| Sunday, 28th January 2024, 11:01 pm

ഫലസ്തീനികള്‍ക്ക് വേണ്ടി അമേരിക്കയില്‍ സംസാരിക്കുന്നവരുടെ പിന്നില്‍ റഷ്യയും പുടിനും: മുന്‍ യു.എസ് സ്പീക്കര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാഷിങ്ടണ്‍: ഗസയില്‍ ഇസ്രഈല്‍ നടത്തുന്ന അതിക്രമങ്ങള്‍ക്കെതിരെ യു.എസില്‍ നടക്കുന്ന ഫലസ്തീന്‍ അനുകൂല പ്രതിഷേധങ്ങള്‍ റഷ്യയുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് മുന്‍ യു.എസ് സ്പീക്കര്‍ നാന്‍സി പെലോസി. ഇസ്രഈലിനെതിരായി പ്രതിഷേധങ്ങള്‍ നടത്തുന്നതിനായി ഫലസ്തീന്‍ അനുകൂലികള്‍ക്ക് റഷ്യ ധനസഹായം നല്‍കുന്നുണ്ടെന്നും അതില്‍ എഫ്.ബി.ഐ കൃത്യമായ അന്വേഷണം നടത്തണമെന്നും നാന്‍സി പെലോസി പറഞ്ഞു. സി.എന്‍.എന്നിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു മുന്‍ യു.എസ് സ്പീക്കര്‍.

ഗസയില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണമെന്നത് റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്റെ ആവശ്യമാണെന്നും ഫലസ്തീനില്‍ ഒരു തെറ്റും ചെയ്യരുതെന്ന ആശയം പുടിനുമായി ബന്ധപ്പെട്ടിരിക്കുന്നതായി കാണാന്‍ സാധിക്കുമെന്നും നാന്‍സി പെലോസി ചൂണ്ടിക്കാട്ടി.

അമേരിക്കയില്‍ ഗസയിലെ ഫലസ്തീനികള്‍ക്ക് വേണ്ടി ശബ്ദമുയര്‍ത്തുന്നതില്‍ ഏതാനും ചിലര്‍ ആത്മാര്‍ത്ഥതയുള്ളവരാണെന്ന് താന്‍ വിശ്വസിക്കുന്നുവെന്ന് നാന്‍സി പെലോസി അഭിമുഖത്തില്‍ വ്യക്തമാക്കി. എന്നാല്‍ താന്‍ ചൂണ്ടിക്കാട്ടിയ സാമ്പത്തിക ഇടപാടുകളെ കുറിച്ച് അന്വേഷണം നടത്തണമെന്ന് നാന്‍സി ഊന്നിപ്പറയുകയുണ്ടായി.

നാന്‍സി പെലോസി ഉയര്‍ത്തിയ ആരോപണങ്ങള്‍ക്ക് വ്യക്തമായ തെളിവുകള്‍ മുന്‍ യു.എസ് സ്പീക്കറുടെ പക്ഷം ഉണ്ടായിരുന്നുവെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ ഇസ്രഈലിന് നല്‍കുന്ന പിന്തുണയില്‍ രാജ്യ വ്യാപകമായി പ്രതിഷേധങ്ങള്‍ ഉയരുന്ന സാഹചര്യത്തില്‍ കൂടിയാണ് നാന്‍സി പെലോസിയുടെ ആരോപണങ്ങള്‍.

കഴിഞ്ഞ ദിവസങ്ങളില്‍ ഇസ്രഈലിലേക്കുള്ള സുരക്ഷാ സഹായത്തിന് ഉപാധികള്‍ ഏര്‍പ്പെടുത്തണമെന്ന പ്രമേയം അമേരിക്കന്‍ സെനറ്റ് തള്ളുകയും ചെയ്തിരുന്നു. പ്രമേയത്തെ ഭൂരിഭാഗം വരുന്ന സെനറ്റര്‍മാരും എതിര്‍ത്ത് വോട്ടുചെയ്തതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഗസയില്‍ നടത്തുന്ന ആക്രമണങ്ങളില്‍ ഇസ്രഈല്‍ മനുഷ്യാവകാശ ലംഘനം നടത്തുന്നുണ്ടോയെന്ന് പരിശോധിച്ച് 30 ദിവസത്തിനകം സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് റിപ്പോര്‍ട്ട് ഹാജരാക്കിയില്ലെങ്കില്‍ ഇസ്രഈലിനായുള്ള സുരക്ഷാ സഹായം മരവിപ്പിക്കണമെന്ന് ഏതാനും സെനറ്റര്‍മാര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പ്രമേയത്തെ 11 പേര്‍ പിന്തുണച്ചപ്പോള്‍ നൂറില്‍ 72 സെനറ്റര്‍മാരും പ്രമേയം മാറ്റിവെക്കാന്‍ വോട്ട് ചെയ്യുകയായിരുന്നു.

Content Highlight: Former US Speaker says that Russia will also stand behind those who speak for the Palestinians in the United States

We use cookies to give you the best possible experience. Learn more