കഴിഞ്ഞ സീസണിൽ മോശം പ്രകടനം കാഴ്ച വെച്ച മാഞ്ചസ്റ്റർ യുണൈറ്റഡ് താരം ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് യുവേഫ ചാമ്പ്യൻസ് ലീഗിൽ ബെഞ്ചിലിരിക്കാനായിരുന്നു വിധി. അഞ്ച് തവണ താരം ബെഞ്ചിൽ നിന്നിറങ്ങിയെങ്കിലും ഗോൾ നേടുന്ന കാര്യത്തിൽ നിരാശയായിരുന്നു ഫലം.
യുവേഫ യൂറോപ്പ ലീഗിലെ മൂന്ന് മത്സരങ്ങളിലായി ഒരു ഗോളും ഒരു അസിസ്റ്റും മാത്രമാണ് താരത്തിന് നേടാനായത്. ഓരോ മത്സരത്തിലും താരത്തെ ആദ്യ ഇലവനിൽ ഇറക്കാതെ ബെഞ്ചിലിരുത്തിയതിന് യുണൈറ്റഡിന്റെ കോച്ച് എറിക് ടെൻഹാഗിനെതിരെ വിമർശനങ്ങൾ ഉയർന്നിരുന്നു.
ടെൻ ഹാഗിന്റെ തന്ത്രങ്ങളുമായി മുന്നോട്ടു പോകാൻ റോണോയുടെ പ്രായം അനുവദിക്കില്ലെന്നും വേഗതയേറിയ കളിയുമായി പൊരുത്തപ്പെട്ട് മുന്നോട്ട് പോകാൻ താരത്തിന് പഴയ പോലെ സാധിക്കില്ലെന്നും ഫുട്‌ബോൾ വിദഗ്ധരിൽ ചിലർ അഭിപ്രായപ്പെട്ടിരുന്നു.
റൊണാൾഡോ ഓൾഡ് ട്രാഫോർഡ് വിട്ട് പോകണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയിരിക്കുകയാണ് ഇപ്പോൾ മുൻ ടോട്ടൻഹാം ഡിഫൻഡർ അലൻ ഹട്ടൻ. ബെഞ്ചിലിരുത്തുന്നതിന് പകരം ടെൻഹാഗിന് താരത്തെ മറ്റ് ക്ലബ്ബുകൾക്ക് വിൽക്കുന്നതിനെ പറ്റി ആലോചിച്ചൂടെ എന്ന നിർദേശവും അലൻ ഹട്ടൻ നൽകി.
”എനിക്ക് തോന്നുന്നത് കാര്യങ്ങൾ ഇപ്പോൾ ആ സ്‌റ്റേജിൽ എത്തിയിരിക്കുകയാണെന്നാണ്. ടെൻ ഹാഗ് ഉദ്ദേശിക്കുന്ന ഗെയിം കളിക്കാൻ റൊണാൾഡോ എന്തുകൊണ്ടും ഇപ്പോൾ ഫിറ്റല്ല. അഗ്രസീവും എനർജെറ്റിക്കുമായ ഒരു മത്സരത്തിന് വേണ്ടിയാണ് അദ്ദേഹം തന്ത്രങ്ങൾ മെനയുന്നത്. അത് റോണോയെക്കൊണ്ട് ഇപ്പോൾ സാധ്യമല്ല. മാഞ്ചസ്റ്റർ സിറ്റിക്കെതിരെ നടന്ന മത്സരത്തിന്റെ അവസാന അരമണിക്കൂറിൽ ടെൻ ഹാഗ് താരത്തെ കളിക്കിറക്കുമെന്നാണ് ഞാൻ കരുതിയിരുന്നത്. പക്ഷെ അതുണ്ടായില്ല, താരത്തോട് അനാദരവ് കാണിക്കരുതെന്ന് കരുതിയാവും ഒരുപക്ഷേ ടെൻ ഹാഗ് അങ്ങനെ ചെയ്തത്,” അലൻ ഹട്ടൻ വ്യക്തമാക്കി.
റൊണാൾഡോക്ക് ചാമ്പ്യൻസ് ലീഗിൽ കളിക്കണമെങ്കിൽ ഒരു മുൻനിര ക്ലബ്ബ് താരത്തെ സ്വന്തമാക്കേണ്ടി വരും. എന്നാൽ വലിയ ക്ലബ്ബുകൾക്കൊന്നും താരത്തെ വാങ്ങാൻ താത്പര്യമില്ലെന്നാണ് റിപ്പോർട്ട്. വലിയ ഓഫറുകൾ വന്നാൽ മാത്രമെ യുണൈറ്റഡ് താരത്തെ വിട്ടുനൽകുകയുള്ളു.
Content Highlights: Former Tottanham defender asks Eric Ten Hag to sell Cristiano Ronaldo