| Monday, 1st August 2022, 9:12 am

തുര്‍ക്കി പ്രസിഡന്റ് എര്‍ദോഗന്‍ സമാധാനത്തിനുള്ള ഒരു നൊബേല്‍ സമ്മാനം അര്‍ഹിക്കുന്നുണ്ട്: മുന്‍ അമേരിക്കന്‍ ഉദ്യോഗസ്ഥന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാഷിങ്ടണ്‍: തുര്‍ക്കി പ്രസിഡന്റ് റജബ് തയ്യിബ് എര്‍ദോഗന്‍ സമാധാനത്തിനുള്ള ഒരു നൊബേല്‍ സമ്മാനമെങ്കിലും അര്‍ഹിക്കുന്നുണ്ടെന്ന് അമേരിക്ക.

ഉക്രൈനിയന്‍ ധാന്യ കയറ്റുമതി കരാറിന് ഇടനിലക്കാരനായി പ്രവര്‍ത്തിച്ചുകൊണ്ടുള്ള ശ്രമങ്ങളുടെ പേരില്‍ എര്‍ദോഗന്‍ സമാധാനത്തിനുള്ള നോബല്‍ സമ്മാനത്തിന് നാമനിര്‍ദേശം ചെയ്യപ്പെടാന്‍ അര്‍ഹനാണെന്നാണ് മുന്‍ യു.എസ് ഉദ്യോഗസ്ഥന്‍ പറഞ്ഞത്.

തുര്‍ക്കിയിലെ എര്‍ദോഗന്റെ വിജയം (The triumph of Turkey’s Erdogan) എന്ന പേരില്‍ ഹില്‍ ന്യൂസ് വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് യു.എസിന്റെ മുന്‍ ഡിഫന്‍സ് അണ്ടര്‍സെക്രട്ടറിയായ ഡോവ് എസ്. സക്കെയിമിന്റെ (Dov S. Zakheim) പ്രതികരണം.

”സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരത്തിനെങ്കിലും നാമനിര്‍ദേശം ചെയ്യപ്പെടാന്‍ എര്‍ദോഗന്‍ അര്‍ഹനാണ്.

ഉക്രൈനിയന്‍ തുറമുഖങ്ങളില്‍ നിന്ന് കരിങ്കടലിലൂടെ ധാന്യങ്ങള്‍ കയറ്റുമതി ചെയ്യാനുള്ള അനുമതിക്ക് വേണ്ടി റഷ്യയും ഉക്രൈനും തമ്മില്‍ ഒരു കരാറുണ്ടാക്കാന്‍ ഐക്യരാഷ്ട്രസഭയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ എര്‍ദോഗന് സാധിച്ചു,” ലേഖനത്തില്‍ പറയുന്നതായി ടി.ആര്‍.ടി വേള്‍ഡ് റിപ്പോര്‍ട്ട് ചെയ്തു.

വെള്ളിയാഴ്ചയായിരുന്നു ലേഖനം വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചത്.

റഷ്യ സൃഷ്ടിച്ച തടസം കാരണം ഉക്രൈനില്‍ നിന്നുള്ള 22 ദശലക്ഷം ടണ്‍ ധാന്യം കയറ്റുമതി ചെയ്യാന്‍ സാധിച്ചില്ലെന്നും കരിങ്കടലിലെ ഖനികള്‍ ക്ലിയര്‍ ചെയ്യുന്നതുമായി ബന്ധപ്പെട്ട് റഷ്യയും ഉക്രൈനും തമ്മില്‍ അഭിപ്രായവ്യത്യാസങ്ങളുണ്ടെന്നും ഡോവ് എസ്. സക്കെയിം അഭിപ്രായപ്പെട്ടു.

”ഈ പ്രതിസന്ധി കാരണം അന്താരാഷ്ട്ര തലത്തില്‍ ഭക്ഷ്യവില കുതിച്ചുയരുകയും ദശലക്ഷക്കണക്കിന് ആളുകള്‍ പട്ടിണിയുടെ വക്കിലാകുകയും ചെയ്തു. ഇത് യൂറോപ്പിലേക്കുള്ള മറ്റൊരു കൂട്ട കുടിയേറ്റത്തിന്റെ സാധ്യതയാണ് സൃഷ്ടിക്കുന്നത്,” അദ്ദേഹം ലേഖനത്തില്‍ പറഞ്ഞു.

ഈ പുതിയ കരാര്‍ ഭക്ഷ്യധാന്യങ്ങളും വളവും കയറ്റുമതി ചെയ്യാന്‍ റഷ്യയെ അനുവദിക്കും, ‘ഈ കരാര്‍ അക്ഷരാര്‍ത്ഥത്തില്‍ ഒരു ലൈഫ് സേവര്‍ ആണ്,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘ഉക്രൈനിയന്‍ ധാന്യ കരാര്‍ തുര്‍ക്കി പ്രസിഡന്റിന്റെ വിജയത്തെ പ്രതിനിധീകരിക്കുന്നു എന്നതില്‍ യാതൊരു സംശയവുമില്ലെ’ന്നും യു.എസിന്റെ മുന്‍ ഡിഫന്‍സ് അണ്ടര്‍സെക്രട്ടറി പറഞ്ഞു.

കഴിഞ്ഞയാഴ്ചയായിരുന്നു തുര്‍ക്കിയുടെ മധ്യസ്ഥതയില്‍ ഇസ്താംബൂളില്‍ വെച്ച് ഉക്രൈന്‍ ധാന്യ കരാറില്‍ ഉക്രൈനും റഷ്യയും ഒപ്പുവെച്ചത്. യു.എന്നും ഇതില്‍ പങ്കാളിയായിരുന്നു. ഒഡേസ, ചേര്‍ണോമോഴ്‌സ്‌ക്, യഴ്‌നി (Odesa, Chernomorsk, and Yuzhny) എന്നീ ഉക്രൈനിയന്‍ തുറമുഖങ്ങളിലൂടെയുള്ള ധാന്യ കയറ്റുമതി പുനരാരംഭിക്കുന്നതിന് വേണ്ടിയായിരുന്നു കരാര്‍.

റഷ്യ- ഉക്രൈന്‍ യുദ്ധം കാരണമായിരുന്നു ഈ തുറമുഖങ്ങളിലൂടെയുള്ള ധാന്യ കയറ്റുമതിക്ക് മാസങ്ങളായി തടസം നേരിട്ടത്.

Content Highlight: Former US Defense Undersecretary says Turkey President Erdogan deserves to be nominated for Nobel Peace Prize, for Ukraine grain deal

We use cookies to give you the best possible experience. Learn more