Advertisement
Sports
കോടികള്‍ കൊടുത്ത് വാങ്ങിയ കളിക്കാരനാ, പക്ഷെ കോച്ചിന് കണ്ടൂടാ, അവന്‍ ഈ വഴി വന്നാല്‍ അയാള്‍ ആ വഴി പോകും; ചെല്‍സിയിലെ 'അസാധാരണ ഇഷ്ടക്കേട്' വെളിപ്പെടുത്തി മുന്‍ താരം
സ്പോര്‍ട്സ് ഡെസ്‌ക്
2022 Oct 22, 02:39 pm
Saturday, 22nd October 2022, 8:09 pm

ചെല്‍സി കോച്ച് ഗ്രഹാം പോട്ടര്‍ക്ക് ടീമിലെ പ്രധാന സ്‌ട്രൈക്കറെ ഇഷ്ടമല്ലെന്ന് പറയുകയാണ് മുന്‍ യു.എസ്
താരം എറിക് വ്യനാല്‍ഡ. 24കാരനായ ക്രിസ്റ്റ്യന്‍ പുലിസികിനോടാണ് കോച്ചിന് അസ്വാരസ്യമുള്ളതെന്നാണ് വ്യനാല്‍ഡയുടെ വാക്കുകള്‍.

പ്രീമിയര്‍ ലീഗില്‍ തുടര്‍ച്ചയായി മത്സരങ്ങളില്‍ പങ്കെടുക്കാന്‍ ക്രിസ്റ്റ്യന്‍ പുലിസികിനായിട്ടില്ല. പോട്ടറെത്തിനു മുമ്പും പുലിസിക്കിന് ഈ അവസ്ഥ നേരിടേണ്ടി വന്നിട്ടുണ്ട്.

തോമസ് ടുഷേലിനെ പുറത്താക്കിയതിന് പിന്നാലെയാണ് ഗ്രഹാം പോട്ടര്‍ ചെല്‍സിയുടെ കോച്ച് സ്ഥാനത്തേക്ക് എത്തുന്നത്. പോട്ടറിന് കീഴില്‍ ഒരേയൊരു മത്സരത്തില്‍ മാത്രമാണ് ഇതുവരെ പുലിസിക് കളത്തിലിറങ്ങിയിട്ടുള്ളത്.

സൗത്ത് ആംപ്റ്റണെതിരായ ആ മാച്ചില്‍ 2022-2023 സീസണിലെ തന്റെ ആദ്യ ഗോള്‍ താരം നേടുകയും ചെയ്തിരുന്നു. 3-0ത്തിനായിരുന്നു അന്ന് ചെല്‍സി ജയിച്ചത്.

റഹീം സ്റ്റെര്‍ലിങ്ങിനും മേസണ്‍ മൗണ്ടിനും അവസരങ്ങള്‍ നല്‍കുന്നതിനെ കുറിച്ചുള്ള ചോദ്യത്തോട് പ്രതികരിക്കുമ്പോഴാണ് വ്യനാല്‍ഡ പുലിസിക്കിനോടുള്ള പോട്ടറിന്റെ ഇഷ്ടക്കേടിനെ കുറിച്ച് പറഞ്ഞത്.

അമേരിക്കന്‍ സ്‌ട്രൈക്കര്‍ക്ക് മാച്ചില്‍ അവസരം നല്‍കാന്‍ പോയിട്ട്, താരത്തോട് പോട്ടര്‍ സംസാരിക്കാന്‍ പോലും തയ്യാറാകുന്നില്ലെന്നായിരുന്നു വ്യനാല്‍ഡ് പറഞ്ഞത്. എക്‌സ്പ്രസിനോടായിരുന്നു മുന്‍ അമേരിക്കന്‍ താരത്തിന്റെ പ്രതികരണം.

‘ഗ്രഹാം പോട്ടര്‍ ഈയിടെ പറഞ്ഞ കുറേ പ്രസ്താവനകളില്‍ നിന്നും പുലിസിക്കിനെ കുറിച്ചുള്ള അദ്ദേഹത്തിന്റെ അഭിപ്രായമെന്താണെന്ന് നമുക്ക് മനസിലാകുന്നുണ്ട്.

പുലിസിക് മൊത്തത്തില്‍ ഒരു നല്ല കളിക്കാരനാണ്. ക്ലബില്‍ നല്ല രീതിയില്‍ ഇടപെടുന്നയാളാണ്. അവരെല്ലാം അവനൊപ്പം നില്‍ക്കുന്നു എന്നിങ്ങനെയാണത്. പക്ഷെ ഇങ്ങനെയൊക്കെയാണെങ്കിലും പോട്ടര്‍ക്ക് പുലിസിക്കിനെ ഇഷ്ടമല്ല. പ്രത്യേകിച്ച് കാരണമൊന്നുമില്ല, അദ്ദേഹത്തിന് അവനെ ഇഷ്ടമല്ല അത്ര തന്നെ.

ഹാളിലൂടെ അവനാണ് നടന്നുവരുന്നതെങ്കില്‍ ഗ്രഹാം മറുവശത്തുള്ള വാതിലൂടെ പോകാന്‍ നോക്കും എന്ന അവസ്ഥയാണ്. എന്തിനേറെ പറയുന്നു, അവനോടൊന്ന് സംസാരിക്കാന്‍ പോലും അയാള്‍ക്ക് ഇഷ്ടമല്ല. പക്ഷെ ആരും ഇത് തുറന്നു സമ്മതിക്കില്ല,’ വ്യനാല്‍ഡ പറയുന്നു.

2019ലാണ് പുലിസിക് ചെല്‍സിയിലെത്തുന്നത്. ബൊറൂസിയ ഡോര്‍ട്മുണ്ടില്‍ നിന്നുമായിരുന്നു താരം പ്രീമിയര്‍ ലീഗ് ക്ലബിലെത്തിയത്. 60 മില്യണ്‍ യൂറോക്കായിരുന്നു അഞ്ച് വര്‍ഷത്തേക്കുള്ള ഈ കരാര്‍.

126 മാച്ചുകളിലാണ് ഇതുവരെ ചെല്‍സിക്ക് വേണ്ടി താരം ബൂട്ടണിഞ്ഞത്. അതില്‍ നിന്നും 26 ഗോളുകളും 20 അസിസ്റ്റുകളും താരം നേടിയിട്ടുണ്ട്.

Content Highlight: Former USA player says Graham Potter doesn’t like Pulisic