ഹൈദരാബാദ്: മുന്‍കേന്ദ്രമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ എസ്. ജയ്പാല്‍ റെഡ്ഡി(77) അന്തരിച്ചു. ഞായറാഴ്ച പുലര്‍ച്ചെ ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കടുത്ത പനിയെ തുടര്‍ന്ന് കഴിഞ്ഞ കുറച്ചു ദിവസമായി അദ്ദേഹം ചികിത്സയിലായിരുന്നു.
1942-ല്‍ തെലങ്കാനയിലെ നല്‍ഗോണ്ടയില്‍ ജനിച്ച റെഡ്ഡി ഒസ്മാനിയ സര്‍വകലാശാലയിലെ വിദ്യാര്‍ഥി നേതാവായാണ് രാഷ്ട്രീയരംഗത്ത് എത്തുന്നത്. പ്രഭാഷകന്‍ എന്ന നിലയില്‍ പേരെടുത്ത റെഡ്ഡി പില്‍ക്കാലത്ത് കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വത്തിലും ദേശീയ നേതൃത്വത്തിലും ശ്രദ്ധേയനായ നേതാവായി മാറി.
ആദ്യകാലത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്ന റെഡ്ഡി അടിയന്തരാവസ്ഥ കാലത്ത് ജനതാ പാര്‍ട്ടിയില്‍ ചേര്‍ന്നു. 1980-ല്‍ ഇന്ദിരാഗാന്ധിക്കെതിരെ മേഡക് മണ്ഡലത്തില്‍നിന്ന് ലോക്സഭയിലേക്ക് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.
1985 മുതല്‍ 1988 വരെ ജനതാ പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറിയായിരുന്നു. പിന്നീട് വീണ്ടും കോണ്‍ഗ്രസിലെത്തി. അഞ്ചുതവണ ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 1990 മുതല്‍ 96 വരെയും 1997 മുതല്‍ 1998 വരെയും രാജ്യസഭാംഗമായും പ്രവര്‍ത്തിച്ചു.
ഐ.കെ. ഗുജ്റാള്‍, ദേവഗൗഡ മന്ത്രിസഭകളിലും ഒന്നാം, രണ്ടാം യു.പി.എ സര്‍ക്കാരുകളിലും കേന്ദ്രമന്ത്രിയായിരുന്നു. വാര്‍ത്തവിതരണം, പെട്രോളിയം, ശാസ്ത്രസാങ്കേതികം, നഗരവികസനം തുടങ്ങിയ വകുപ്പുകളുടെ ചുമതല വഹിച്ചു.