| Tuesday, 25th January 2022, 10:36 pm

പത്മഭൂഷണ്‍ നിരസിച്ച് ബുദ്ധദേവ് ഭട്ടാചാര്യ; തീരുമാനം പാര്‍ട്ടിയുമായി തീരുമാനിച്ച്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ദല്‍ഹി: രാജ്യത്തെ മൂന്നാമത് പരമോന്നത സിവിലയന്‍ ബഹുതിയായ പത്മഭൂഷണ്‍ നിരസിച്ച് മുന്‍ ബംഗാള്‍ മുഖ്യമന്ത്രിയും മുന്‍ സി.പി.ഐ.എം പോളിറ്റ് ബ്യൂറോ അംഗവുമായ ബുദ്ധദേവ് ഭട്ടാചാര്യ.

താന്‍ പുരസ്‌കാരം നിരസിക്കുന്നു എന്ന ബുദ്ധദേവ് തന്നെയാണ് അറിയിച്ചിരിക്കുന്നത്. പാര്‍ട്ടിയുമായി തീരുമാനിച്ചാണ് പുരസ്‌കാരം നിരസിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. സീതാറം യെച്ചൂരിയാണ് ബുദ്ധദേവിന്റെ പ്രസ്താവന ട്വിറ്ററിലൂടെ പങ്കുവെച്ചത്.

‘പത്മ ഭൂഷണ്‍ പുരസ്‌കാരത്തെ പറ്റി എനിക്കൊന്നും അറിയില്ല. ആരും അതിനെ കുറിച്ച് ഒന്നും പറഞ്ഞില്ല. അഥവാ എനിക്ക് പത്മഭൂഷണ്‍ സമ്മാനിച്ചിട്ടുണ്ടെങ്കില്‍ അത് സ്വീകരിക്കാന്‍ ഞാന്‍ വിസമ്മതിക്കുന്നു,’ ബുദ്ധദേവ് വ്യക്തമാക്കുന്നു.

ചൊവ്വാഴ്ചയായിരുന്നു റിപബ്ലിക് ദിനവുമായി ബന്ധപ്പെട്ട് പത്മ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്.

128 പേര്‍ക്കാണ് ഇത്തവണ പത്മപുരസ്‌കാരങ്ങള്‍ സമ്മാനിക്കുന്നത്.

4 പേര്‍ക്കാണ് രാജ്യത്തെ രണ്ടാമത്തെ ഏറ്റവും വലിയ സിവിലിയന്‍ പുരസ്‌കാരമായ പത്മവിഭൂഷണ്‍ സമ്മാനിക്കുന്നത്. 17 പേര്‍ക്ക് പത്മഭൂഷണും 107 പേര്‍ക്ക് പത്മശ്രീയും സമ്മാനിക്കും.

പുരസ്‌കാര ജേതാക്കളില്‍ 34 പേര്‍ സ്ത്രീകളും 10 പേര്‍ വിദേശികളുമാണ് (എന്‍.ആര്‍.ഐ, പി.ഐ.ഒ, ഒ.സി.ഐ). 13 പേര്‍ക്ക് മരണാനന്തര ബഹുമതിയായും പുരസ്‌കാരം സമര്‍പ്പിക്കും.

ഹെലികോപ്റ്റര്‍ അപകടത്തില്‍ മരണപ്പെട്ട സംയുക്ത സൈനിക മേധാവി ജനറല്‍ ബിപിന്‍ റാവത്ത് പത്മവിഭൂഷണ്‍ പുരസ്‌ക്കാരത്തിന് അര്‍ഹനായി. മരണാനന്തര ബഹുമതിയായാണ് റാവത്തിന് പത്മവിഭൂഷന്‍ സമര്‍പ്പിക്കുന്നത്.

റാവത്തിനെ കൂടാതെ പ്രഭ ആത്രെ, രാധേശ്യാം ഖെംക (മരണാനന്തരം), കല്യാണ്‍ സിങ് (മരണന്തരം) എന്നിവരും പത്മവിഭൂഷണ്‍ പുരസ്‌ക്കാരത്തിന് അര്‍ഹനായി.

കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ്, വിക്ടര്‍ ബാനര്‍ജി, ഗുര്‍മീത് ബാവ, നടരാജന്‍ ചന്ദ്രശേഖരന്‍, കൃഷ്ണ എല്ല-സുചിത്ര എല്ല, മധുര്‍ ജാഫ്രി, ദേവേന്ദ്ര ഝഝാര്യ, റാഷിദ് ഖാന്‍, രാജിവ് മെഹര്‍ഷി, മൈക്രോസോഫ്റ്റ് സി.ഇ.ഒ സത്യനാരായണ നാദെല്ല, ആല്‍ഫബെറ്റ് സി.ഇ.ഒ സുന്ദര്‍ പിച്ചൈ, സൈറസ് പൂനെവാല, സഞ്ജയ രാജാറാം, പ്രതിഭ റേ, സ്വാമി സച്ചിതാനന്ദ്, വസിഷ്ഠ് ത്രിപാഠി എന്നിവരായിരുന്നു ബുദ്ധദേവിനൊപ്പം പത്മഭൂഷണ്‍ പുരസ്‌ക്കാരത്തിന് അര്‍ഹരായിരുന്നത്.

ഇത്തവണ നാല് മലയാളികളും പത്മ പുരസ്‌കാരത്തിന് അര്‍ഹരായി. ശങ്കരനാരായണന്‍ മേനോന്‍ ചുണ്ടയില്‍ (കായികം), ശോശാമ്മ ഐപ്പ് (മൃഗസംരക്ഷണം), പി.നാരായണ കുറുപ്പ് (സാഹിത്യം-വിദ്യാഭ്യാസം), കെ.വി. റാബിയ (സാമൂഹികപ്രവര്‍ത്തനം) എന്നിവരാണ് പത്മശ്രീ പുരസ്‌ക്കാരത്തിന് അര്‍ഹരായ മലയാളികള്‍.

ഇവര്‍ക്ക് പുറമെ ഒളിമ്പിക്സ് സ്വര്‍ണമെഡല്‍ ജേതാവ് നീരജ് ചോപ്ര, പ്രമോദ് ഭഗത്, വന്ദന കതാരിയ ഗായകന്‍ സോനു നിഗം എന്നിവരാണ് പത്മശ്രീ നേടിയവരില്‍ പ്രമുഖര്‍.

Content highlight: Former West Bengal CM Buddhadeb Bhattacharya Refuces Padma Bhooshan Award

We use cookies to give you the best possible experience. Learn more