'ബോറിസ് നല്ലൊരു പ്രചാരകനാണ്, നല്ലൊരു പ്രധാനമന്ത്രിയല്ല'; ബ്രിട്ടണില്‍ മുന്‍ പാര്‍ലമെന്റ് സ്പീക്കര്‍ ലേബര്‍ പാര്‍ട്ടിയിലേക്ക്
World News
'ബോറിസ് നല്ലൊരു പ്രചാരകനാണ്, നല്ലൊരു പ്രധാനമന്ത്രിയല്ല'; ബ്രിട്ടണില്‍ മുന്‍ പാര്‍ലമെന്റ് സ്പീക്കര്‍ ലേബര്‍ പാര്‍ട്ടിയിലേക്ക്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 20th June 2021, 4:05 pm

ലണ്ടന്‍: ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്റെ നയങ്ങളെ എതിര്‍ത്ത് കണ്‍സര്‍വേറ്റീവ് പാര്‍ട്ടി വിട്ട് മുന്‍ പാര്‍ലമെന്റ് സ്പീക്കര്‍ ജോണ്‍ ബെര്‍കോ. പാര്‍ട്ടി വിട്ട അദ്ദേഹം ലേബര്‍ പാര്‍ട്ടി അംഗത്വം സ്വീകരിച്ചു.

ഒബ്‌സര്‍വര്‍ പത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് താന്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി വിടുന്നതായി ജോണ്‍ അറിയിച്ചത്. പ്രധാനമന്ത്രിയ്‌ക്കെതിരെ രൂക്ഷവിമര്‍ശനമാണ് ജോണ്‍ നടത്തിയത്.

വിദേശീയരോട് ഒരുതരം വിദ്വേഷം വെച്ചു പുലര്‍ത്തുന്നയാളാണ് ബോറിസ് ജോണ്‍സണ്‍ എന്നാണ് ജോണ്‍ ബെര്‍കോ പറയുന്നത്.

പത്ത് വര്‍ഷത്തോളം പാര്‍ലമെന്റ് സ്പീക്കറായിരുന്ന ജോണ്‍ ബെര്‍കോ 2019 ഒക്ടോബറിലാണ് സ്ഥാനമൊഴിഞ്ഞത്. ഇക്കഴിഞ്ഞ ദിവസമാണ് താന്‍ ലേബര്‍ പാര്‍ട്ടി അംഗത്വം സ്വീകരിക്കുകയാണെന്ന് ജോണ്‍ പറഞ്ഞത്.

‘സമത്വം എന്ന ലേബര്‍ പാര്‍ട്ടിയുടെ തത്വമാണ് എന്നെ ആകര്‍ഷിച്ചത്. അടിസ്ഥാന വര്‍ഗത്തിന്റെ പാര്‍ട്ടിയാണത്. നിലവിലെ ബോറിസ് ജോണ്‍സണ്‍ സര്‍ക്കാരിനെ നീക്കം ചെയ്യേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. സമത്വം എന്ന ആശയം പ്രാവര്‍ത്തികമാക്കാന്‍ ലേബര്‍ പാര്‍ട്ടിയ്ക്ക് മാത്രമെ സാധിക്കുകയുള്ളു,’ ജോണ്‍ ബെര്‍കോ പറഞ്ഞു.

ബോറിസ് പാര്‍ട്ടിയ്ക്ക് വേണ്ടി പ്രചരണം നടത്താന്‍ മികച്ചയാളാണെന്നും എന്നാല്‍ ഒരു നല്ല പ്രധാനമന്ത്രിയല്ലെന്നും ജോണ്‍ ബെര്‍കോ പറഞ്ഞു.

കഴിഞ്ഞ 12 വര്‍ഷമായി കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയില്‍ പ്രവര്‍ത്തിച്ചുവരികയായിരുന്നു ജോണ്‍ ബെര്‍കോ. 2009ലാണ് അദ്ദേഹം പാര്‍ലമെന്റ് സ്പീക്കറായി തെരഞ്ഞെടുക്കപ്പെട്ടത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlights: Former UK parliament speaker Bercow joins opposition Labour Party