| Friday, 20th August 2021, 11:57 am

1994ല്‍ രൂപീകരിച്ച താലിബാന്‍ 'ആയിരം വര്‍ഷമായി പോരാടുന്ന മികച്ച പോരാളി'കളെന്ന് ട്രംപ്; വിമര്‍ശനം ശക്തമാകുന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാഷിംഗ്ടണ്‍: അഫ്ഗാനിസ്ഥാന്‍ കീഴടക്കിയ താലിബാന്‍ ഭീകരര്‍ മികച്ച പോരാളികളാണെന്ന് അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അമേരിക്കന്‍ മാധ്യമമായ ഫോക്‌സ് ന്യൂസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ട്രംപിന്റെ പരാമര്‍ശം.

അമേരിക്കന്‍ പ്രസിഡന്റ് ആയിരുന്ന സമയത്ത് താന്‍ എങ്ങിനെയാണ് അഫ്ഗാന്‍ പ്രശ്‌നം കൈകാര്യം ചെയ്തതെന്ന് പറയുകയായിരുന്നു ട്രംപ്. ഇതിനിടെ ഒരു ചോദ്യത്തിന് മറുപടിയായിട്ടായിരുന്നു ട്രംപിന്റെ വിവാദ പരാമര്‍ശങ്ങള്‍.

‘അവര്‍ വളരെ ക്രൂരരാണെന്ന് ചരിത്രത്തിന് അറിയാം’ എന്ന് ആദ്യം പറഞ്ഞെങ്കിലും, ‘അവര്‍ ആയിരം വര്‍ഷമായി പോരാടുന്നു’ എന്ന് ട്രംപ് വിശേഷിപ്പിക്കുകയായിരുന്നു. ‘നല്ല പോരാളികള്‍’ എന്ന് താലിബാനെ ട്രംപ് വിശേഷിപ്പിക്കുകയും ചെയ്തു.

ട്രംപിന്റെ അഭിമുഖത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. 1994 ല്‍ മാത്രം രൂപീകരിച്ച താലിബാന്‍ എങ്ങിനെയാണ് ആയിരം വര്‍ഷമായി പോരാടുന്നവരാകുമെന്നാണ് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്.

നേരത്തെ താലിബാനിലെ അമേരിക്കന്‍ പിന്‍മാറ്റത്തെ വിമര്‍ശിച്ച് ട്രംപ് രംഗത്ത് എത്തിയിരുന്നു. അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ രാജിവെക്കണമെന്നായിരുന്നു ട്രംപ് പറഞ്ഞത്.

അഫ്ഗാന്‍ തലസ്ഥാന നഗരമായ കാബൂളിലേക്ക് കടന്ന താലിബാനെ പ്രതിരോധിക്കാന്‍ പോലും തയ്യാറാകാതെ കീഴടങ്ങിയത് അമേരിക്കന്‍ ചരിത്രത്തിലെ ഏറ്റവും നാണംകെട്ട അധ്യായമാണെന്നായിരുന്നു ട്രംപ് പറഞ്ഞത്.

എന്നാല്‍, ട്രംപ് സര്‍ക്കാര്‍ ഒപ്പുവെച്ച കരാര്‍ പ്രകാരമാണ് സൈനിക പിന്മാറ്റം നടത്തിയതെന്നാണ് ബൈഡന്‍ സര്‍ക്കാരിന്റെ വാദം.

20 വര്‍ഷത്തിന് ശേഷം അമേരിക്കന്‍ സൈന്യത്തെ പൂര്‍ണമായും പിന്‍വലിക്കാനുള്ള തീരുമാനമുണ്ടായതിന് പിന്നാലെയാണ് താലിബാന്‍ അഫ്ഗാനില്‍ ആക്രമണം ശക്തമാക്കിയതും കുറഞ്ഞ ദിവസങ്ങള്‍ക്കൊണ്ട് രാജ്യം പിടിച്ചടക്കിയതും.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Former US President Donald Trump says the Taliban have been fighting for 1,000 years, Video goes viral

Latest Stories

We use cookies to give you the best possible experience. Learn more