സ്‌കൂളില്‍ പഠിക്കുമ്പോള്‍ അമ്മയ്ക്ക് അവന്‍ ഉറപ്പ് നല്‍കി, നിങ്ങളെ പട്ടിണിയില്‍ നിന്നും രക്ഷിക്കും; ദല്‍ഹി ക്യാപ്പിറ്റല്‍സ് താരത്തെ കുറിച്ച് ഹൃദയസ്പര്‍ശിയായ അനുഭവവുമായി ക്രിക്കറ്റ് ഇതിഹാസം
ദല്‍ഹി ക്യാപ്പിറ്റല്‍സിന്റെ വെസ്റ്റ് ഇന്‍ഡീസ് ഓള്‍ റൗണ്ടര്‍ റോവ്മാന്‍ പവലിനെ കുറിച്ച് ഹൃദയസ്പര്‍ശിയായ അനുഭവം പങ്കുവെച്ച് മുന്‍ വെസ്റ്റ് ഇന്‍ഡീസ് സൂപ്പര്‍ താരവും ക്രിക്കറ്റ് ഇതിഹാസവുമായ ഇയാന്‍ ബിഷപ്.
പവല്‍ കടന്നുവന്നത് അതികഠിനമായ ജീവിത സാഹചര്യത്തില്‍ കൂടിയാണെന്നും സ്‌കൂളില്‍ പഠിക്കുമ്പോള്‍ തന്നെ പട്ടിണിയില്‍ നിന്നും കരകയറ്റുമെന്ന് അമ്മയ്ക്ക് ഉറപ്പുനല്‍കിയെന്നും താരം പറയുന്നു.
ഇ.എസ്.പി.എന്‍ ക്രിക് ഇന്‍ഫോയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ബിഷപ് ഇക്കാര്യം പറയുന്നത്.
‘ആര്‍ക്കെങ്കിലും പത്ത് മിനിറ്റ് സമയുണ്ടാവുകയാണെങ്കില്‍ യൂട്യൂബില്‍ റോവ്മന്‍ പവലിന്റെ ജീവിതകഥയൊന്ന് കാണണം. ഞാനടക്കമുള്ള നിരവധി താരങ്ങള്‍ എന്തുകൊണ്ടാണ് പവല്‍ ഐ.പി.എല്ലിനെത്തിയതില്‍ ഇത്രയധികം സന്തോഷിക്കുന്നതെന്ന് നിങ്ങള്‍ക്കപ്പോള്‍ മനസിലാവും.
വളരെ ചെറിയ ജീവിത സാഹചര്യത്തില്‍ നിന്നുമാണ് പവല്‍ വന്നിട്ടുള്ളത്. സെക്കന്‍ഡറി സ്‌കൂളില്‍ പഠിക്കുമ്പോഴാണ് താന്‍ എല്ലാവരേയും പട്ടിണിയില്‍ നിന്നും കരകയറ്റുമെന്ന് തന്റെ അമ്മയ്ക്ക് വാക്കുനല്‍കുന്നത്,
ആ സ്വപ്‌നത്തിലാണ് അവനിന്നും ജീവിക്കുന്നത്. ഗ്രേറ്റ് സ്റ്റോറി.
ആദില്‍ റഷീദ്, മൊയിന്‍ അലി എന്നിവരുള്‍പ്പെട്ട ടീമിനെതിരെ കരീബിയന്‍ മണ്ണില്‍ വെച്ച് അവന്‍ സെഞ്ച്വറി നേടിയത് ഞാനിന്നും ഓര്‍ക്കുന്നു. ഫെബ്രുവരിയില്‍ ഇന്ത്യയക്കെതിരെ നടന്ന മത്സരത്തിലും അവന്‍ മികവ് കാട്ടി. അവനേറെ മെച്ചപ്പെട്ടിരിക്കുന്നു, ‘ ബിഷപ് പറയുന്നു.
ആദ്യ മത്സരങ്ങളില്‍ പരാജയപ്പെട്ടതിന് ശേഷമാണ് പവല്‍ തന്റെ ഹാര്‍ഡ് ഹിറ്റിംഗ് ഫോമിലേക്ക് മടങ്ങിയെത്തിയത്. രാജസ്ഥാനെതിരായ മത്സരത്തില്‍ അവസാന ഓവറിലെ താരത്തിന്റെ പ്രകടനം മാത്രം മതി ആ കരീബിയന്‍ കരുത്തിന്റെ പൂര്‍ണത തിരിച്ചറിയാന്‍.
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ കഴിഞ്ഞ മത്സരത്തിലും പവല്‍ തന്റെ കരുത്ത് പുറത്തെടുത്തിരുന്നു. കേവലം 16 പന്തില്‍ നിന്നും 33* എന്ന സ്‌കോറാണ് ഈ 28കാരന്‍ അടിച്ചെടുത്തത്.
ബാറ്റിംഗിന് പുറമെ ഫീല്‍ഡിംഗിലും പവല്‍ മികച്ചു നിന്നിരുന്നു. പവല്‍ അടക്കമുള്ള താരങ്ങളുടെ ബലത്തിലാണ് ദല്‍ഹി തങ്ങളുടെ നാലാം ജയം ആഘോഷിച്ചത്.