ന്യൂദല്‍ഹി: കോണ്‍ഗ്രസ് പാര്‍ട്ടി വിട്ടതിന് പിന്നാലെ പ്രതികരണവുമായി മുന്‍ കേന്ദ്രമന്ത്രി കപില്‍ സിബല്‍.
ഏതെങ്കിലുമൊരു പാര്‍ട്ടികുപ്പായത്തില്‍ മാത്രം തൂങ്ങി നില്‍ക്കാന്‍ താല്‍പര്യമില്ല. എല്ലാ കാലവും ഇതുപോലെ പോവാനാവില്ല. എല്ലാവരും പുതിയതെന്തെങ്കിലും ചെയ്യാന്‍ വേണ്ടി ചിന്തിക്കണമെന്നും കപില്‍ സിബല്‍ പറഞ്ഞു.
എല്ലാവരും അവരവരെ കുറിച്ച് ചിന്തിക്കണമെന്നും കോണ്‍ഗ്രസ് വിട്ടത് പെട്ടെന്നുള്ള തീരുമാനപ്രകാരമല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
പാര്‍ലമെന്റില്‍ സ്വതന്ത്ര ശബ്ദമുയരേണ്ട സമയമായെന്ന് തോന്നി. അതനുസരിച്ചാണ് അഖിലേഷ് യാദവിനെ സമീപിച്ചത്.
സമാജ്‌വാദി പാര്‍ട്ടിയുടെ പിന്തുണയോടെ സ്വതന്ത്ര സ്ഥാനാര്‍ഥിയായിട്ടാണ് രാജ്യസഭയിലേക്ക് നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചത്.
എല്ലാ പ്രതിപക്ഷപാര്‍ട്ടികളേയും 2024-ലെ പൊതുതെരഞ്ഞെടുപ്പിന് മുമ്പേ ബി.ജെ.പിക്കെതിരേ പോരാടാനായി ഒന്നിപ്പിക്കുകയാണ് ലക്ഷ്യം. അതില്‍ കോണ്‍ഗ്രസും ഉണ്ടാവുമെന്നാണ് പ്രതീക്ഷയെന്നും കപില്‍ സിബല്‍ കൂട്ടിച്ചേര്‍ത്തു.
കോണ്‍ഗ്രസിന്റെ ചിന്തന്‍ ശിബിര്‍ ഉദയ്പൂരില്‍ ആരംഭിക്കുന്നതിന് ഒരാഴ്ച മുമ്പേ തന്നെ കോണ്‍ഗ്രസ് വിടാനുള്ള തീരുമാനമെടുത്തിരുന്നു. എന്തുകൊണ്ട് ഇതുവരെ ആ തീരുമാനത്തെ കുറിച്ചുള്ള വാര്‍ത്ത പുറത്തായില്ല എന്നാണിപ്പോള്‍ ഞാന്‍ ചിന്തിക്കുന്നത്. തീരുമാനം വെറും തമാശയായിരുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സമാജ്‌വാദി പാര്‍ട്ടിയില്‍ നിന്ന് ബുധനാഴ്ചയാണ് അദ്ദേഹം രാജ്യസഭയിലേക്ക് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്. ഉത്തര്‍പ്രദേശിലെ പാര്‍ട്ടി ആസ്ഥാനത്ത് പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവിന്റെ സാന്നിധ്യത്തിലായരുന്നു പത്രിക സമര്‍പ്പിച്ചത്. മെയ് 16ന് കോണ്‍ഗ്രസ് വിട്ടെന്ന് സിബല്‍ ദേശീയ മാധ്യമങ്ങളോട് പറഞ്ഞു.
കോണ്‍ഗ്രസില്‍ നേതൃമാറ്റം വേണമെന്ന് അദ്ദേഹം നേരത്തെ ആവശ്യപ്പെട്ടിരുന്നു. കോണ്‍ഗ്രസിലെ തിരുത്തല്‍വാദി സംഘത്തില്‍(ജി 23)പ്പെട്ട കപില്‍ സിബല്‍ ദീര്‍ഘനാളായി നേതൃത്വവുമായി ഇടഞ്ഞ് നില്‍ക്കുകയായിരുന്നു. കോണ്‍ഗ്രസ് പുനരുജ്ജീവനം ലക്ഷ്യം വെച്ച് രാജസ്ഥാനിലെ ഉദയ്പൂരില്‍ നടന്ന ചിന്തന്‍ ശിബിരിലും സിബല്‍ പങ്കെടുത്തിരുന്നില്ല.
Content Highlights: Former Union Minister Kapil Sibal reacts after leaving the Congress party