ഒരു നാട് മുഴുവന്‍ ഒലിച്ചുപോയെന്ന് പറയുന്നത് ശരിയല്ല; വയനാട് ദുരന്തത്തെ നിസ്സാരവത്ക്കരിച്ച് വി. മുരളീധരന്‍
Kerala News
ഒരു നാട് മുഴുവന്‍ ഒലിച്ചുപോയെന്ന് പറയുന്നത് ശരിയല്ല; വയനാട് ദുരന്തത്തെ നിസ്സാരവത്ക്കരിച്ച് വി. മുരളീധരന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 19th November 2024, 1:16 pm

മുണ്ടക്കൈ: വയനാട് ദുരന്തത്തെ അങ്ങേയറ്റം നിസ്സാരവത്ക്കരിച്ച് ബിജെ.പി നേതാവ് വി.മുരളീധരന്‍. വയനാട്ടില്‍ ഒരു നാട് മുഴുവന്‍ ഒലിച്ചുപോയെന്ന് പറയുന്നത് ശരിയല്ലെന്നും രണ്ട് പഞ്ചായത്തിലെ മൂന്ന് വാര്‍ഡുകള്‍ മാത്രമാണ് തകര്‍ന്നതെന്നും പറഞ്ഞ് ദുരന്തത്തെ നിസാരവത്ക്കരിക്കുന്നതായിരുന്നു വി.മുരളീധരന്റെ പ്രസ്താവന. വൈകാരികമായി സംസാരിക്കുന്നതില്‍ അര്‍ത്ഥമില്ലെന്നും മുന്‍ കേന്ദ്ര മന്ത്രി പറഞ്ഞു.

‘വയനാട്ടില്‍ നാട് മുഴുവന്‍ ഒലിച്ചുപോയെന്ന് പറയരുത്. രണ്ട് പഞ്ചായത്തിലെ മൂന്ന് വാര്‍ഡുകള്‍ മാത്രമാണ് തകര്‍ന്നത്,’ വി.മുരളീധരന്‍ പറഞ്ഞു.

വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് പുനരധിവാസത്തിനും മറ്റും കേന്ദ്ര സഹായം ലഭിക്കാത്തതിനെ തുടര്‍ ന്ന് എല്‍.ഡി.എഫും യു.ഡി.എഫും സംയുക്ത ഹര്‍ത്താല്‍ നടത്തുന്ന പശ്ചാത്തലത്തില്‍ വാര്‍ത്താ സമ്മേളനത്തിലാണ് വി. മുരളീധരന്റെ പരാമര്‍ശം.

മുണ്ടക്കൈ- ചൂരല്‍മല മേഖലയിലുണ്ടായ ദുരന്തത്തെ നിസ്സാരമായി കാണാനും ചെറുതായി കാണാനും ശ്രമിച്ചതില്‍ വലിയ തോതിലുള്ള വിമര്‍ശനങ്ങളാണ് മുരളീധരന് നേരെ ഉയരുന്നത്.

മുരളീധരന്റെ പരാമര്‍ശത്തില്‍ വയനാട് എം.എല്‍.എ ടി. സിദ്ദിഖ്, ജില്ലാ കണ്‍വീനര്‍ സി.കെ. ശശീന്ദ്രന്‍ തുടങ്ങിയ നിരവധി നേതാക്കളാണ് വിമര്‍ശനവുമായി രംഗത്തെത്തുന്നത്.

വി. മുരളീധരന്‍  മാപ്പുപറയണമെന്ന് എല്‍.ഡി.എഫും യു.ഡി.എഫും ആവശ്യപ്പെട്ടു. ബി.ജെ.പിയുടെ തനിനിറം ഒരിക്കല്‍ കൂടി പുറത്തായെന്നും മൂന്ന് വാര്‍ഡുകളിലുള്ളവര്‍ മനുഷ്യരല്ലേയെന്നുമാണ് ടി.സിദ്ദിഖ് വിമര്‍ശിച്ചത്.

Content Highlight: former union minister v. muraleedharan about wayanad land slide