സൗദിക്ക് വേണ്ടി ചാരപ്പണി നടത്തിയെന്ന ആരോപണം; മുന്‍ ട്വിറ്റര്‍ ജീവനക്കാരന് തടവുശിക്ഷ
World News
സൗദിക്ക് വേണ്ടി ചാരപ്പണി നടത്തിയെന്ന ആരോപണം; മുന്‍ ട്വിറ്റര്‍ ജീവനക്കാരന് തടവുശിക്ഷ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 16th December 2022, 9:33 am

ന്യൂയോര്‍ക്ക്: സൗദി അറേബ്യക്ക് വേണ്ടി ചാര പ്രവര്‍ത്തി നടത്തിയെന്ന ആരോപണത്തില്‍ മുന്‍ ട്വിറ്റര്‍ ജീവനക്കാരന് മൂന്ന് വര്‍ഷം തടവുശിക്ഷ. അമേരിക്കന്‍ ജില്ലാ കോടതിയാണ് ശിക്ഷ വിധിച്ചത്.

വര്‍ഷങ്ങള്‍ക്ക് മുമ്പ് ഉപയോക്താക്കളുടെ വിവരങ്ങള്‍ പങ്കുവെച്ച് സൗദി അറേബ്യക്ക് വേണ്ടി ചാരവൃത്തി നടത്തിയതിനാണ് മുന്‍ Twitter Inc മാനേജര്‍ അഹ്മദ് അബൗഅമ്മൊ (Ahmad Abouammo) കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്.

ഇയാള്‍ക്ക് തടവുശിക്ഷ വിധിച്ചുകൊണ്ട് യു.എസ് കോടതി ഉത്തരവിട്ടതായി ബുധനാഴ്ച യു.എസ് പ്രോസിക്യൂട്ടര്‍മാര്‍ തന്നെയാണ് വെളിപ്പെടുത്തിയത്.

സാന്‍ഫ്രാന്‍സിസ്‌കോയിലെ ഫെഡറല്‍ കോടതിയിലായിരുന്നു വിചാരണ നടന്നത്. ഇക്കഴിഞ്ഞ ഓഗസ്റ്റില്‍ ഇയാള്‍ കുറ്റക്കാരനാണെന്ന് കോടതി വിധിച്ചിരുന്നു.

തടവുശിക്ഷ വിധിക്കുന്നതിന് പകരം സിയാറ്റിലിലെ അദ്ദേഹത്തിന്റെ വീട്ടില്‍ പ്രൊബേഷണറി ശിക്ഷ നല്‍കണമെന്ന് അബൗഅമ്മൊയുടെ അഭിഭാഷകര്‍ യു.എസ് ജില്ലാ ജഡ്ജി എഡ്വേര്‍ഡ് ചെനിനോട് ആവശ്യപ്പെട്ടിരുന്നു. 2013 മുതല്‍ 2015 വരെ ട്വിറ്ററില്‍ ജോലി ചെയ്തിരുന്ന സമയത്ത് അബൗഅമ്മൊ നേരിട്ടിരുന്ന ആരോഗ്യപ്രശ്നങ്ങളും മറ്റ് കുടുംബപ്രശ്നങ്ങളും അഭിഭാഷകര്‍ ഉന്നയിച്ചിരുന്നു. എന്നാല്‍ ഈ ആവശ്യം കോടതി തള്ളുകയായിരുന്നു.

രണ്ട് ട്വിറ്റര്‍ ഉപയോക്താക്കളുടെ വിവരങ്ങള്‍ ശേഖരിക്കാന്‍ അബൗഅമ്മൊ നടത്തിയ ശ്രമങ്ങള്‍, സൗദി ഉദ്യോഗസ്ഥരില്‍ നിന്ന് അദ്ദേഹത്തിന് ലഭിച്ച 42,000 ഡോളറിന്റെ വാച്ച്, 100,000 ഡോളറിന്റെ വയര്‍ ട്രാന്‍സ്ഫര്‍ എന്നിവയെ കേന്ദ്രീകരിച്ചായിരുന്നു കേസിന്റെ അന്വേഷണം.

മിഡില്‍ ഈസ്റ്റിലും നോര്‍ത്ത് ആഫ്രിക്കയിലും മാധ്യമപ്രവര്‍ത്തകരുമായുള്ള ട്വിറ്ററിന്റെ ബന്ധത്തിന്റെ മേല്‍നോട്ടം വഹിച്ചിരുന്ന മീഡിയ പാര്‍ട്ണര്‍ഷിപ് മാനേജരായിരുന്നു അബൗഅമ്മൊ.

ചില ട്വിറ്റര്‍ ഉപയോക്താക്കളെ തിരിച്ചറിയാന്‍ സൗദി ഉദ്യോഗസ്ഥരെ സഹായിക്കുന്നതിന് കമ്പനിയുടെ സംവിധാനങ്ങളില്‍ നിന്നുള്ള സെന്‍സിറ്റീവ് വിവരങ്ങള്‍ അബൗഅമ്മൊ കൈമാറിയതായി പ്രോസിക്യൂട്ടര്‍മാര്‍ പറഞ്ഞു.

ട്വിറ്ററിലൂടെ സൗദി അറേബ്യന്‍ ഭരണകൂടത്തെ വിമര്‍ശിക്കുന്നവരുടെ വ്യക്തിവിവരങ്ങള്‍ സൗദി രാജകുടുംബവുമായി അടുത്ത ബന്ധമുള്ള ഉദ്യോഗസ്ഥന് തുടര്‍ച്ചയായി കൈമാറിയെന്നായിരുന്നു അബൗഅമ്മൊക്കെതിരെ ആരോപിക്കപ്പെട്ട കുറ്റം.

സൗദി അറേബ്യയുടെ ഏജന്റായി പ്രവര്‍ത്തിച്ചു, കള്ളപ്പണം വെളുപ്പിച്ചു, രേഖകളില്‍ കൃത്രിമം കാണിക്കാന്‍ ഗൂഢാലോചന നടത്തി എന്നിങ്ങനെ ഇയാള്‍ക്കെതിരെ ആരോപിക്കപ്പെട്ട കുറ്റങ്ങളെല്ലാം നിലനില്‍ക്കുന്നതാണെന്ന് ഓഗസ്റ്റില്‍ കോടതി കണ്ടെത്തി.

യു.എസ്- ലെബനന്‍ പൗരനായ അബൗഅമ്മൊ സൗദി സര്‍ക്കാരിനെ വിമര്‍ശിച്ചുകൊണ്ട് ട്വീറ്റ് ചെയ്യുന്ന അക്കൗണ്ടുകളുടെ ഫോണ്‍ നമ്പറുകളും ഇമെയില്‍ അക്കൗണ്ടുകളും ആക്സസ് ചെയ്തുവെന്നും ഈ വിവരങ്ങള്‍ വലിയ തുകയ്ക്ക് സൗദി ഉദ്യോഗസ്ഥന് കൈമാറിയെന്നും യു.എസ് പ്രോസിക്യൂട്ടര്‍മാര്‍ പറഞ്ഞു.

ട്വിറ്റര്‍ ഉപയോക്താക്കളുടെ വ്യക്തി വിവരങ്ങള്‍ കൈമാറിയതിന് പകരമായി അഹ്മദ് അബുവമ്മൊക്ക് സൗദി ഉദ്യോഗസ്ഥന്‍ 40,000 ഡോളര്‍ വിലമതിക്കുന്ന ലക്ഷ്വറി വാച്ച് സമ്മാനമായി നല്‍കിയെന്നും ഇയാളുടെ പിതാവിന്റെ പേരിലുള്ള ലെബനീസ് ബാങ്ക് അക്കൗണ്ടിലേക്ക് ഒരു ലക്ഷം ഡോളറിന്റെ മൂന്ന് പേയ്മെന്റുകള്‍ നടത്തിയെന്നും പ്രോസിക്യൂട്ടര്‍മാര്‍ കോടതിയില്‍ ആരോപിച്ചു.

തനിക്ക് ‘പാരിതോഷികമായി’ കിട്ടിയ വാച്ച് അന്നത്തെ ട്വിറ്ററിന്റെ പോളിസിയനുസരിച്ച് അബൗഅമ്മൊ തന്റെ മേലുദ്യോഗസ്ഥര്‍ക്ക് മുമ്പില്‍ ഹാജരാക്കിയില്ലെന്ന് കോടതി രേഖകളെ ഉദ്ധരിച്ച് മിഡില്‍ ഈസ്റ്റ് ഐ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

വാച്ചിന് വെറും 500 ഡോളര്‍ മാത്രമാണ് വിലയെന്ന് 2018ല്‍ ഇയാള്‍ എഫ്.ബി.ഐ ഏജന്റുമാരോട് നുണ പറഞ്ഞിരുന്നെന്നും പ്രോസിക്യൂട്ടര്‍ കോടതിയെ ധരിപ്പിച്ചു. ഇക്കഴിഞ്ഞ ജൂലൈയിലായിരുന്നു കേസിന്റ വിചാരണ ആരംഭിച്ചത്.

Content Highlight: Former twitter employee gets over three years US prison term for spying for Saudi Arabia