കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ മുന്‍തമിഴ്‌നാട് മന്ത്രി സെന്തില്‍ ബാലാജിക്ക് ജാമ്യം
national news
കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ മുന്‍തമിഴ്‌നാട് മന്ത്രി സെന്തില്‍ ബാലാജിക്ക് ജാമ്യം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 26th September 2024, 4:56 pm

ചെന്നൈ: കള്ളപ്പണം വെളുപ്പിക്കല്‍ ആരോപണത്തില്‍ അറസ്റ്റിലായ തമിഴനാട് മുന്‍ മന്ത്രിയും ദ്രാവിഡ മുന്നേറ്റ കഴകം നേതാവുമായ സെന്തില്‍ ബാലാജിക്ക് സുപ്രീം കോടതി ജാമ്യം അനുവദിച്ചു. വിചാരണയില്‍ കാലതാമസം നേരിടുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ബാലാജിക്ക് കോടതി ജാമ്യം അനുവദിച്ചത്.

ജസ്റ്റിസ്മാരായ അഭയ്.എസ്.ഓക്ക്, അഗസ്റ്റിന്‍ ജോര്‍ജ് മസിഹ് എന്നിവരടങ്ങിയ ബെഞ്ചാണ് വി. സെന്തില്‍ ബാലാജിയുടെ ജാമ്യം അംഗീകരിച്ചത്. കര്‍ശനമായ നിബന്ധനകളോടുകൂടിയാണ് സെന്തിലിന് ജാമ്യം അനുവദിച്ചതെന്നും കോടതി വ്യക്തമാക്കി.

വാദം കേള്‍ക്കുന്നതിനിടെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റിനെയും ബെഞ്ച് ചോദ്യം ചെയ്തിരുന്നു. ബാലാജിക്കെതിരായ വിചാരണ ഉടന്‍ ആംഭിക്കാന്‍ സാധ്യത ഉണ്ടോ എന്നായിരുന്നു ബെഞ്ചിന്റെ ചോദ്യം.

മുതിര്‍ന്ന അഭിഭാഷകരായ മുകുള്‍ റോത്തഗി, സിദ്ധാര്‍ത്ഥ് ലൂത്ര എന്നിവര്‍ ബാലാജിക്ക് വേണ്ടിയും സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത, പ്രത്യേക അഭിഭാഷകന്‍ സൊഹൈബ് ഹുസൈന്‍ എന്നിവര്‍ ഇ.ഡിക്ക് വേണ്ടിയും ഹാജരായി.

ഫെബ്രുവരി 28ന് മദ്രാസ് ഹൈക്കോടതി സെന്തിലിന്റെ ജാമ്യാപേക്ഷ തള്ളിയിരുന്നു. ഇതിനെ തുടര്‍ന്നാണ് അഭിഭാഷകന്‍ സുപ്രീം കോടതിയെ സമീപിച്ചത്. പിന്നാലെയാണ് സുപ്രീം കോടതി സെന്തിലിന്‍ ഉപാധികളോടെ ജാമ്യം അനുവദിച്ചത്.

2023 ജൂണ്‍ 14നാണ് കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ മുന്‍ തമിഴ്‌നാട് മന്ത്രിയും ദ്രാവിഡ മുന്നേറ്റ കഴകം നേതാവുമായ സെന്തില്‍ അറസ്റ്റിലാവുന്നത്.

2011-2015 തമിഴ്‌നാട് ഗതാഗത വകുപ്പിലെ ബസ് കണ്ടക്ടര്‍മാരുടെയും ജൂനിയര്‍ എഞ്ചിനിയര്‍മാരുടെയും ഡ്രൈവര്‍മാരുടെയും നിയമനത്തിലെ ക്രമക്കേടുകള്‍ ചൂണ്ടിക്കാട്ടിയായിരുന്നു കേസെടുത്തത്.

നേരത്തെ മൂന്ന് തവണ നല്‍കിയ ജാമ്യാപേക്ഷയും കോടതി തള്ളിയിരുന്നു. പിന്നാലെ ചെന്നൈ ഹൈക്കോടതിക്ക് നല്‍കിയ മെഡിക്കല്‍ ജാമ്യവും തള്ളിയിരുന്നു. പിന്നാലെയാണ് സുപ്രീം കോടതിക്ക് ജാമ്യാപേക്ഷ നല്‍കിയത്.

Content Highlight: FORMER THAMILNADU MINISTER SENTHIL BALAJI GRANTED BAIL IN MONEY LAUNDERING CASE