കാലിഫോര്‍ണിയ: ട്വിറ്ററിന്റെ ഇന്നത്തെ അവസ്ഥയില്‍ മാപ്പ് ചോദിച്ച് ട്വിറ്ററിന്റെ സഹസ്ഥാപകനും മുന്‍ സി.ഇ.ഒയുമായ ജാക്ക് ഡോര്‍സി. ട്വിറ്ററില്‍ പുതിയ മേധാവിയായ ഇലോണ്‍ മസ്‌കിന്റെ കൂട്ടപ്പിരിച്ചുവിടല്‍ നടക്കുന്നതിനിടെയാണ് മാപ്പ് ചോദിച്ചുകൊണ്ട് ഡോര്‍സി രംഗത്തെത്തിയത്.
ട്വിറ്ററിലെ ആയിരക്കണക്കിന് തൊഴിലാളികളെ പിരിച്ചുവിടുന്ന മസ്‌കിന്റെ നടപടിക്ക് മറുപടിയെന്നോണമാണ് ജാക്ക് ട്വീറ്റുകള്‍ പങ്കുവെച്ചത്.
”ട്വിറ്ററില്‍ ഇന്നുള്ളവരും മുമ്പുണ്ടായിരുന്നവരും വളരെ ശക്തരാണ്. സമയം എത്ര മോശമായാലും അവര്‍ എന്തെങ്കിലുമൊക്കെ വഴി കണ്ടുപിടിക്കും.
പലര്‍ക്കും എന്നോട് ദേഷ്യമുണ്ടെന്ന് ഞാന്‍ മനസിലാക്കുന്നു. തൊഴിലാളികളെല്ലാം ഇന്നെത്തി നില്‍ക്കുന്ന ഈ അവസ്ഥയുടെ ഉത്തരവാദിത്തം എനിക്കുണ്ട്. കമ്പനിയെ ഞാന്‍ വളരെ വേഗത്തില്‍ വളര്‍ത്തി. ഞാനതിന് മാപ്പു ചോദിക്കുന്നു,” ജാക്ക് ട്വീറ്റ് ചെയ്തു.
Folks at Twitter past and present are strong and resilient. They will always find a way no matter how difficult the moment. I realize many are angry with me. I own the responsibility for why everyone is in this situation: I grew the company size too quickly. I apologize for that.
മസ്‌ക് ട്വിറ്റര്‍ ഏറ്റെടുത്തതില്‍ പ്രതിഷേധിച്ച് പുതിയ സമൂഹമാധ്യമ പ്ലാറ്റ്ഫോം തുടങ്ങാന്‍ ജാക്ക് ഡോര്‍സി പദ്ധതിയിടുന്നതായുള്ള റിപ്പോര്‍ട്ടുകളും ഇതിനിടെ പുറത്തുവന്നിരുന്നു. ബ്ലൂ സ്‌കൈ (Bluesky) എന്ന പുതിയ ആപ്പ് പരീക്ഷണ ഘട്ടത്തിലാണെന്നാണ് വിവിധ വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തത്. നിലവില്‍ ആപ്പ് ബീറ്റ ടെസ്റ്റിങ് സ്റ്റേജിലാണ്.
ഇലോണ്‍ മസ്‌കിനോടുള്ള വിയോജിപ്പാണ് ഡോര്‍സിയുടെ നീക്കത്തിന് പിന്നിലെന്നാണ് സൂചന. മസ്‌ക് ട്വിറ്റര്‍ ഏറ്റെടുക്കുന്നതിനോട് കടുത്ത വിയോജിപ്പുണ്ടായിരുന്നയാളായിരുന്നു ജാക്ക് ഡോര്‍സി.
അതേസമയം, കൂട്ടപ്പിരിച്ചുവിടല്‍ നടപടിയെ ന്യായീകരിച്ചുകൊണ്ട് മസ്‌കും രംഗത്തെത്തിയിട്ടുണ്ട്. പിരിച്ചുവിടുന്ന തൊഴിലാളികള്‍ക്ക് മൂന്ന് മാസത്തേക്ക് ആനുകൂല്യങ്ങള്‍ ലഭിക്കുമെന്നാണ് മസ്‌ക് പറയുന്നത്.
നിരവധി പേര്‍ മസ്‌കിന്റെ നടപടിയെ വിമര്‍ശിച്ച് രംഗത്തെത്തുന്നുണ്ട്.
”കാലിഫോര്‍ണിയയിലെ തൊഴില്‍ നിയമങ്ങള്‍ ലംഘിച്ചതിന്റെ വലിയൊരു ചരിത്രം തന്നെ ഇലോണ്‍ മസ്‌കിനുണ്ട്. ലൈംഗികവും വംശീയവുമായ ചൂഷണങ്ങളുടെ പേരില്‍ മസ്‌കിന്റെ ടെസ്‌ല കമ്പനിക്കെതിരെ നിരവധി കേസുകളുണ്ട്,” അഭിഭാഷകയായ ലിസ ബ്ലൂം ഗാര്‍ഡിയന് നല്‍കിയ പ്രതികരണത്തില്‍ പറഞ്ഞു.
‘ചെലവുചുരുക്കല്‍’ നയത്തിന്റെ ഭാഗമായി Twitter Inc. എന്ന സോഷ്യല്‍ മീഡിയ കമ്പനിയിലെ പകുതിയിലധികം തൊഴിലാളികളെയും (3700ഓളം) ഒഴിവാക്കാന്‍ മസ്‌ക് നീക്കം നടത്തുന്നതായി നേരത്തെതന്നെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.
കമ്പനിയുടെ നിലവിലുള്ള, ‘എവിടെയിരുന്നും ജോലി ചെയ്യാവുന്ന നയ’ത്തില്‍ (work from anywhere policy) മാറ്റം വരുത്താന്‍ മസ്‌ക് ഉദ്ദേശിക്കുന്നുണ്ടെന്നും ജീവനക്കാരോട് ഓഫീസില്‍ നേരിട്ട് ഹാജരാകാന്‍ ആവശ്യപ്പെടുമെന്നും ചില സ്രോതസുകളെ ഉദ്ധരിച്ച് റിപ്പോര്‍ട്ടില്‍ പറഞ്ഞു.
അതിനിടെ ട്വിറ്ററിനെതിരെ കടുത്ത വിമര്‍ശനവുമായി യു.എസ് പ്രസിഡന്റ് ജോ ബൈഡനും കഴിഞ്ഞദിവസം രംഗത്തെത്തിയിരുന്നു. ലോകമെമ്പാടും നുണകള്‍ പ്രചരിപ്പിക്കുന്ന സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോം വാങ്ങിയെന്നാണ് ബൈഡന്‍ പറഞ്ഞത്. കഴിഞ്ഞ ദിവസം ചിക്കാഗോയില്‍ നടന്ന ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ പരിപാടിയിലായിരുന്നു ബൈഡന്റെ പരാമര്‍ശം.
”നമ്മള്‍ ആശങ്കപ്പെടാതിരിക്കുന്നതെങ്ങനെ. നുണകള്‍ പറയുകയും പ്രചരിപ്പിക്കുകയും ചെയ്യുന്ന ഒരുപകരണമാണ് ലോകത്തിലെ സമ്പന്നനായ മനുഷ്യന്‍ വാങ്ങിയത്.
തെറ്റായ വാര്‍ത്തകള്‍ പ്രചരിക്കുന്നത് തടയാന്‍ അമേരിക്കയില്‍ ഇനി എഡിറ്റര്‍മാരില്ല. അപകടത്തിലാകുന്ന കാര്യങ്ങളെ കുട്ടികള്‍ എങ്ങനെ മനസിലാക്കും,” എന്നായിരുന്നു ബൈഡന്റെ പ്രതികരണം.
അതിനിടെ ട്വിറ്ററിന്റെ ബോര്‍ഡ് ഓഫ് ഡയറക്ടേഴ്‌സിനെയും മസ്‌ക് പിരിച്ചുവിട്ടിരുന്നു. ഇതോടെ ഡയറക്ടര്‍ ബോര്‍ഡിലെ ഏക അംഗമായി മസ്‌ക് മാറി.
44 ബില്യണ്‍ ഡോളറിന് ട്വിറ്റര്‍ വാങ്ങി, അതിന്റെ മേധാവി സ്ഥാനം ഏറ്റെടുത്തതിന് പിന്നാലെ സി.ഇ.ഒയായിരുന്ന ഇന്ത്യന്‍ വംശജന്‍ പരാഗ് അഗര്‍വാള്‍, ചീഫ് ഫൈനാന്‍ഷ്യല്‍ ഓഫീസര്‍ നെഡ് സെഗാള്‍, ലീഗല്‍ പോളിസി മേധാവി, ട്രസ്റ്റ് ആന്റ് സേഫ്റ്റി വിഭാഗം മേധാവി എന്നിവരെ മസ്‌ക് സ്ഥാനത്ത് നിന്നും പുറത്താക്കിയിരുന്നു.
നിലവില്‍ ട്വിറ്ററിന്റെ പൂര്‍ണനിയന്ത്രണം മസ്‌കിന്റെ കൈകളിലാണ്. അതിനിടെ യു.എസ് മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരായ വിലക്ക് മസ്‌ക് എടുത്തുകളയുമെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്.
Content Highlight: Former Twitter CEO Jack Dorsey issues apology amid mass layoffs under Elon Musk