യൂട്യൂബ് മുന്‍ സി.ഇ.ഒ സൂസന്‍ വൊജിസ്‌കി അന്തരിച്ചു
World News
യൂട്യൂബ് മുന്‍ സി.ഇ.ഒ സൂസന്‍ വൊജിസ്‌കി അന്തരിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 10th August 2024, 10:21 pm

വാഷിങ്ടണ്‍: യൂട്യൂബ് മുന്‍ സി.ഇ.ഒ സൂസന്‍ വൊജിസ്‌കി (56) അന്തരിച്ചു. ശ്വാസകോശ അര്‍ബുദത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് മരണം. വൊജിസ്‌കിയുടെ പങ്കാളി ഡെനീസ് ട്രോപ്പറാണ് മരണവിവരം ഫേസ്ബുക്കിലൂടെ അറിയിച്ചത്.

‘എന്റെ പ്രിയപ്പെട്ട ഭാര്യ ഞങ്ങളുടെ കുട്ടികളുടെയും എന്നെയും വിട്ടുപോയി. വൊജിസ്‌കി ഞങ്ങളുടെ കുടുംബത്തിലും സമൂഹത്തിലും ചെലുത്തിയ സ്വാധീനം വലുതായിരുന്നു. പക്ഷെ ഇപ്പോള്‍ ഞങ്ങള്‍ ഹൃദയം തകര്‍ന്നവരാണ്,’ ട്രോപ്പര്‍ ഫേസ്ബുക്കില്‍ കുറിച്ചു.

വൊജിസ്‌കിയുടെ മരണത്തില്‍ ആല്‍ഫബെറ്റ് ചീഫ് എക്‌സിക്യൂട്ടീവ് സുന്ദര്‍ പീച്ചേ അനുശോചനം അറിയിച്ചു. 1999ല്‍ പതിനാറാമത്തെ ജീവനക്കാരിയായാണ് വൊജിസ്‌കി ഗൂഗിളില്‍ ജോയിന്‍ ചെയ്യുന്നത്. ഗൂഗിളിന്റെ ആദ്യത്തെ മാര്‍ക്കറ്റിങ് എക്‌സിക്യൂട്ടീവ് കൂടിയായിരുന്നു അവര്‍.

പരസ്യങ്ങളെ ഗൂഗിളുമായി ബന്ധിപ്പിക്കുക എന്നതായിരുന്നു വൊജിസ്‌കിക്ക് ലഭിച്ച ആദ്യ ചുമതല. ശേഷം ഗൂഗിള്‍ വീഡിയോ സര്‍വീസ് ആരംഭിച്ചപ്പോള്‍ യൂട്യൂബ് എന്ന സ്റ്റാര്‍ട്ടപ്പിനെ ഏറ്റെടുക്കാനുള്ള ആശയം മുന്നോട്ട് വെച്ചത് വൊജിസ്‌കിയായിരുന്നു. 2014 മുതല്‍ 2023 വരെ വൊജിസ്‌കി യൂട്യൂബിന്റെ അമരക്കാരിയായി തുടര്‍ന്നു.

25 വര്‍ഷം ഗൂഗിളിനൊപ്പം ഉണ്ടായിരുന്ന സൂസന്‍, നടപ്പിലാക്കിയ ഏറ്റവും വലിയ വിപ്ലവമാണ് യൂട്യൂബിലെ മോണിറ്റൈസേഷന്‍. അതിലൂടെ ലോകമെമ്പാടുമുള്ള കണ്ടന്റ് ക്രിയേറ്റര്‍മാര്‍ക്ക് സൂസന്‍ തുറന്നുകൊടുത്തത് ഉപജീവനത്തിനും ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിനുമുള്ള മാര്‍ഗമാണ്.

Content Highlight: Former YouTube CEO Susan Wojcicki passed away