തിരുവനന്തപുരം: രാജാവാണെന്ന് പറഞ്ഞ് ആരോടും മിണ്ടാതിരുന്നിട്ടില്ലെന്ന് മുന്‍ തിരുവിതാംകൂര്‍ രാജകുടുംബാംഗമായ ആദിത്യ വര്‍മ. കുടുംബത്തില്‍ തന്റെ തലമുറയിലെ ആളുകളാണ് സ്‌കൂളില്‍ പോയി പഠിക്കാന്‍ തുടങ്ങിയതെന്ന് ആദിത്യ വര്‍മ പറഞ്ഞു. ബിഹൈന്‍ഡ്‌വുഡ്‌സിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു മുന്‍ രാജകുടുംബാംഗം.
‘രാജാവാണ്, എന്നെ തല്ലരുതെന്ന് മറ്റു കുട്ടികളോട് ടീച്ചര്‍മാര്‍ പറയും. രാജാവാണെന്ന് കരുതി ഞാന്‍ ആരോടും മിണ്ടാതിരുന്നിട്ടില്ല,’ എന്ന് ആദിത്യ വര്‍മ പറഞ്ഞു. സ്‌കൂളില്‍ ചെല്ലുമ്പോള്‍ മറ്റു കുട്ടികള്‍ രാജാവാണോ, കിരീടമുണ്ടോ, വാളെവിടേ എന്നൊക്കെ ചോദിക്കുമെന്നും മുന്‍ രാജകുടുംബാംഗം കൂട്ടിച്ചേര്‍ത്തു.
അകലം പാലിച്ച് പെരുമാറാന്‍ താത്പര്യമില്ലെന്നും സാധാരണക്കാരനെ പോലെ സമൂഹത്തില്‍ ഇടപെഴകാനാണ് ശ്രമിച്ചിട്ടുള്ളതെന്നും ആദിത്യ വര്‍മ പറഞ്ഞു. സ്‌കൂളില്‍ നിന്നുള്ള സുഹൃത്തുക്കളെ താന്‍ സഞ്ചരിച്ചിരുന്ന കാറില്‍ കൊട്ടാരത്തിലേക്ക് കൊണ്ടുവരുമായിരുന്നെന്നും മുതിര്‍ന്നവര്‍ കാണാതെയാണ് അത് ചെയ്തിരുന്നതെന്നും ആദിത്യ പറഞ്ഞു.
വര്‍മയോടൊപ്പമുള്ള യാത്ര ഒരിക്കലും മറക്കില്ലെന്ന് കോളേജില്‍ നിന്നുള്ള ഒരു സുഹൃത്ത് ഓട്ടോഗ്രാഫില്‍ എഴുതിത്തന്നിട്ടുണ്ടെന്നും ആദിത്യ വര്‍മ പറഞ്ഞു. രാജാവേ പള്ളിയിലാണോ പള്ളിയുറങ്ങുന്നത്, ഇന്നലെ പള്ളിയുറങ്ങിയോ എന്നെല്ലാം സുഹൃത്തുക്കള്‍ തമാശയ്ക്ക് ചോദിക്കുമായിരുന്നുവെന്നും ആദിത്യ അഭിമുഖത്തില്‍ കൂട്ടിച്ചേര്‍ത്തു.
ജനാധിപത്യത്തില്‍ രാഷ്ട്രീയം ഇല്ലാതെ ജീവിക്കാന്‍ കഴിയില്ല. രാഷ്ട്രീയ പാര്‍ട്ടികളോട് പ്രത്യേക വൈരാഗ്യങ്ങള്‍ ഇല്ല. ഇവിടെ ജീവിക്കുമ്പോള്‍ എല്ലാവരുമായി സഹകരിച്ച് മാത്രമേ മുന്നോട്ട് പോകാന്‍ കഴിയുകയുള്ളൂവെന്നും ആദിത്യ വര്‍മ പറഞ്ഞു.
അതേസമയം കഴിഞ്ഞ ആറ്റുകാല്‍ പൊങ്കാലയോട് അനുബന്ധിച്ച് രഥത്തിലെത്തിയ ആദിത്യവര്‍മക്കെതിരെ സമൂഹ മാധ്യമങ്ങളില്‍ കടുത്ത വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ഈ ജനാധിപത്യ കാലത്തും പൊങ്കാല കാണുന്നതിനായി രഥത്തിലേറി വന്ന മുന്‍ രാജ കുടുംബത്തെ സോഷ്യല്‍ മീഡിയ പൊങ്കാലയിട്ടു.