ടി-20 ലോകകപ്പിന്റെ സൂപ്പര്‍ 8ല്‍ ഇന്ന് നടക്കുന്ന നിര്‍ണായക മത്സരത്തില്‍ ഇന്ത്യയും ഓസ്ട്രേലിയയുമാണ് നേര്‍ക്കുനേര്‍ ഏറ്റുമുട്ടുന്നത്. നിലവില്‍ സൂപ്പര്‍ എട്ടിലെ ഒന്നാം ഗ്രൂപ്പില്‍ ഒരു ടീമും സെമിയിലേക്ക് യോഗ്യത നേടിയിട്ടില്ല.
സൂപ്പര്‍ എട്ടില്‍ നടന്ന ആദ്യ രണ്ടു മത്സരങ്ങളും വിജയിച്ചുകൊണ്ട് നാല് പോയിന്റോടെ ഒന്നാം സ്ഥാനത്താണ് രോഹിത് ശര്‍മയും സംഘവും. ബംഗ്ലാദേശിനെയും അഫ്ഗാനിസ്ഥാനെയുമാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. എന്നാല്‍ ആദ്യ രണ്ടു മത്സരങ്ങളും വിജയിച്ചിട്ടും ഇന്ത്യയ്ക്ക് ഇതുവരെ സെമിയിലേക്ക് യോഗ്യത നേടാന്‍ സാധിച്ചിട്ടില്ല.
കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ അഫ്ഗാനിസ്ഥാന്‍ ഓസ്ട്രേലിയയെ 21 പരാജയപ്പെടുത്തിയിരുന്നു. അതുകൊണ്ട് തന്നെ സെമിയിലേക്ക് മുന്നേറണമെങ്കില്‍ ഓസ്ട്രേലിയക്ക് വിജയം അനിവാര്യമാണ്.
ഈ മത്സരത്തിന് മുന്നോടിയായി ഇന്ത്യന്‍ സ്റ്റാര്‍ വിരാട് കോഹ്‌ലിയെ പ്രശംസിച്ചുകൊണ്ട് മുന്നോട്ട് വന്നിരിക്കുകയാണ് മുന്‍ വെസ്റ്റ് ഇന്‍ഡീസ് താരം കര്‍ട്ട്‌ലിം അംബ്രോസ്.
‘വിരാട് ഒരു മഹാനായ മനുഷ്യനാണ്. ഞാന്‍ അദ്ദേഹത്തിന്റെ വളരെ വലിയൊരു ആരാധകനാണ്. നിങ്ങള്‍ സച്ചിനെയും വിരാടിനെയും ഒരിക്കലും താരതമ്യം ചെയ്യാന്‍ എന്നോട് ആവശ്യപ്പെടരുത്. കാരണം അവര്‍ രണ്ടുപേരും മികച്ച താരങ്ങളാണ്. വ്യത്യസ്ത കാലഘട്ടങ്ങളില്‍ കളിച്ച താരങ്ങളെ കുറിച്ച് ആളുകള്‍ പല രീതിയില്‍ ചര്‍ച്ച ചെയ്യും. ഞാന്‍ അത്തരം കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഇഷ്ടപ്പെടുന്നില്ല.
മികച്ച താരങ്ങളെ നോക്കുകയാണെങ്കില്‍ ഞാന്‍ അവരെ എങ്ങനെ വിലയിരുത്തും എന്നതിനെ കുറിച്ചാണ് എനിക്ക് സംസാരിക്കാന്‍ ഉള്ളത്. ഇപ്പോള്‍ വിരാടിന് പോലുള്ള താരങ്ങളാണ് ക്രിക്കറ്റില്‍ ആധിപത്യം പുലര്‍ത്തുന്നത്. എന്റെ കാലഘട്ടത്തിലോ അതിനുമുമ്പോ ആയി ഇത്തരത്തില്‍ മികച്ച പ്രകടനങ്ങള്‍ നടത്താന്‍ സാധിക്കുമോ എന്നതാണ് എന്റെ ചോദ്യം.
കോഹ്‌ലിക്ക് അത് ചെയ്യാന്‍ സാധിക്കുമെന്നാണ് ഞാന്‍ കരുതുന്നത്. റിക്കി പോണ്ടിങ്, സച്ചിന്‍ എന്നിവരെല്ലാം മികച്ച താരങ്ങളാണ്. കാരണം അവര്‍ക്ക് എല്ലാ കാലഘട്ടത്തിലും മികച്ച പ്രകടനം നടത്താന്‍ സാധിക്കും,’ മുന്‍ വെസ്റ്റ് ഇന്‍ഡീസ് താരം സ്‌പോര്‍ട്‌സ് ടോക്കിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.