മെസി ഇല്ലെങ്കിലും അവർ കപ്പടിക്കും: വമ്പൻ പ്രസ്താവനയുമായി മുൻ അമേരിക്കൻ താരം
Football
മെസി ഇല്ലെങ്കിലും അവർ കപ്പടിക്കും: വമ്പൻ പ്രസ്താവനയുമായി മുൻ അമേരിക്കൻ താരം
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 9th August 2024, 3:24 pm

അര്‍ജന്റൈന്‍ ഇതിഹാസം ലയണല്‍ മെസി നിലവില്‍ പരിക്കിന്റെ പിടിയിലാണ്. പരിക്കിന് പിന്നാലെ മെസിക്ക് ഇന്റര്‍ മയാമിക്കൊപ്പമുള്ള കഴിഞ്ഞ മത്സരങ്ങള്‍ നഷ്ടമായിരുന്നു. മെസി ഇതുവരെ അമേരിക്കന്‍ ക്ലബ്ബിനൊപ്പം പരിശീലനം ആരംഭിച്ചിട്ടില്ലെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.

ഇപ്പോഴിതാ മെസിയുടെ പരിക്ക് ഇന്റര്‍ മയാമിയെ എങ്ങനെ ബാധിക്കുമെന്ന് പറഞ്ഞിരിക്കുകയാണ് മുൻ അമേരിക്കൻ താരം സച്ച ക്ലജെസ്താന്‍. മെസി ഇല്ലെങ്കിലും ഇന്റര്‍ മയാമിക്ക് ലീഗില്‍ കിരീടം നേടാനും മികച്ച പ്രകടനം നടത്താനും സാധിക്കുമെന്നാണ് ക്ലജെസ്താന്‍ പറഞ്ഞത്. മേജര്‍ ലീഗ് സോക്കറിന്റെ ഒഫീഷ്യല്‍ വെബ്‌സൈറ്റിലൂടെ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘മെസിക്ക് പരിക്കുപറ്റിയെങ്കിലും എം.എല്‍.എസിന്റെ പോയിന്റ് പട്ടികയില്‍ മയാമി മുന്നോട്ടുപോകും. വെറ്ററന്‍ താരമായ സെര്‍ജിയോ ബസ്‌ക്വറ്റ്‌സ്, ജോര്‍ഡി ആല്‍ബ, ലൂയി സുവാരസ് എന്നീ മികച്ച താരങ്ങള്‍ മയാമിക്കുണ്ട്. ഒളിമ്പിക്‌സ് ഫുട്‌ബോള്‍ കഴിഞ്ഞു മടങ്ങിയെത്തുന്ന ഡീഗോ ഗോമസിനെ പോലുള്ള താരങ്ങള്‍ക്കും വലിയ തരംഗം സൃഷ്ഠിക്കാന്‍ കഴിയും. അതുകൊണ്ടുതന്നെ നോക്കൗട്ട് ടൂര്‍ണമെന്റുകളില്‍ വിജയിക്കാമെന്നും അവര്‍ക്ക് ഒരുപാട് ദൂരം പോവാനുള്ള നിലവാരമുണ്ടെന്നും തെളിയിച്ചു കഴിഞ്ഞു,’ ക്ലജെസ്താന്‍ പറഞ്ഞു.

അടുത്തിടെ അവസാനിച്ച കോപ്പ അമേരിക്കയുടെ ഫൈനലില്‍ ആയിരുന്നു മെസിക്ക് പരിക്ക് പറ്റിയത്. മത്സരത്തിന്റെ ആദ്യ പകുതിയില്‍ കൊളംബിയന്‍ താരം സാന്റിയാഗോ അരീസാണ് മെസിയെ ടാക്കിള്‍ ചെയ്തത്.ഇതിന് പിന്നാലെ മെസിക്ക് പരിക്കേല്‍ക്കുകയും എന്നാല്‍ ഇതിനെയെല്ലാം മറികടന്നുകൊണ്ട് താരം കളിക്കളത്തില്‍ തുടരുകയും ആയിരുന്നു.

ഒടുവില്‍ രണ്ടാം പകുതിയില്‍ പരിക്ക് കൂടുതല്‍ വഷളായതോടെ മെസി മത്സരം പൂര്‍ത്തിയാക്കാതെ മടങ്ങുകയായിരുന്നു. ഒടുവില്‍ എക്‌സ്ട്രാ ടൈമില്‍ ലൗട്ടാരോ മാര്‍ട്ടിനസിന്റെ ഗോളിലൂടെയാണ് അര്‍ജന്റീന കോപ്പ അമേരിക്ക ചാമ്പ്യന്‍മാരായത്. കോപ്പ അമേരിക്കക്ക് ശേഷം നടന്ന അഞ്ച് മത്സരങ്ങളില്‍ മായാമിക്ക് വേണ്ടി മെസി കളിച്ചിരുന്നില്ല.

അതേസമയം ലീഗ്സ് കപ്പില്‍ ടോറോന്റോയെ മൂന്നിനെതിരെ നാല് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിക്കൊണ്ട് മയാമി അണ്ടര്‍ 16ലേക്ക് മുന്നേറിയിരുന്നു. എം.എല്‍.എസില്‍ നിലവില്‍ 25 മത്സരങ്ങളില്‍ നിന്നും 16 വിജയവും അഞ്ചു സമനിലയും നാല് തോല്‍വിയുമായി 53 പോയിന്റുമായി ഒന്നാം സ്ഥാനത്താണി മയാമി.

 

Content Highlight: Former USA Player Talks About Lionel Messi Injury