രാജസ്ഥാന്‍ റോയല്‍സിന്റെ നായകനും മലയാളി താരവുമായ സഞ്ജു സാംസണെതിരെ ആഞ്ഞടിച്ച് വെസ്റ്റ് ഇന്‍ഡീസ് ഇതിഹാസ താരം ഇയാന്‍ ബിഷപ്. താന്‍ സഞ്ജുവിന്റെ ആരാധകനാണെന്നും എന്നാല്‍ ഇന്ത്യന്‍ ടീമിലെത്താനുള്ള സാധ്യതകള്‍ ഇല്ലാതാക്കാനാണ് സഞ്ജു സ്വയം ശ്രമിക്കുന്നതെന്നും ബിഷപ് കുറ്റപ്പെടുത്തി.
‘രാജ്യാന്തര ക്രിക്കറ്റിലേക്ക് മടങ്ങി വരാന്‍ പോന്ന ഫോമിലാണ് സഞ്ജു ഇപ്പോള്‍ കളിക്കുന്നത്. മികച്ച രീതിയില്‍ റണ്‍സ് സ്‌കോര്‍ ചെയ്യാനുള്ള അവസരവും സഞ്ജു സ്വയം നഷ്ടപ്പെടുത്തുകയാണ്.
ബട്‌ലര്‍ പെട്ടന്ന് പുറത്തായപ്പോള്‍ ടീമിനെ മുന്നില്‍ നിന്നും നയിക്കുകയായിരുന്നു സഞ്ജു ചെയ്യേണ്ടിയിരുന്നത്.
സഞ്ജു ഫോം ഔട്ടേയല്ല. അത് കേവലം ഹസരങ്കയും സഞ്ജുവും തമ്മിലുള്ള മത്സരം മാത്രമായിരുന്നു. അത് അവന് അറിയുകയും ചെയ്യാം, അവന് ഭംഗിയായി സമ്മര്‍ദ്ദത്തില്‍ നിന്നും ഇറങ്ങി വരാനും സാധിക്കുന്നവനാണ്.
താന്‍ ഏറെ കാലമായി സഞ്ജുവിന്റെ ആരാധകനാണ്. എന്നാല്‍ മോശം ഷോട്ട് സെലക്ഷന്‍ കാരണം സ്‌കോര്‍ ചെയ്യാനുള്ള അവസരവും തന്റെ വിക്കറ്റും സഞ്ജു പാഴാക്കി കളയുന്നു,’ ബിഷപ് പറയുന്നു.
ബിഷപ്പിന് പുറമെ ന്യൂസിലാന്‍ഡ് താരം ഡാനിയല്‍ വെറ്റോറിയും സഞ്ജുവിനെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു. ഈ സീസണ്‍ തന്നെ സംബന്ധിച്ച് എളുപ്പമാണ് എന്ന മനോഭാവമാണ് സഞ്ജുവിനെന്നും അതുകൊണ്ട് വ്യത്യസ്തമായ എതെങ്കിലും ശ്രമിക്കാം എന്നാണ് സഞ്ജു ചിന്തിക്കുന്നത് എന്നുമായിരുന്നു വെറ്റോറി പറഞ്ഞത്.
കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ മികച്ച ഫോമില്‍ നില്‍ക്കുമ്പോഴായിരുന്നു അനാവശ്യ ഷോട്ടിന് മുതിര്‍ന്ന് സഞ്ജു പുറത്തായത്. വാനിന്ദു ഹസരങ്കയുമായുള്ള പോരാട്ടത്തില്‍ മേല്‍ക്കൈ നേടണമെന്നുള്ള ആഗ്രഹത്തിന്റെ പുറത്താണ് താരം സ്വിച്ച് ഷോട്ടിന് മുതിര്‍ന്നതും പുറത്തായതും.