വെടിവെപ്പിന് അനുമതി നിഷേധിച്ചത് നന്നായി; പള്ളി പൊളിച്ചതുകൊണ്ടാണ് ഇപ്പോള്‍ രാമക്ഷേത്രം നിര്‍മിക്കാന്‍ കഴിഞ്ഞത്: വിവാദ പ്രസ്താവനയുമായി കല്യാണ്‍സിംഗ്
Babri Masjid
വെടിവെപ്പിന് അനുമതി നിഷേധിച്ചത് നന്നായി; പള്ളി പൊളിച്ചതുകൊണ്ടാണ് ഇപ്പോള്‍ രാമക്ഷേത്രം നിര്‍മിക്കാന്‍ കഴിഞ്ഞത്: വിവാദ പ്രസ്താവനയുമായി കല്യാണ്‍സിംഗ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 1st August 2020, 10:45 am

ന്യൂദല്‍ഹി: ബാബരി മസ്ജിദ് വിഷയത്തില്‍ പുതിയ വെളിപ്പെടുത്തലുമായി ഉത്തര്‍പ്രദേശ് മുന്‍മുഖ്യമന്ത്രി കല്യാണ്‍സിംഗ്. പള്ളി തകര്‍ത്തതു കൊണ്ടാണ് ഇപ്പോള്‍ ക്ഷേത്രം നിര്‍മ്മിക്കാന്‍ കഴിഞ്ഞതെന്നാണ് വിവാദ പ്രസ്താവന.

ബാബരി മസ്ജിദ് പൊളിക്കാന്‍ കൂടിയ കര്‍സേവര്‍ക്കെതിരെ മജിസ്‌ട്രേറ്റ് വെടിവെപ്പിന് ഉത്തരവിട്ടിരുന്നു. എന്നാല്‍ താന്‍ അതിന് തയ്യാറായില്ലെന്നും ഉത്തരവ് നല്‍കാനുള്ള അപേക്ഷ തള്ളിക്കളഞ്ഞെന്നും കല്യാണ്‍സിംഗ് വ്യക്തമാക്കി.

മസ്ജിദ് പൊളിക്കാന്‍ ഒത്തുകൂടിയ മൂന്നരലക്ഷം കര്‍സേവര്‍ക്കെതിരെ വെടിവെപ്പ് നടത്തുന്നത് നിരവധി പേരുടെ ജീവനെടുക്കും. രാജ്യത്ത് അതിന്റെ പേരില്‍ ധാരാളം പ്രശ്‌നങ്ങളുണ്ടാകാനും സാധ്യതയുണ്ട്. അതിനാലാണ് ഉത്തരവ് തള്ളിയത്.

അതേസമയം പള്ളി പൊളിച്ച സംഭവത്തെയും കല്യാണ്‍സിംഗ് ന്യായികരിക്കുന്നുണ്ട്. അന്ന് എടുത്ത തീരുമാനത്തില്‍ തനിക്ക് അഭിമാനമുണ്ടെന്ന് കല്യാണ്‍ സിംഗ് ഹിന്ദുസ്ഥാന്‍ ടൈംസിനോട് പറഞ്ഞു.

രാമക്ഷേത്രത്തിലെ ഭൂമിപൂജയെ അനുകൂലിക്കാത്തവരാണ് പ്രതിപക്ഷം. അതിനാല്‍ അവരെ ചടങ്ങിലേക്ക് ക്ഷണിക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. ക്ഷേത്രം നിര്‍മ്മിക്കുന്നതോടെ അയോധ്യ ഇന്ത്യയിലെ തന്നെ ഏറ്റവും പ്രശസ്തമായ ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ ഒന്നായി മാറുമെന്നും നിരവധി പേര്‍ക്ക് ജോലി ലഭിക്കുമെന്നും കല്യാണ്‍സിംഗ് പറയുന്നു.

ബാബരി മസ്ജിദ് പൊളിച്ച സ്ഥലത്ത് രാമക്ഷേത്രം നിര്‍മ്മിക്കാന്‍ സുപ്രീംകോടതി അനുമതി നല്‍കിയിരുന്നു. അതേസമയം പള്ളി പൊളിച്ചത് ക്രിമിനല്‍ നടപടിയാണെന്ന കോടതിവിധിയില്‍ വ്യക്തമാക്കിയിരുന്നു.

ക്ഷേത്രനിര്‍മ്മാണത്തിന്റെ ഭാഗമായി നടക്കുന്ന ഭൂമിപൂജ ആഗസ്റ്റ് അഞ്ചിന് നടക്കാനിരിക്കെയാണ് കല്യാണ്‍സിംഗിന്റെ വിവാദ പരാമര്‍ശം.

പള്ളി പൊളിച്ച കേസിലെ പ്രധാന പ്രതിപ്പട്ടികയിലുള്‍പ്പെട്ട പ്രമുഖ ബി.ജെ.പി നേതാക്കളായ എല്‍.കെ.അദ്വാനി, ഉമാഭാരതി, എന്നിവരെ ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ട്. ഇവരെ കൂടാതെ യു.പി മുന്‍മുഖ്യമന്ത്രി കൂടിയായ കല്യാണ്‍ സിംഗും ഭൂമി പൂജയില്‍ പങ്കെടുക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ