എന്നാല്‍ റെയ്ഡ് നടത്തിയിരുന്നോ ഇല്ലയോ, എന്തിനായിരുന്നു റെയ്ഡ് എന്നീ ചോദ്യങ്ങള്‍ക്ക് യു.എസിന്റെ ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്റെ ഭാഗത്ത് നിന്നും ഇതുവരെ ഔദ്യോഗിക പ്രതികരണമൊന്നും പുറത്തുവന്നിട്ടില്ല.
റെയ്ഡിന്റെ കാരണം സംബന്ധിച്ച വിശദീകരണം ട്രംപും പുറത്തുവിട്ടിട്ടില്ല.
ട്രംപിന്റെ വസതിയിലേക്ക് അയച്ച രഹസ്യരേഖകള്‍ തെറ്റായി കൈകാര്യം ചെയ്യുന്നതുമായി ബന്ധപ്പെട്ടാണ് എഫ്.ബി.ഐ ഏജന്റുമാര്‍ കോടതിയുടെ അനുമതിയോടെ തിരച്ചില്‍ നടത്തുന്നതെന്ന് റെയ്ഡ് നടത്തിയ അന്വേഷണസംഘത്തോട് അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് ഒന്നിലധികം യു.എസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
തന്റെ ‘ട്രൂത്ത് സോഷ്യല്‍’ എന്ന സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമില്‍ പോസ്റ്റ് ചെയ്ത പ്രസ്താവനയിലൂടെയാണ് ട്രംപ് റെയ്ഡ് വിവരം പുറത്തുവിട്ടത്.
”ഫ്‌ളോറിഡയിലെ പാം ബീച്ചിലുള്ള എന്റെ മനോഹരമായ വീട്, മാര്‍-എ-ലാഗോ, നിലവില്‍ ഉപരോധിച്ചിരിക്കുകയാണ്, ഒരു കൂട്ടം എഫ്.ബി.ഐ ഏജന്റുമാര്‍ റെയ്ഡ് നടത്തി കൈവശപ്പെടുത്തിയിരിക്കുകയാണ്,” പ്രസ്താവനയില്‍ പറഞ്ഞു.
ട്രപിന്റെ വസതിക്ക് പുറത്തുള്ള ഫൂട്ടേജ് ദൃശ്യങ്ങള്‍ വീടിന് പുറത്ത് പൊലീസ് കാറുകള്‍ നിര്‍ത്തിയിട്ടതായി കാണിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. അമേരിക്കന്‍ പതാകയും ട്രംപിന്റെ പേരും മുഖവും ആലേഖനം ചെയ്ത ബാനറുകളും പിടിച്ചുകൊണ്ട് വസതിക്ക് മുന്നില്‍ ട്രംപിനെ പിന്തുണക്കുന്നവര്‍ തടിച്ചുകൂടിയതായും ദൃശ്യങ്ങള്‍ കാണിക്കുന്നുണ്ട്.
”ഇത് പ്രോസിക്യൂട്ടോറിയല്‍ മിസ്‌കണ്ടക്ടും നീതിന്യായ വ്യവസ്ഥയുടെ ആയുധവല്‍ക്കരണവുമാണ്. 2024ലെ പ്രസിഡന്റ് തെരഞ്ഞെടപ്പില്‍ ഞാന്‍ മത്സരിക്കരുതെന്ന് ആഗ്രഹിക്കുന്ന തീവ്ര ഇടതുപക്ഷ ഡെമോക്രാറ്റുകളുടെ ഭാഗത്ത് നിന്നുള്ള ആക്രമണമാണിത്.
തകര്‍ന്ന, മൂന്നാം ലോക രാജ്യങ്ങളില്‍ മാത്രമേ ഇത്തരമൊരു ആക്രമണം നടക്കൂ. സങ്കടകരമെന്നു പറയട്ടെ, അമേരിക്ക ഇപ്പോള്‍ അത്തരമൊരു രാജ്യമായി മാറിയിരിക്കുന്നു,” ട്രംപ് പറഞ്ഞതായി ദി ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.
ട്രംപിന്റെ റിപബ്ലിക്കന്‍ പാര്‍ട്ടിയില്‍ നിന്നുള്ള ചില മുതിര്‍ന്ന നേതാക്കളും സമൂഹമാധ്യമ പ്ലാറ്റ്‌ഫോമിലൂടെ റെയ്ഡിനെ വിമര്‍ശിച്ച് രംഗത്തെത്തിയിട്ടുണ്ട്.
Content Highlight: Former US president Donald Trump Says his Florida home was raided by FBI