| Sunday, 15th January 2023, 12:04 pm

മറ്റുള്ളവരുടെ കാര്യമറിയില്ല, ഇന്ത്യയുടെ ക്യാപ്റ്റനാവേണ്ടത് ഇവന്‍; അങ്ങ് സിംബാബ്‌വെയില്‍ നിന്നും രാഹുലിന് പിന്തുണ

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ കെ.എല്‍. രാഹുലിനെ പ്രശംസിച്ച് സിംബാബ്‌വന്‍ ലെജെന്‍ഡ് ആന്‍ഡി ഫ്‌ളവര്‍. ഇന്ത്യയുടെ ഭാവി ക്യാപ്റ്റനാവാന്‍ കെ.എല്‍. രാഹുല്‍ സര്‍വധാ യോഗ്യനാണെന്നും താരം മികച്ച ബാറ്ററാണെന്നും ഐ.പി.എല്‍ ഫ്രാഞ്ചൈസിയായ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന്റെ കോച്ച് കൂടിയായ ഫ്‌ളവര്‍ പറഞ്ഞു.

ക്യാപ്റ്റന്റെ റോള്‍ ഏറ്റെടുക്കേണ്ടി വന്ന സാഹചര്യത്തിലെല്ലാം തന്നെ രാഹുല്‍ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ഏഴ് ഏകദിനത്തിലും മൂന്ന് ടെസ്റ്റിലും ഒരു ടി-20യിലുമാണ് രാഹുല്‍ ഇന്ത്യയെ നയിച്ചത്.

ഇന്ത്യയുടെ ബംഗ്ലാദേശ് പര്യടനത്തിലെ ടെസ്റ്റ് പരമ്പരയിലാണ് രാഹുല്‍ ഇന്ത്യയെ അവസാനമായി നയിച്ചത്. പര്യടനത്തിലെ ഏകദിന പരമ്പരക്കിടെ ക്യാപ്റ്റന്‍ രോഹിത് ശര്‍മക്ക് പരിക്കേറ്റതിന് പിന്നാലെയാണ് ശേഷിക്കുന്ന ലിമിറ്റഡ് ഓവര്‍ മാച്ചിലും ടെസ്റ്റ് പരമ്പരയിലും രാഹുല്‍ ഇന്ത്യയുടെ ക്യാപ്റ്റന്‍സിയേറ്റെടുത്തത്.

രോഹിത് ശര്‍മയുടെ പിന്‍മുറക്കാരനായി കെ.എല്‍. രാഹുലിനെയായിരുന്നു എല്ലാവരും പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ ഹര്‍ദിക് പാണ്ഡ്യയുടെ മികച്ച ക്യാപ്റ്റന്‍സിയില്‍ രാഹുലിന്റെ പേര് രണ്ടാം സ്ഥാനത്തേക്ക് തള്ളപ്പെടുകയായിരുന്നു.

എന്നാല്‍ രോഹിത്തിന് ശേഷം ഇന്ത്യയുടെ അടുത്ത ക്യാപ്റ്റനാവാന്‍ രാഹുലിനെ പിന്തുണക്കുകയാണ് ആന്‍ഡി ഫ്‌ളവര്‍.

‘കെ.എല്‍. രാഹുല്‍ മികച്ച ബാറ്ററാണ്, അവന്‍ ബാറ്റ് ചെയ്യുന്നത് കാണാന്‍ എനിക്കേറെയിഷ്ടമാണ്. ഇംഗ്ലണ്ട് ലയണ്‍സിനെ പരിശീലിപ്പിക്കുമ്പോഴാണ് ഞാന്‍ അവനെ ആദ്യമായി കാണുന്നത്. തിരുവനന്തപുരത്ത് വെച്ച് ഞങ്ങള്‍ ഇന്ത്യ എയുമായി കളിച്ചിരുന്നു. അന്നുതൊട്ട് കെ.എല്‍. രാഹുലിന്റെ ബാറ്റിങ് ഞാന്‍ നിരന്തരമായി ശ്രദ്ധിക്കാറുണ്ട്.

കെ.എല്‍. രാഹുലിന് വളരെ മികച്ച ക്യാപ്റ്റനാവാന്‍ ഉറപ്പായും സാധിക്കും. മറ്റുള്ളവരുടെ കാര്യമെനിക്കറിയില്ല, എന്നാല്‍ ക്യാപ്റ്റനെന്ന നിലയില്‍ രാഹുല്‍ സക്‌സസ് ആവുമെന്ന കാര്യത്തില്‍ എനിക്കുറപ്പുണ്ട്,’ ആന്‍ഡി ഫ്‌ളവര്‍ പറഞ്ഞു.

രാഹുലിന് വിവാഹാശംസകള്‍ നേര്‍ന്നുകൊണ്ടും ഫ്‌ളവര്‍ സംസാരിച്ചു.

വിവാഹം വരുന്നതിനാല്‍ ഇന്ത്യ-ന്യൂസിലാന്‍ഡ് പരമ്പരയില്‍ രാഹുല്‍ ഉള്‍പ്പെട്ടിട്ടില്ല. മൂന്ന് വീതം ടി-20യും എകദിനങ്ങളുമാണ് ന്യൂസിലാന്‍ഡിന്റെ ഏകദിന പരമ്പരയിലുള്ളത്.

ഓസ്‌ട്രേലിയയുടെ ഇന്ത്യന്‍ പര്യടനത്തിലാണ് രാഹുല്‍ ഇനി കളിക്കുക. ടീമിന്റെ വൈസ് ക്യാപ്റ്റനും രാഹുല്‍ തന്നെയാണ്.

Content highlight: Former Zimbabwe captain Andy Flower backs KL Rahul to be the Indian captain

We use cookies to give you the best possible experience. Learn more