| Friday, 1st March 2024, 10:16 am

'അവന്‍ ഒരിക്കലും തനിച്ചല്ല'; യൂണിഫോമുകള്‍ കൂട്ടിയിട്ട് കത്തിച്ച് ആരോണ്‍ ബുഷ്നലിന് യു.എസ് വിമുക്ത ഭടന്മാരുടെ ആദരവ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂയോര്‍ക്ക്: ഫലസ്തീനിലെ ഇസ്രഈല്‍ അധിനിവേശം അവസാനിപ്പിക്കണമെന്ന പ്രഖ്യാപനവുമായി സ്വയം തീകൊളുത്തി ആത്മഹത്യ ചെയ്ത യു.എസ് വ്യോമസേന ഉദ്യോഗസ്ഥന് അമേരിക്കന്‍ സൈനികരുടെ ഐക്യദാര്‍ഢ്യം. തങ്ങളുടെ യൂണിഫോമുകള്‍ അമേരിക്കയുടെ തെരുവുകളില്‍ കൂട്ടിയിട്ട് കത്തിച്ചുകൊണ്ടാണ് മരണപ്പെട്ട ആരോണ്‍ ബുഷ്നലിനോടുള്ള ആദരവ് യു.എസ് സൈനികര്‍ പ്രകടിപ്പിച്ചത്.

അമേരിക്കയുടെ വിവിധ സ്ഥലങ്ങളിലായി സൈനികര്‍ യൂണിഫോമുകള്‍ കൂട്ടിയിട്ട് കത്തിക്കുന്ന ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് സംഭവം പുറത്തുവന്നത്.

യു.എസിലെ മുന്‍ സൈനികര്‍ തങ്ങളുടെ യൂണിഫോമുകള്‍ മാറിമാറി തീയിലേക്ക് വലിച്ചെറിയുന്നത് ദൃശ്യത്തില്‍ കാണാവുന്നതാണ്. ‘ആരോണ്‍ ബുഷ്നലിനെ ഓര്‍ക്കുക, അവന്‍ ഒരിക്കലും തനിച്ചല്ല’ എന്ന മുദ്രാവാക്യം വിളിച്ചുകൊണ്ടാണ് മുന്‍ സൈനികര്‍ വ്യോമസേന ഉദ്യോഗസ്ഥന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചത്.

പ്രതിഷേധത്തില്‍ പങ്കെടുത്ത ഭൂരിഭാഗം സൈനികരും ‘തടവിലാക്കപ്പെട്ട ഫലസ്തീനികളെ മോചിപ്പിക്കുക, ഇസ്രഈലില്‍ നിന്ന് ഫലസ്തീനെ സ്വതന്ത്രമാക്കുക’ എന്ന് എഴുതിയ ബാനറുകളൂം ഉയര്‍ത്തിപ്പിടിച്ചിരുന്നതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഗസയിലെ ഇസ്രഈല്‍ ആക്രമണത്തില്‍ പ്രതിഷേധിച്ച് വാഷിങ്ടണിലെ ഇസ്രഈല്‍ എംബസിക്ക് മുമ്പില്‍ വെച്ച് ആരോണ്‍ ബുഷ്ണല്‍ സ്വയം തീകൊളുത്തുകയായിരുന്നു. ഗുരുതരമായ പരിക്കുകളോടെ 25കാരനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.

സാമൂഹ്യ മാധ്യമമായ ട്വിച്ചിലൂടെ ബുഷ്‌നല്‍ ലൈവ് വീഡിയോ സ്ട്രീം ചെയ്തുവെന്നും തീകൊളുത്തുന്നതിന് തൊട്ടുമുമ്പ് വംശഹത്യയോട് സന്ധി ചെയ്യാനില്ലെന്ന് വിളിച്ചുപറഞ്ഞിരുന്നതായും യു.എസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. തീ കൊളുത്തിയശേഷം തറയില്‍ വീഴുന്നത് വരെ അദ്ദേഹം ‘ഫലസ്തീനെ മോചിപ്പിക്കുക’ എന്ന് ഉറക്കെ വിളിച്ചുപറഞ്ഞുവെന്നും റിപ്പോര്‍ട്ടുണ്ട്.

അതേസമയം ഗസയിലെ ഇസ്രഈല്‍ വംശഹത്യയില്‍ ഇതുവരെ 30,000 ഫലസ്തീനികള്‍ കൊല്ലപ്പെട്ടതായി ഗസ ആരോഗ്യ മന്ത്രാലയം അറിയിച്ചു.
23 ലക്ഷം ജനസംഖ്യയുടെ 1.3 ശതമാനമാണ് ഒക്ടോബര്‍ ഏഴ് മുതലുള്ള ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടത്.

Content Highlight: Former US soldiers pay tribute to US Air Force officer by burning uniforms

We use cookies to give you the best possible experience. Learn more