| Tuesday, 31st May 2022, 2:14 pm

പരാജയഭീതിപൂണ്ട കോണ്‍ഗ്രസുകാര്‍ കള്ള പോസ്റ്റിടുന്നത് ലജ്ജാകരം: ഉമ ജയിക്കുമെന്ന് താന്‍ പറഞ്ഞതായുള്ള വ്യാജ വാര്‍ത്തക്കെതിരെ കെ.വി. തോമസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമര്‍ശനവുമായി, മുന്‍ കേന്ദ്രമന്ത്രി കെ.വി. തോമസ്. കോണ്‍ഗ്രസ് തനിക്കെതിരെ വ്യാജ വാര്‍ത്തകള്‍ സൃഷ്ടിക്കുന്നുവെന്ന് ആരോപിച്ചാണ് കെ.വി. തോമസിന്റെ വിമര്‍ശനം.

പരാജയഭീതിപൂണ്ട കോണ്‍ഗ്രസുകാര്‍ കള്ള പോസ്റ്റിടുന്നത് ലജ്ജാകരമാണെന്ന് അദ്ദേഹം പറഞ്ഞു.

തെരഞ്ഞെടുപ്പില്‍ രാഷ്ട്രീയ പ്രേരിതമായി ധാരാളം നുണകള്‍ പറയാറുണ്ട്. എന്നാല്‍ സോഷ്യല്‍ മീഡിയ ഉപയോഗിച്ചുകൊണ്ട് കളവ് പറയുന്നതും കഥകള്‍ പ്രചരിപ്പിക്കുന്നതും നല്ലതല്ല. ഡോ. ജോ ജോസഫിനെയും കുടുംബത്തെയും മന:പൂര്‍വ്വം ആക്ഷേപിച്ചവര്‍ തന്നെയാണ് എനിക്കെതിരായ വാര്‍ത്തകളും പ്രചരിപ്പിക്കുന്നതെന്നും കെ.വി. തോമസ് പറഞ്ഞു.

കെ.വി. തോമസിന്റെ പ്രതികരണം എന്ന രീതിയില്‍ പ്രചരിക്കുന്ന പോസ്റ്റ് ഇങ്ങനെ,

‘ഞാന്‍ സി.പി.ഐ.എമ്മിന്റെ ചതിക്കുഴിയില്‍ പെട്ടുപോയി, ഉമ നല്ല ഭൂരിപക്ഷത്തില്‍ ജയിക്കും. എല്‍.ഡി.എഫിന്റെ സ്ഥാനാര്‍ഥി നിര്‍ണയം പാളി. തെരഞ്ഞെടുപ്പില്‍ സി.പി.ഐ.എം എന്നെ പാടെ അവഗണിക്കുകയാണ്,’

കെ.വി. തോമസിന്റെ ഫോട്ടോയടക്കം ഉള്‍പ്പെടുത്തിയാണ് പോസ്റ്റ് പ്രചരിക്കുന്നത്. ഈ പോസ്റ്റ് അടക്കം ഫേസ്ബുക്കില്‍ പങ്കുവെച്ച് കൊണ്ടാണ് കെ.വി. തോമസ് മറുപടി നല്‍കിയത്.

‘ഞാന്‍ തെരഞ്ഞെടുപ്പില്‍ സജീവമല്ലെന്ന പരാതി യു.ഡി.എഫിനാണ്, എല്‍.ഡി.എഫിനല്ല. എട്ട് തെരഞ്ഞെടുപ്പുകളില്‍ മത്സരിച്ച എന്നെ തെരഞ്ഞെടുപ്പ് പ്രചരണ രീതികള്‍ പഠിപ്പിക്കേണ്ട. ഞാന്‍ ഡോ. ജോ ജോസഫിനുവേണ്ടി പരസ്യമായും നേരിട്ടും തൃക്കാക്കര വോട്ടര്‍മാരെ ബന്ധപ്പെട്ടിട്ടുള്ളതാണ്.

കേരള വികസനം ആഗ്രഹിക്കുന്ന എല്ലാവരും ഡോ.ജോ ജോസഫിനെ വിജയിപ്പിക്കുമെന്ന് എനിക്കുറപ്പുണ്ട്,’ കെ.വി. തോമസ് ഫേസ്ബുക്കില്‍ കുറിച്ചു.

ജനങ്ങള്‍ കൂട്ടത്തോടു കൂടി വന്ന് വോട്ട് ചെയ്യുമ്പോള്‍ കോണ്‍ഗ്രസുകാരുടെ ഹൃദയമിടിപ്പ് കൂടുകയാണെന്നും വൃക്തമായ രാഷ്ട്രീയ കാഴ്ചപ്പാടോടുകൂടിയാണ് ഞാന്‍ ഇടതുപക്ഷത്തോടും സി.പി.ഐ.എമ്മിനോടുമൊപ്പം നില്‍ക്കുന്നതെന്നും കെ.വി. തോമസ് പറഞ്ഞു.

Content Highlights:  former Union Minister KV Thomas against Congress

We use cookies to give you the best possible experience. Learn more