| Thursday, 19th May 2022, 2:10 pm

റഷ്യയുടെ 'ക്രൂരമായ ഇറാഖ് അധിനിവേശം'; ജോര്‍ജ് ബുഷിന്റെ നാക്കുപിഴ വൈറലാക്കി സോഷ്യല്‍ മീഡിയ; ബുഷ് ഒടുവില്‍ സത്യം പറഞ്ഞെന്ന് പ്രതികരണം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂയോര്‍ക്ക്: മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ജോര്‍ജ് ബുഷിന് പ്രസംഗിക്കുന്നതിനിടെ വന്ന ഒരു നാക്കുപിഴയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കപ്പെടുന്നത്. റഷ്യയുടെ ഉക്രൈന്‍ അധിനിവേശത്തെ കുറിച്ച് സംസാരിക്കവെയായിരുന്നു ബുഷിന് Freudian slip സംഭവിച്ചത്.

റഷ്യയുടെ ഉക്രൈന്‍ അധിനിവേശത്തെ അപലപിച്ച് സംസാരിക്കവെ, റഷ്യ ഉക്രൈനില്‍ അധിനിവേശം നടത്തി എന്ന് പറയുന്നതിന് പകരം ഇറാഖില്‍ അധിനിവേശം നടത്തി എന്നാണ് അബദ്ധത്തില്‍ ബുഷ് തന്റെ പ്രസംഗത്തില്‍ പറഞ്ഞത്.

”ന്യായീകരിക്കാനാകാത്തതും ക്രൂരവുമായ രീതിയില്‍ ഇറാഖിനെ അധിനിവേശം ചെയ്യാന്‍, ഞാനുദ്ദേശിച്ചത് ഉക്രൈനിനെ അധിനിവേശം ചെയ്യാന്‍, ഒരു മനുഷ്യന്‍ എടുത്ത തീരുമാനം..,” എന്നായിരുന്നു പ്രസംഗത്തില്‍ ബുഷ് പറഞ്ഞത്. ഇറാഖ് എന്ന് പ്രസംഗത്തില്‍ പറഞ്ഞത് അപ്പോള്‍ തന്നെ തിരുത്തി ഉക്രൈന്‍ എന്നാക്കുന്നുണ്ട്.

ഇതിന് പിന്നാലെ ‘ഇറാഖും’ എന്ന് താഴ്ന്ന ശബ്ദത്തില്‍ പറഞ്ഞ ബുഷ് ‘എനിവേ 75’ എന്ന് തന്റെ പ്രായത്തെയും പ്രസംഗത്തില്‍ പരാമര്‍ശിക്കുന്നുണ്ട്. പ്രായം കാരണം സംഭവിച്ച പിഴവാണ് ഇതെന്ന് സൂചിപ്പിക്കാനായിരുന്നു 75 എന്ന് ബുഷ് പ്രസംഗത്തില്‍ പറഞ്ഞത്.

അതേസമയം, യു.എസിന്റെ നേതൃത്വത്തിലുള്ള സഖ്യം 2003ല്‍ ഇറാഖില്‍ അധിനിവേശം നടത്തിയ സമയത്ത് ജോര്‍ജ് ബുഷിന്റെ ഭരണകൂടമായിരുന്നു യു.എസ് ഭരിച്ചിരുന്നത്. ഇത് കൂടെ ചൂണ്ടിക്കാണിച്ചാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ ബുഷിന്റെ പ്രസംഗത്തെ ട്രോളുന്നത്.

യു.എസിന്റെ ഇറാഖ് അധിനിവേശം ക്രൂരമായിരുന്നു എന്ന സത്യം ഒടുവില്‍ ബുഷ് സമ്മതിച്ചു, എന്ന തരത്തിലും പ്രതികരണങ്ങളും പുറത്തുവരുന്നുണ്ട്.

യു.എസിന്റെ നേതൃത്വത്തില്‍ ബ്രിട്ടന്‍, ഓസ്‌ട്രേലിയ, പോളണ്ട് എന്നിവരടങ്ങിയ സഖ്യമായിരുന്നു 2003ല്‍ ഇറാഖ് അധിനിവേശം നടത്തിയത്. ടോണി ബ്ലെയര്‍ ആയിരുന്നു അന്ന് ബ്രിട്ടന്റെ പ്രധാനമന്ത്രി.

ജനാധിപത്യത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും ജനാധിപത്യം നേരിടുന്ന വെല്ലുവിളികളെക്കുറിച്ചും ഒരു പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കവെയായിരുന്നു ബുഷിന് നാക്കുപിഴ സംഭവിച്ചത്.

Content Highlight: Former US President George W Bush says Russia’s Iraq invasion was cruel, instead of Ukraine invasion, as a Freudian slip of tongue

We use cookies to give you the best possible experience. Learn more