ലണ്ടന്‍: ഇംഗ്ലണ്ടില്‍ നിലനില്‍ക്കുന്ന വംശീയത കാരണം തനിക്ക് കരിയര്‍ തന്നെ നഷ്ടമായെന്ന് മുന്‍ യോര്‍ക്ക്‌ഷൈര്‍ ക്രിക്കറ്റര്‍ അസീം റഫീഖ്. ബ്രിട്ടനിലെ അധികൃതര്‍ക്ക് മുന്നിലായിരുന്നു താന്‍ നേരിട്ട വിവേചനങ്ങളെക്കുറിച്ച് റഫീഖ് പറഞ്ഞത്.
നിയമ നടപടികളില്‍ നിന്നും സംരക്ഷണം നല്‍കുന്ന പാര്‍ലമെന്ററി പ്രിവിലേജോടു കൂടിയാണ് റഫീഖ് ഡിജിറ്റല്‍, കള്‍ചര്‍, മീഡിയ ആന്‍ഡ് സ്‌പോര്‍ട്‌സ് സെലക്ട് കമ്മിറ്റിക്ക് മുന്നില്‍ സംസാരിച്ചത്.
പാകിസ്ഥാനില്‍ ജനിച്ച അസീം റഫീഖ് ഇംഗ്ലണ്ടില്‍ കൗണ്ടി ക്ലബിന് വേണ്ടി കളിച്ച സമയത്ത് വംശീയപരമായി കടുത്ത പീഡനങ്ങള്‍ക്കും ഭീഷണിപ്പെടുത്തലുകള്‍ക്കും ഇരയായിട്ടുണ്ടെന്ന് നേരത്തെ റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു.
ഇതിന് പിന്നാലെ ക്ലബിന്റെ സ്‌പോണ്‍സര്‍മാരില്‍ പലരും പിന്മാറുകയും അധികൃതര്‍ രാജിവെയ്ക്കുകയും കോച്ചിനെ സസ്‌പെന്‍ഡ് ചെയ്യുകയും അന്താരാഷ്ട്ര മത്സരങ്ങള്‍ക്ക് ആതിഥ്യം വഹിക്കുന്നതില്‍ നിന്നും ക്ലബിനെ വിലക്കുകയും ചെയ്തിരുന്നു.
ക്ലബിന്റെ ഭാഗമായി കളിക്കവെ ‘ഞാനും ഏഷ്യന്‍ പശ്ചാത്തലത്തില്‍ നിന്ന് വരുന്ന മറ്റുള്ളവരും ടോയ്‌ലറ്റിനരികെ ഇരിക്കേണ്ടവരാണ്’ എന്ന രീതിയില്‍ കമന്റുകള്‍ വന്നിരുന്നെന്ന് റഫീഖ് പറയുന്നു.
‘പാകി’ എന്ന പേരിലാണ് തന്നെ അഭിസംബോധന ചെയ്തിരുന്നതെന്നും ‘എലഫെന്റ് വാഷര്‍’ എന്ന് വിളിച്ചതായും റഫീഖ് പറഞ്ഞു. സ്വന്തം ജോലിയെപ്പറ്റി ഒന്നുമറിയാത്ത ആള്‍ എന്നാണ് ‘എലഫെന്റ് വാഷര്‍’ എന്ന പ്രയോഗം കൊണ്ട് ഉദ്ദേശിക്കുന്നത്.
ഓഫ് സ്പിന്നറായ റഫീഖ് ഇംഗ്ലണ്ട് ദേശീയ ടീമിന് വേണ്ടി കളിക്കാന്‍ ലക്ഷ്യമിട്ടായിരുന്നു യോര്‍ക്ക്‌ഷൈര്‍ ക്ലബില്‍ കളിച്ചിരുന്നത്. ഇന്‍സ്റ്റിറ്റിയൂഷനല്‍ വംശീയത കാരണം ഇംഗ്ലണ്ട് ഒന്നാകെ ക്ഷയിച്ചിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
15ാം വയസില്‍ ഒരു ലോക്കല്‍ ക്രിക്കറ്റ് ക്ലബിന് വേണ്ടി കളിക്കുന്ന സമയത്ത് ഒരു മുസ്‌ലിമായ തന്നെ മദ്യപിക്കാന്‍ നിര്‍ബന്ധിച്ചിരുന്നെന്ന് പറഞ്ഞ റഫീഖ് മുന്‍ ഇംഗ്ലീഷ് ക്രിക്കറ്റര്‍മാരായ മാത്യു ഹൊഗാര്‍ഡ്, ടിം ബ്രെസ്‌നന്‍, ഗാരി ബാലന്‍സ്, ഡേവിഡ് ലോയ്ഡ് എന്നിവര്‍ തനിക്കെതിരെ വംശീയപരമായ കമന്റുകള്‍ പറഞ്ഞിരുന്നെന്നും അധികൃതര്‍ക്ക് മുന്നില്‍ വ്യക്തമാക്കി.