പണമൊഴുക്കിന്റെ കളിയാണ് ക്രിക്കറ്റ്. പണം വാരിയെറിയുന്ന ഐ.പി.എല്‍, ബി.ബി.എല്‍ പോലുള്ള ഫ്രാഞ്ചൈസി ലീഗുകളും താരങ്ങള്‍ക്ക് ശമ്പളം വാരിക്കോരി നല്‍കുന്ന ഇന്ത്യ, ഓസ്‌ട്രേലിയ, ഇംഗ്ലണ്ട് പോലുള്ള ക്രിക്കറ്റ് ബോര്‍ഡുകളും ക്രിക്കറ്റിന്റെ പണമൊഴുക്ക് വ്യക്തമാക്കുന്നതാണ്.
എന്നാല്‍ എന്തിനും ഒരു മറുപുറം ഉണ്ട് എന്നതുപോലെയാണ് ക്രിക്കറ്റിന്റെ കാര്യത്തിലും. താരങ്ങള്‍ക്ക് കൃത്യമായി ശമ്പളം നല്‍കാനോ ക്രിക്കറ്റ് എക്വിപ്‌മെന്റ്‌സ് വാങ്ങാനോ കാശില്ലാത്ത ക്രിക്കറ്റ് ബോര്‍ഡുകളും ഇവിടെയുണ്ട്. അത്തരത്തില്‍ ഒരു ക്രിക്കറ്റ് ബോര്‍ഡാണ് വെസ്റ്റ് ഇന്‍ഡീസിന്റെത്.
ഒരു കൂട്ടം ദ്വീപുസമൂഹത്തിലെ ടാലന്റഡായ ഒട്ടേറെ കളിക്കാര്‍ ഒത്തുചേരുന്നതാണ് വിന്‍ഡീസിന്റെ ക്രിക്കറ്റ് ടീം. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ ബോര്‍ഡുകളിലൊന്നും വിന്‍ഡീസിന്റെത് തന്നെ.
ഇക്കാരണം കൊണ്ടാണ് വെസ്റ്റ് ഇന്‍ഡീസ് താരങ്ങള്‍ ലോകത്തിലുള്ള എല്ലാ ഫ്രാഞ്ചൈസി ലീഗുകളിലും കളിക്കാന്‍ നിര്‍ബന്ധിതരാവുന്നത്. ഇതിന്റെ പേരില്‍ ട്രോള്‍ ഗ്രൂപ്പുകളില്‍ വിന്‍ഡീസ് താരങ്ങളെ എടുത്തിട്ടലക്കുന്നവര്‍ക്ക് പോലും അവരുടെ സാമ്പത്തിക പ്രതിസന്ധിയെ പറ്റി കൃത്യമായ ധാരണയുണ്ടാകില്ല.
ഇക്കാര്യം അടിവരയിട്ടുറപ്പിക്കുന്ന ഒരു സംഭവമാണ് ഇപ്പോള്‍ നടന്നിരിക്കുന്നത്. മുന്‍ ഇന്ത്യന്‍ താരമായ സച്ചിനോട് സാമ്പത്തിക സഹായം ആവശ്യപ്പെട്ടിരിക്കുകയാണ് മുന്‍ വെസ്റ്റ് ഇന്‍ഡീസ് സൂപ്പര്‍ താരം വിന്‍സ്റ്റണ്‍ ബെഞ്ചമിന്‍.
തനിക്ക് വേണ്ടിയല്ല താനിപ്പോള്‍ സച്ചിനോട് സഹായം അഭ്യര്‍ത്ഥിക്കുന്നതെന്നും ഇവിടെ വളര്‍ന്നുവരുന്ന താരങ്ങള്‍ക്ക് ബാറ്റും മറ്റ് ക്രിക്കറ്റ് ഉപകരണങ്ങളും വാങ്ങുന്നതിനായാണ് സഹായം അഭ്യര്‍ത്ഥിക്കുന്നതെന്നും ബെഞ്ചമിന്‍ പറയുന്നു.
പ്രശസ്ത സ്‌പോര്‍ട്‌സ് ജേര്‍ണലിസ്റ്റായ വിമല്‍ കുമാര്‍ യൂട്യൂബില്‍ പങ്കുവെച്ച വീഡിയോയിലാണ് അദ്ദേഹം ഇക്കാര്യം പറയുന്നത്.
‘നേരത്തെ ഞങ്ങള്‍ ഷാര്‍ജയില്‍ ഒരു ടൂര്‍ണമെന്റ് കളിക്കാറുണ്ടായിരുന്നു. അത് പല താരങ്ങളെയും സാമ്പത്തികമായി സഹായിച്ചിരുന്നു. അത്തരത്തിലുള്ള സഹായം ഞാന്‍ ചോദിക്കുന്നില്ല. എനിക്ക് വേണ്ടത് കുറിച്ച് ക്രിക്കറ്റ് എക്വിപ്‌മെന്റുകളാണ്.
ആരെങ്കിലും എന്നോട് ‘ഇതാ 10-15 ക്രിക്കറ്റ് ബാറ്റുകള്‍’ എന്ന് പറഞ്ഞാല്‍ മാത്രം മതി. 20,000 ഡോളറൊന്നും എനിക്ക് വേണ്ട. എനിക്ക് കുറച്ച് ക്രിക്കറ്റ് എക്വിപ്‌മെന്റുകല്‍ മാത്രമാണ്. എന്നാല്‍ എനിക്ക് ഇവിടെയുള്ള യുവ ക്രിക്കറ്റര്‍മാരെ സഹായിക്കാന്‍ സാധിക്കും.
മിസ്റ്റര്‍ ടെന്‍ഡുല്‍ക്കര്‍, നിങ്ങള്‍ക്ക് സാധിക്കുമെങ്കില്‍ എന്നെയൊന്ന് സഹായിക്കാമോ? ഇതാണ് എന്റെ ഫോണ്‍ നമ്പര്‍,’ ബെഞ്ചമിന്‍ പറഞ്ഞു.
നേരത്തെ തനിക്ക് ഇത്തരത്തില്‍ സഹായമെത്തിച്ച മുന്‍ ഇന്ത്യന്‍ നായകനും തന്റെ സുഹൃത്തുമായ അസറുദ്ദീനോടുള്ള നന്ദിയും അദ്ദേഹം വ്യക്തമാക്കി.
1986 മുതല്‍ 1995 വരെയുള്ള കാലത്തായിരുന്നു ബെഞ്ഡമിന്‍ വിന്‍ഡീസിനായി പന്തെറിഞ്ഞത്. കരീബിയന്‍സിന് വേണ്ടി 21 ടെസ്റ്റ് മത്സരവും 85 ഏകദിനവും കളിച്ച അന്നത്തെ സ്റ്റാര്‍ പേസര്‍ 161 വിക്കറ്റും സ്വന്തമാക്കിയിരുന്നു.
Content Highlight: Former West Indies pacer Winston Benjamin appealed to Sachin Tendulkar for help