കൊച്ചി: പാചകവാതക വില വര്‍ധനയെക്കുറിച്ചുള്ള ചോദ്യത്തില്‍ നിന്ന് ഒഴിഞ്ഞുമാറി മുന്‍ കേന്ദ്രമന്ത്രിയും ബി.ജെ.പി നേതാവുമായ പ്രകാശ് ജാവദേക്കര്‍. എല്‍.പി.ജി വില വര്‍ധനവിനെ കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യങ്ങളില്‍ ‘കേരളത്തില്‍ ഇന്ധന സെസ് കൂട്ടിയില്ലേ’ എന്നാണ് ജാവദേക്കര്‍ മറുപടി പറഞ്ഞത്.
‘മോദി സര്‍ക്കാര്‍ പെട്രോളിന് 13 രൂപയും ഡീസലിന് 16 രൂപയും വിവിധ ഘട്ടങ്ങളിലായി കുറച്ചു. എന്നാല്‍ കേരള സര്‍ക്കാര്‍ രണ്ട് രൂപ സെസ് ഏര്‍പ്പെടുത്തുകയാണ്. ഇത് കേരളാ സര്‍ക്കാരിന്റെ ജനവിരുദ്ധ നയത്തിന്റെ ഭാഗമാണ്. സംസ്ഥാന സര്‍ക്കാര്‍ ഇതില്‍നിന്ന് പിന്‍മാറണം,’ പ്രകാശ് ജാവദേക്കര്‍ കൊച്ചിയില്‍ മാധ്യമങ്ങളോട് പറഞ്ഞു.
സമീപകാലത്ത് പാചകവാതക വിലയിലുണ്ടാകുന്ന ഏറ്റവും വലിയ വര്‍ധനവാണ് ബുധനാഴ്ചയുണ്ടായത്. പുതിയ വില പ്രാബല്യത്തില്‍ വരുന്നതോടെ കൊച്ചിയില്‍, ഗാര്‍ഹിക സിലിണ്ടറിന്റെ വില 1,110 രൂപയാകും. വാണിജ്യ സിലിണ്ടറിന് 350 രൂപ കൂടി ഉയരുന്നതോടെ ആകെ വില 2,124 രൂപയാകും.
കേന്ദ്ര സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധവുമായി വിവിധ പ്രതിപക്ഷ പാര്‍ട്ടകള്‍ രംഗത്തെത്തി. എല്ലാ ഭക്ഷ്യവസ്തുക്കളുടെയും അവശ്യസാധനങ്ങളുടെയും വില തുടര്‍ച്ചയായി ഉയരുമ്പോള്‍ പാചകവാതക വില വര്‍ധനവ് ജനങ്ങള്‍ക്ക് കൂടുതല്‍ ഭാരമാകുമെന്ന് സി.പി.ഐ.എം പോളിറ്റ് ബ്യൂറോ പ്രസ്താവനയില്‍ പറഞ്ഞു.
ഹോളിക്ക് എങ്ങനെ ജനങ്ങള്‍ ഭക്ഷണമുണ്ടാക്കുമെന്നും കേന്ദ്രസര്‍ക്കാരിന്റെ കൊള്ളയടി എന്ന് അവസാനിക്കുമെന്നും കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ ചോദിച്ചു.
എണ്ണക്കമ്പനികളുടെ യോഗത്തിലാണ് എല്‍.പി.ജി വില വര്‍ധിപ്പിക്കാന്‍ കേന്ദ്രം തീരുമാനിച്ചത്. വാണിജ്യ സിലിണ്ടറിന്റെ വില കുത്തനെ വര്‍ധിച്ചത് ഹോട്ടല്‍ ഭക്ഷണത്തിന്റെ ഉള്‍പ്പെടെ നിരക്ക് ഉയരാന്‍ കാരണമാകും.