്കിയിട്ടില്ല, പിന്നെയല്ലേ പിണറായി: അബ്ദുറബ്ബ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: മുസ്‌ലിം ലീഗ് സംഘടിപ്പിച്ച വഖഫ് സംരക്ഷണ റാലിക്കെതിരെ കേസെടുത്ത നടപടിയില്‍ പ്രതികരണവുമായി മുന്‍ മന്ത്രി പി.കെ. അബ്ദുറബ്ബ്.

കേസും, ലാത്തിയും, തോക്കും കണ്ടാല്‍ ബോധം കെട്ടു വീഴാനും നെഞ്ചുവേദന വരാനും ഇതു സി.പി.ഐ.എമ്മല്ലെന്ന് അദ്ദേഹം പറഞ്ഞു.
ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

‘സാക്ഷാല്‍ ഇ.എം.എസിന്റെ മുമ്പില്‍ മുട്ടു മടക്കിയിട്ടില്ല, നായനാരുടെ തോക്കിനു മുമ്പിലും ചൂളിപ്പോയിട്ടില്ല,
പിന്നെയല്ലേ ഈ പിണറായി.

ലീഗാണ് സഖാവേ ലീഗ്! ലക്ഷ്യം നിറവേറിയിട്ടേ ഞങ്ങള്‍ പിന്‍വാങ്ങുകയുള്ളൂ. ഇതു പാര്‍ട്ടി വേറെയാ. വിജയന്‍ കാണും വരെയല്ല,
വിജയം കാണും വരെ, ഞങ്ങള്‍ മുന്നില്‍ തന്നെയുണ്ടാവും. ജയ് മുസ്‌ലം ലീഗ്,’ അബ്ദുറബ്ബ് ഫേസ്ബുക്കില്‍ എഴുതി.

വഖഫ് സംരക്ഷണ റാലിക്കെതിരെ കൊവിഡ് പ്രോട്ടോക്കോള്‍ ലംഘനത്തിനാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ലീഗ് നേതാക്കള്‍ക്കും കണ്ടാലറിയുന്ന 10,000 പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കുമെതിരെയാണ് കോഴിക്കോട് വെള്ളയില്‍ പൊലീസ് കേസെടുത്തിരിക്കുന്നത്. അനുമതിയില്ലാതെ ജാഥ നടത്തി, ഗതാഗതം തടസപ്പെടുത്തി, തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.

അതേസമയം, വഖഫ് സംരക്ഷണ റാലില്‍ നടത്തിയ പ്രസംഗത്തില്‍ മന്ത്രി മുഹമ്മദ് റിയാസിനെതിരെ വിദ്വേഷ പരാമര്‍ശം നടത്തിയ ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുറഹ്‌മാന്‍ കല്ലായിക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. പരപ്പനങ്ങാടി സ്വദേശി മുജീബിന്റെ പരാതിയിലാണ് കോഴിക്കോട് വെള്ളയില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.

റിയാസിന്റേത് വിവാഹമല്ല, വ്യഭിചാരമാണെന്നായിരുന്നു അബ്ദുറഹ്‌മാന്‍ പ്രസംഗത്തില്‍ പറഞ്ഞത്. പ്രസംഗത്തിനിടെ ലൈംഗിക ന്യൂനപക്ഷങ്ങളെയും അബ്ദുറഹ്‌മാന്‍ കല്ലായി അധിക്ഷേപിച്ചിരുന്നു. സംഭവം വിവാദമായതിന് പിന്നാലെ അദ്ദേഹം ഖേദപ്രകടനവും നടത്തിയിരുന്നു.

CONTENT HIGHLIGHTS: FormerMinister P.K. Abdur Rabb With the response to the action taken against the Waqf protection rally

We use cookies to give you the best possible experience. Learn more